യാത്രാചെലവിനത്തിൽ കോടികൾ ധൂർത്തടിക്കുന്ന ഭാരതത്തിലെ എം പി മാരിൽ സി പിഎം അംഗങ്ങൾ മുൻപന്തിയിൽ. വിവരാകാശ നിയമപ്രകാരം പുറത്തു വന്ന വാർത്താ വിവാദത്തിന്റെ വിശദശാംശങ്ങൾ ഒന്ന് പരിശോധിക്കാം. ശമ്പളവും , മറ്റു ആനുകൂല്യങ്ങളും ഉൾപ്പടെ 140000 (ഒരു ലക്ഷത്തി നാൽപ്പതിനായിരം) രൂപ മാസ വരുമാനമായി നമ്മുടെ പാർലിമെന്റ്‌റ് അംഗംങ്ങൾക്ക് ലഭിക്കുന്നതിന്റെ ഇനം തിരിച്ചുള്ള കണക്കുകൾ ഇങ്ങിനെയാണ്,-- (ശമ്പളം - 50000, മണ്ഡലം അലവൻസ് - 45000, ഓഫീസ് ചെലവ്-15000 , സെക്രട്ടറിയുടെ ശമ്പളം - 30000 ). ഇതിൽ സെക്രട്ടറി ചെലവ്ക്കായുള്ള - 30000 രൂപയും, ഓഫീസ് ചെലവിലേക്കുള്ള -15000 രൂപയും പ്രസ്തുത ആവശ്യങ്ങൾക്കായി ഇവർ ചിലവഴിക്കുന്നു എന്ന് നമ്മൾ കരുതുമ്പോഴും , അത് കിഴിച്ചിട്ടുള്ള ബാക്കി 95000 രൂപ കൃത്യമായി ഇവരുടെ പോക്കറ്റിലേക്ക് പോകും. ഇതിന് പുറമെ പാർലിമെന്റ്‌റ് കൂടുന്ന ദിവസങ്ങളിൽ ഹാജർ ഉണ്ടായാൽ 2000 രൂപ ദിവസ കൂലിയിനത്തിലും ലഭിക്കും . ഒരു വർഷം 80 ദിവസമാണ് പാർലിമെന്റ് കൂടുന്നത് എന്ന കണക്ക് വിലയിരുത്തുമ്പോൾ ആ ഇനത്തിൽ 160000 രൂപയും വർഷ വരുമാനമായി ലഭിക്കും.

ഇനി,ഇവരുടെ യാത്രാ സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം, ഒരു വർഷം 34 വിമാന ടിക്കറ്റുകൾ, ഫസ്റ്റ് ക്ലാസ്സ് എക്സികുട്ടീവ് ക്ലാസ്സ്, ട്രെയിൻ യാത്രകൾക്ക് പരിമിതികൾ ഇല്ല. റോഡ് ഗാതാഗതത്തിന് ഒരു കിലോമീറ്ററിന് 16 രൂപയും ലഭിക്കും. ഇതിൽ ട്രെയിൻ ടിക്കറ്റുകൾ എം പി പാസ്സ് ഉപയോഗിച്ച് സൗജന്യമായി ലഭിക്കുമ്പോൾ, വിമാന ടിക്കറ്റുകൾക്കും , റോഡ് ഗതാഗത ചെലവ്ക്കും, പണം സ്വന്തമായി ചെലവാക്കുകയും, പിന്നീട് യാത്രാ രേഖകൾ, സർക്കാരിൽ, സമർപ്പിച്ച് തിരികെ മേടിക്കുകയും ചെയ്യന്നു. ഒറ്റ നോട്ടത്തിൽ ഈ ഏർപ്പാട് വളരെ സുതാര്യമാണെന്ന് നമ്മൾക്ക് തോന്നുമെങ്കിലും , ഇതിൽ ഒരു തട്ടിപ്പ് ഒളിഞ്ഞിരുപ്പുണ്ടെന്ന യാഥാർത്ഥ്യം മറന്ന് പോകരുത്. അതായത് യാത്ര ചിലവുകളുടെ 25 ശതമാനം യാത്രാബത്ത( DA ) ഇവർക്ക് അർഹതപ്പെട്ടതാണ്. എന്ന് പറയുമ്പോൾ തിരുവനന്തപുരത്തു നിന്നും ഡൽഹിയിൽ പോയി വരാൻ മുടക്കുന്ന വിമാന ടിക്കറ്റ് വിലയുടെ 25 ശതമാനം സ്വന്തം പോക്കറ്റിലേക്ക് പോകുമെന്ന് ചുരുക്കം.

