നമ്മുടെ മന്ത്രിമാരെല്ലാം തീരാ രോഗികളാണോ? ധനമന്ത്രി ചികിത്സക്കായി കൈപ്പറ്റിയത് 13 ലക്ഷം; പത്ത് ലക്ഷം കൈപ്പറ്റി ചെലവുകളിൽ മുമ്പനെന്ന് സ്ഥിരീകരിച്ച് മുനീർ; ഗണേശും കൈപറ്റി അഞ്ച് ലക്ഷം
തിരുവനന്തപുരം: ശമ്പളത്തിനും ആനുകൂല്യത്തിനും പുറമേ നമ്മുടെ മന്ത്രിമാർക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് വ്യക്തമായി ജനങ്ങൾക്ക് യാതൊരു ധാരണവുമായില്ല. അത്യാവശ്യം ആഡംബര ജീവിതം നയിക്കാൻ സാധിക്കുന്ന വിധത്തിലാണ് സംവിധാനങ്ങൾ എന്ന് മാത്രം എല്ലാവർക്കും അറിവുള്ളതാണ്. ചികിത്സാ ആനുകൂല്യങ്ങൾ എന്ന പേരിൽ ലക്ഷങ്ങളാണ് മന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ശമ്പളത്തിനും ആനുകൂല്യത്തിനും പുറമേ നമ്മുടെ മന്ത്രിമാർക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് വ്യക്തമായി ജനങ്ങൾക്ക് യാതൊരു ധാരണവുമായില്ല. അത്യാവശ്യം ആഡംബര ജീവിതം നയിക്കാൻ സാധിക്കുന്ന വിധത്തിലാണ് സംവിധാനങ്ങൾ എന്ന് മാത്രം എല്ലാവർക്കും അറിവുള്ളതാണ്. ചികിത്സാ ആനുകൂല്യങ്ങൾ എന്ന പേരിൽ ലക്ഷങ്ങളാണ് മന്ത്രിമാർ വേറെയും കൈപ്പറ്റുന്നത്. ഇങ്ങനെയുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ മന്ത്രിമാരുടെ കൂട്ടത്തിൽ ചികിത്സാ ആനുകൂല്യത്തിന്റെ പേരിൽ ലക്ഷങ്ങൾ വാങ്ങിയവരിൽ മുമ്പൻ ധനമന്ത്രി കെ എം മാണിയാണ്. 1365945 രൂപയാണ് മാണി വാങ്ങിയത്. മറ്റെല്ലാക്കാര്യത്തിലും എന്നത് പോലെ എം കെ മുനീറും ഇക്കാര്യത്തിലും കുറവു വരുത്തിയില്ല. പത്ത് ലക്ഷം രൂപയാണ് മുനീർ കൈപ്പറ്റിയത്. മന്ത്രിമാർ 77 ലക്ഷം രൂപയാണ് ചികിത്സക്കായി ചിലവഴിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും മെഡിക്കൽ റീഇംപേഴ്സ്മെന്റ് ഇനത്തിൽ കൈപ്പറ്റിയത് 77,73,142 രൂപ. കൂടുതൽ തുക കൈപ്പറ്റിയത് ധനമന്ത്രി കെ.എം.മാണി. -1365945 രൂപ. ഉമ്മൻ ചാണ്ടി 62342, എം.കെ.മുനീർ-981629, സി.എൻ. ബാലകൃഷ്ണൻ-801549, രമേശ് ചെന്നിത്തല-728131, ടി.എം.ജേക്കബ്-641063, കെ.ബി. ഗണേശ്കുമാർ-516273, ആര്യാടൻ മുഹമ്മദ് -466221, വി.കെ.ഇബ്രാഹിംകുഞ്ഞ് -453715, തിരുവഞ്ചൂർ രാധാകൃഷ്ണൻ -418875, എ.പി. അനിൽകുമാർ - 399733, കെ.സി. ജോസഫ്-354073, പി.കെ.അബ്ദുറബ-്187201, മഞ്ഞളാംകുഴി അലി-171083, പി.ജെ.ജോസഫ്-168418, കെ.പി.മോഹനൻ-25962, കെ.ബാബു-18149, വി എസ്. ശിവകുമാർ-18782. അതേസമയം മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, പി.കെ.ജയലക്ഷ്മി എന്നിവർ തുക കൈപ്പറ്റിയിട്ടില്ല.
