മനാമ:പ്രമുഖ മാധ്യമ പ്രവർത്തകൻ ജോമോൻ കുരിശിങ്കലിന്റെ അകാല വിയോഗം മലയാളി പ്രവാസി സമൂഹത്തിനും മാധ്യമ ലോകത്തിനും തീരാനഷ്ടമാണെന്ന് കേരള മീഡിയാ ഫോറം (കെ എം എഫ്) സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സ്മരണകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച യോഗം ജോമോന്റെ നിർധന കുടുംബത്തെ സഹായിക്കാൻ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചു. യോഗത്തിൽ ജലീൽ അബ്ദുള്ള (ഗൾഫ് മാധ്യമം) അധ്യക്ഷത വഹിച്ചു. അനസ് യാസിൻ (ദേശാഭിമാനി) അനുശോചന പ്രമേയം അവതരിപ്പിച്ചു. മാധ്യമ മേഖലയിൽ വരുന്ന എല്ലാ സാങ്കേതിക, ബൗദ്ധിക വളർച്ചകളെയും ഉൾക്കൊള്ളാനും അതിനൊത്ത് വളരാനുമായി കഠിന പ്രയത്നം നടത്തിയ മാധ്യമ പ്രവർത്തകനായിരുന്നു ജോമോനെന്ന് അനുശോചന പ്രമേയത്തിൽ സൂചിപ്പിച്ചു. കാമറാമാൻ, ഫോട്ടോഗ്രാഫർ, വീഡിയോ എഡിറ്റർ എന്നിങ്ങനെ വിവിധ മേഖലകളിലും ജോമോൻ വൈദഗ്ധ്യം പുലർത്തി.

കൂടുതൽ കാര്യങ്ങൾ സ്വപ്രയത്നത്താൽ ആർജിച്ചെടുക്കാനുള്ള ആവേശം മാധ്യമ പ്രവർത്തനമെന്ന മേഖലയോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥതയെയാണ് വെളിവാക്കിയിരുന്നതെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി അനുസ്മരിച്ചു. ബഹ്റൈനിൽ ഒരു സ്റ്റൂഡിയോയിൽ ജീവനക്കാരനായി എത്തി, തുടർന്ന് സ്വപ്രയത്നത്താലാണ് ഒരു മാധ്യമ പ്രവർത്തകനായി ജോമോൻ വളർന്നു വന്നതെന്നും, തുച്ചമായ ശമ്പളത്തിന് ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് കൈത്താങ്ങാവാൻ ബഹ്റൈൻ പൊതുസമൂഹവും കൂട്ടായ്മകളും മുന്നോട്ടു വരണമെന്നും കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അഭ്യർത്ഥിച്ചു. പത്രപ്രവർത്തനത്തോടൊപ്പം പൊതുരംഗത്തും ജനകീയ വിഷയങ്ങൾക്കായി സജീവമായി നിലനിന്ന ജോമോൻ എല്ലാ മേഖലകളിലും വിശാലമായ സൗഹൃദത്തിന് ഉടമയായിരുന്നുവെന്ന് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ അഭിപ്രായപ്പെട്ടു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ജോമോന്റെ നിരാലംബമായ കുടുംബത്തെ സഹായിക്കാൻ മുന്നോട്ട് വന്ന ബഹ്റൈനിലെ മലയാളി പ്രവാസി സമൂഹത്തെ യോഗം ഐകകണ്ഠ്യേന അഭിനന്ദിച്ചു.

ജോമോന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഐ സി ആർ എഫ് ചെയർമാൻ അരുൾദാസ്, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഒ ഐ സി സി പ്രസിഡന്റ് ബിനു കുന്നന്താനം, കെ എം സി സി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, പ്രതിഭ സെക്രട്ടറി ലിവിൻ കുമാർ, സമസ്ത സെക്രട്ടറി അബ്ദുൽ വാഹിദ്, ബഹ്‌റൈൻ മീഡിയാ സിറ്റി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, അബ്രഹാം ജോൺ, സുധീർ തിരുനിലത്ത്, ജോൺ ഐപ്പ്, സേവി മാത്തുണ്ണി, നാസർ മഞ്ചേരി, സുരേഷ് കാലടി, ജഗത്, റഫീഖ് അബ്ദുല്ല, ശ്രീജ ശ്രീധരൻ, അഷ്‌റഫ് കാട്ടിൽപീടിക, റഷീദ്, സലാം അമ്പാട്ടുമൂല തുടങ്ങിയവർ സംസാരിച്ചു.

മാധ്യമ പ്രവർത്തകരായ അശോക് കുമാർ (മാതൃഭൂമി ന്യൂസ്), സിറാജ് പള്ളിക്കര, ആന്റണി (മീഡിയാ വൺ), കെടി നൗഷാദ് (ഏഷ്യാനെറ്റ് ന്യൂസ് വെബ്), മുഹമ്മദ് ഷാഫി, ഹാരിസ് (ബഹ്റൈൻ വാർത്ത), ബേസിൽ നെല്ലിമറ്റം (മറുനാടൻ മലയാളി), രാജീവ് വെള്ളിക്കോത്ത് (ഗ്രീൻ കേരള ന്യൂസ്) തുടങ്ങിയവർ സംസാരിച്ചു.