തിരുവനന്തപുരം: എംഎ‍ൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന സ്പീക്കറുടെ റൂളിംഗിന് പുല്ലിവില കൽപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മറുപടി ലഭിക്കാത്തത്. ബുധനാഴ്ച സഭയിൽ ഉന്നയിച്ച 165 ചോദ്യങ്ങളിൽ വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ആഭ്യന്തര വകുപ്പ് മറുപടി നൽകിയില്ല.

ജിഷ കേസ്, ടി.പി സെൻകുമാർ വിഷയം, ലാവലിൻ കേസ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് മറുപടി ലഭിക്കാതിരുന്നത്. വിവരങ്ങൾ ശേഖരിച്ചുവരുന്നു എന്ന മറുപടിയാണ് പല ചോദ്യങ്ങൾക്കും ലഭിച്ചത്. ലഭിച്ച മറുപടികൾ പലതും കൃത്യമല്ലെന്നും സമാജികർക്ക് പരാതിയുണ്ട്.

ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കഴിഞ്ഞ ദിവസം റൂളിങ് നൽകിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് അഭിപ്രായപ്പെട്ട സ്പീക്കർ ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ ചോദ്യങ്ങൾക്കും അംഗങ്ങൾക്ക് ഈമാസം 25 നകം കൃത്യമായ മറുപടി ലഭിക്കുമെന്ന ഉറപ്പും സ്പീക്കർ സഭയിൽ നൽകിയിരുന്നു.

എന്നാൽ റൂളിങ്ങിനുശേഷവും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിൽ അലംഭാവം തുടരുന്നുവെന്നാണ് പരാതി. നിയമസഭാ സമ്മേളനം തുടങ്ങിയശേഷമുള്ള 616 ചോദ്യങ്ങൾക്കാണ് ഇനിയും മറുപടി ലഭിക്കാനുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ കഴിഞ്ഞ ദിവസം വിഷയത്തിൽ ഇടപെട്ടത്. എന്നാൽ സ്പീക്കറുടെ റൂളിങ് അംഗീകരിക്കാനോ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനോ മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പ് തന്നെ തയാറാകത്തതും ശ്രദ്ധേയമാണ്.