എന്നാൽ മന്ത്രിമാരെക്കാർ ഇക്കാര്യത്തൽ മുമ്പന്മാർ എംഎൽഎമാരാണ്. ഇക്കാര്യത്തിൽ മുമ്പൻ കണക്കുകുകൾ പ്രകാരം 45 കോടിയിൽ അധികം ആസ്തിയുള്ള വ്യവസായിയായ തോമസ് ചാണ്ടി എംഎൽഎയാണ്. 1,91, 14,366 രൂപയാണ് തോമസ് ചാണ്ടി എംഎൽഎ ചികിത്സക്ക് വേണ്ടി ചെലവാക്കിയത്. ഇക്കാര്യം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറിലും കോടികൾ ലാഭം കൊയ്തും ജീവിക്കുന്ന എൻസിപി എംഎൽഎ സർക്കാരിന്റെ പണം കൊണ്ട് ചികിത്സിക്കാൻ വിദേശരാജ്യങ്ങളിലേക്ക് പോവുകയായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രി,അമേരിക്കയിലെ ക്യാൻസർ സെന്റർ എന്നിവിടങ്ങളിലാണ് തോമസ് ചാണ്ടി എംഎൽഎ കഴിഞ്ഞ നാലു വർഷത്തിനിടെ ചികിത്സ തേടിയത്. വിദേശത്തെ ആശുപത്രിയിൽ മാത്രം ചെലവായത് ഒരു കോടിയിലേറെ രൂപയാണ്.
സംസ്ഥാനത്തിന് പുറത്തും വിദേശത്തുമാണ് മിക്ക എംഎൽഎമാരും ചികിത്സയെടുക്കുന്നതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ നേരത്തെ പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സൗജന്യചികിത്സ ജനപ്രതിനിധികൾക്ക് ലഭിക്കുമെന്നിരിക്കെയാണ് അതൊഴിവാക്കി സ്വകാര്യആശുപത്രികളിൽ ചികിത്സതേടുന്നത്. ജനപ്രതിനിധികളുടേയും ബന്ധുക്കളുടേയും ചികിത്സയ്ക്കായി കഴിഞ്ഞ നാല് വർഷത്തിനിടെ സർക്കാർ മൊത്തം ചെലവിട്ടത് 4,26,11,825 രൂപയാണ്.
സർക്കാർ ആശുപത്രികളിൽ ജനപ്രതിനിധികൾക്ക് സൗജന്യചികിത്സ ലഭ്യമാണെന്നിരിക്കെയാണ് ഈ കോടികളുടെ അധികബാധ്യത. ചികിത്സാചെലവിനത്തിൽ 5 പൈസപോലും കൈപറ്റാത്ത 8 എംഎൽഎമാരും സഭയിലുണ്ട്. അബ്ദുറഹ്മാൻ രണ്ടത്താണി, കെ.എം ഷാജി, കെ അച്യുതൻ, സി കൃഷ്ണൻ, സി മമ്മുട്ടി, ടി.എ അഹമ്മദ് കബീർ, എൻ ഷംസുദ്ധീൻ, പി ഉബൈദുള്ള എന്നിവരാണ് സർക്കാരിൽ നിന്ന് ചികിത്സാചെലവ് കൈപറ്റാത്തവർ.
ജനപ്രതിനിധികൾക്ക് ചികിത്സാചെലവിനത്തിൽ കൈപറ്റാവുന്ന തുകയ്ക്ക് പരിധിയില്ല. മാത്രവുമല്ല സമർപ്പിക്കുന്ന ക്ലെയിമുകളും കാര്യമായി പരിശോധിക്കാറുമില്ല. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോളും മെഡിക്കൽ ഇൻഷൂറൻസ് വഴി എംഎൽഎ മാരുടെ ചികിത്സാചെലവിന്റെ അധികബാധ്യതയിൽ നിന്ന് ഒഴിവാകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത.