- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയം; പ്രവർത്തനം ചുരുക്കുമ്പോൾ സ്ഥാപനങ്ങളിൽ ആൾക്കൂട്ടമുണ്ടാകുന്നു; ഗുണത്തേക്കാൾ ദോഷം ചെയ്യമെന്ന് ഐഎംഎ; ആഴ്ചയിൽ എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളും തുറക്കണമെന്ന് ഡോക്ടർമാരുടെ സംഘടന
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമെന്ന് ഐഎംഎ. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളത്. ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോൾ അവിടങ്ങളിൽ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ആൾക്കൂട്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിൽ വിള്ളലുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു. കുറച്ചു സമയം മാത്രം തുറന്നിരിക്കുമ്പോൾ കൂടുതൽ ആൾക്കാർ കൂട്ടം കൂടുന്ന അവസ്ഥ സംജാതമാകും. ഇതെല്ലാം രോഗവ്യാപനം കൂട്ടുന്ന പ്രക്രിയകൾ ആയി മാറുകയാണെന്ന് ഐഎംഎ പറയുന്നു.
ആഴ്ചയിൽ എല്ലാ ദിവസവും വ്യാപാരസ്ഥാപനങ്ങൾ തുറക്കണമെന്നാണ് ഐഎംഎ പറയുന്നത്. ബാങ്കുകളും ഓഫീസുകളും തുറക്കണമെന്നും ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. നിലവിലെ സമയ ക്രമീകരണവും അശാസ്ത്രീയമാണ്, വ്യാപാരസ്ഥാപനങ്ങൾ കൂടുതൽ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടതെന്നാണ് നിർദ്ദേശം.
ലോക്ക് ഡൗൺ നയം ശാസ്ത്രീയമായി പുനരാവിഷ്കരിക്കണമെന്നും ശക്തമായ ബോധവൽക്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സർക്കാരും പൊതുസമൂഹവും ഏറ്റെടുത്തേ മതിയാകൂ. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളും ആണ് ഇനി വേണ്ടത്. കോവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ വർഷം കൂടെ തുടർന്നു പോകും, അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ തന്നെ വേണം. ഐഎംഎ പറയുന്നു.
ടെസ്റ്റിംഗിന്റെ കാര്യത്തിലും കാര്യമായ മാറ്റം വേണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്. കമ്മ്യൂണിറ്റി ടെസ്റ്റിങ് പോസിറ്റീവ് ആയ രോഗികളെ കണ്ടെത്തുന്നതിന് ഉതകുന്ന രീതിയിൽ അല്ലെന്നും കോൺടാക്ട് ട്രേസിങ് ടെസ്റ്റിങ് ആണ് ആവശ്യമായിട്ടുള്ളതെന്നുമാണ് ഐഎംഎ നിർദ്ദേശം. ഹോം ഐസലേഷൻ പരാജയമാണെന്നും വീടുകൾ ക്ലസ്റ്ററുകൾ ആകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും കമ്മ്യൂണിറ്റി ലിവിങ് സെന്ററും വ്യാപിപ്പിച്ചു കൊണ്ട് പോസിറ്റീവായവരെ മാറ്റി പാർപ്പിച്ചാൽ മാത്രമേ വീടുകളിലെ ക്ലസ്റ്റർ ഫോർമേഷനും രൂക്ഷ വ്യാപനവും തടയാൻ സാധിക്കുകയുള്ളൂവെന്നാണ് ഐഎംഎയുടെ പക്ഷം. പോസിറ്റീവ് ആയവരെ ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കാത്ത സാഹചര്യം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു
മറുനാടന് മലയാളി ബ്യൂറോ