ഇപ്പോൾ പൊന്തിവന്ന യാത്രാ ചെലവ് വിവാദത്തിലെ വില്ലൻ മുകളിൽ വിശദീകരിച്ച 25 ശതമാനം യാത്രാബത്ത( DA ) ആണെന്ന് നമ്മൾ തിരിച്ചറിയുക. പാർലിമെന്റ്‌റ് സമ്മേളനത്തിൽ പങ്കെടുക്കുവാനും , പാർലിമെന്റ്ററി സമിതിയിൽ അംഗങ്ങളായുള്ളവർ അതാത് മീറ്റിംഗുകളിൽ പങ്കെടുക്കുവാനും വേണ്ടിയാണ് എം പി മാർക്ക് യാത്രാ സൗകര്യങ്ങൾ അനുവദിക്കുന്നത്. ദിവസങ്ങൾക്ക് മുൻപേ തീയതി നിച്ഛയിക്കുന്ന ഇത്തരം മീറ്റിങ്ങുകൾക്ക് എം പി പാസ്സ് ഉപയോഗിച്ച് ട്രെയിനിൽ ഫസ്റ്റ്, എക്സികുട്ടീവ് ക്ളാസ്സുകളിൽ യാത്ര ചെയ്യാമെന്നിരിക്കെ ഇവർ വിമാനത്തിൽ തന്നെ യാത്ര ചെയ്യാൻ ശഠിക്കുന്നതിന്റെ പിന്നിലെ തട്ടിപ്പ് ആഴത്തിൽ പരിശോധിക്കാം.

ഭാരതത്തിൽ എവിടെനിന്നും ഡൽഹിയിൽ പോയി വരാൻ 13000 ത്തിനും 18000 രൂപയ്ക്കും ഇടയിൽ എക്കണോമി ക്ലാസ്സ് വിമാന ടിക്കറ്റുകൾ ലഭ്യമാണ്. ചില റൂട്ടുകളിൽ ഈ നിരക്ക് 10000 ത്തിലും താഴെയാണെന്ന വസ്തുതയും നമ്മൾ മനസ്സിലാക്കണം. ഈ നിരക്കിൽ ടിക്കറ്റുകൾ കിട്ടാൻ, കുറഞ്ഞ പക്ഷം പത്തു ദിവസം മുൻപെങ്കിലും ബുക്ക് ചെയ്യണമെന്ന സാമാന്യ അറിവുള്ള നമ്മുടെ പല എം പി മാരും അവസാന മണിക്കൂറിൽ ബിസിനസ്, ഫസ്റ്റ് ക്ളാസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നു. തൽഫലമായി ഏകദേശം അഞ്ചു മടങ്ങോ അതിൽ കുടതലൊ ആയ നിരക്കുകൾ ഇവർ കൊടുക്കേണ്ടതാണ് വരുന്നു. ഉദാഹരണത്തിന് തൃണമൂൽ കോൺഗ്രസിന്റെ ഒരു എം പി ,ബോംബയിൽ നിന്നും ഡൽഹിയിൽ പോയി വരാൻ 99000 രൂപ ഒരു ടിക്കറ്റിനായി ചിലവഴിച്ചപ്പോൾ, ചെന്നൈയിൽ നിന്നും , ഡൽഹിയിൽ പോയി വരാൻ ഡി എം കെ അംഗം ചെലവാക്കിയത് 85000 രൂപ !

ഈ ധൂർത്ത് മനപ്പൂർവ്വമല്ല എന്ന് ആണയിടുന്ന ഇവരുടെ യഥാർത്ഥ ലക്ഷ്യം, യാത്ര ചിലവുകളുടെ 25 ശതമാനം ആയി കിട്ടുന്ന യാത്രാബത്ത( DA ) എന്ന ഭീമമായ തുകയാണെന്ന് നമ്മൾ മനസ്സിലാക്കുക. എന്ന് പറയുമ്പോൾ,99000 രൂപയ്ക്ക് ടിക്കെറ്റ് എടുത്ത തൃണമൂൽ എം പി 24750 രൂപയും,85000 രൂപയ്ക്ക് ടിക്കറ്റ് എടുത്ത ഡി എം കെ അംഗം 21250 രൂപയും, 25 ശതമാനം യാത്രാ ബദ്ധ( DA) ഇനത്തിൽ അടിച്ചു മാറ്റി എന്ന് മനസ്സിലായല്ലോ?

ഒരു പക്ഷെ പത്ത്, ദിവസം മുൻപേ, ഈ രണ്ടു എം പി മാരും ,എക്കണോമി ക്‌ളാസിൽ വിമാന ടിക്കറ്റ് എടുത്തിരുന്നുവെങ്കിൽ കൊടുക്കേണ്ടി വരുന്ന 18000 രൂപയുടെ 25 ശതമാനം യാത്രാബത്ത( DA ) അതായത് 4500 രുപയിൽ നിന്നും ഒറ്റയടിക്ക് 20000 ത്തിന് മുകളിൽ അടിച്ചു മാറ്റുന്ന , തട്ടിപ്പുകൾക്ക് മുൻപന്തിയിൽ നമ്മുടെ സി പി എം, എം പി മാരും ഉൾപ്പെട്ടത് അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗം വിലയിരുത്തുക

ഇത്തരം ധുർത്തിന്റെ പിന്നിൽ സി പി എം അംഗങ്ങൾ മാത്രമല്ലന്ന യാഥാർഥ്യം നില നിൽക്കുമ്പോഴും , ഈ വിവാദത്തെ സി പി എം പാർലെമെന്റ്റ് അംഗങ്ങൾ തള്ളിക്കളഞ്ഞതായും, അവർ ഈ വിഷയം ഉന്നയിച്ച് ലോക സഭാ സ്പീക്കർക്ക് പരാതി കൊടുക്കുവാൻ പോകുന്നു എന്നുമുള്ള വാർത്തകൾ വന്ന സ്ഥിതിക്ക് ഇവരിൽ ചിലരുടെ യാത്രാ ചിലവുകളിൽ കൂടി ഒന്ന് കണ്ണോടിക്കേണ്ടത് അനിവാര്യമെന്ന് തോന്നുന്നു.

യാത്രാ ,യാത്രാബത്ത( DA ) ചെലവിനത്തിൽ, എം ബി രാജേഷ് 30 ലക്ഷം, പി കെ ശ്രീമതി , 32 ലക്ഷം , സമ്പത്ത് 38 ലക്ഷം രുപ ഒരു വർഷം കൈപ്പറ്റിയ തുകയിൽ നിന്നും 25 ശതമാനം യാത്രാബത്ത( DA ) വേർ പെടുത്തുമ്പോൾ, യഥാക്രമം, ആറ് ലക്ഷം, ആറ് ലക്ഷത്തി നാൽപ്പതിനായിരം, ഏഴു ലക്ഷത്തി അറുപതിനായിരം രൂപ ഇവർ ഓരോരുത്തരും യാത്രാബത്ത( DA ) ഇനത്തിൽ കൈപ്പറ്റിയതായി കാണാം.

കേരളത്തിൽ നിന്നും ഡൽഹിയിൽ പോയി വരാൻ ഒരു വർഷം അനുവദിച്ചിട്ടുള്ള 34 ടിക്കറ്റുകൾ ഇവർ ഉപയോഗിച്ചു എന്ന് അനുമാനിക്കുമ്പോൾ, ഏകദേശം , എം ബി രാജേഷ് 70500 , പി കെ ശ്രീമതി 75000 , സമ്പത്ത് 89000 , രുപ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിൽ പോയിവരാൻ വിമാന ടിക്കറ്റിനായി ചെലവാക്കിയാതായി കണക്കുകൾ പറയുന്നു. അതായത് 18000 രൂപയിൽ താഴെ വിലയുള്ള ടിക്കറ്റുകൾ ഉയർന്ന നിരക്കിൽ മേടിക്കുന്നതിന്റെ പിന്നിലെ രഹസ്യം , ധൈര്യമുണ്ടങ്കിൽ ബഹുമാനപ്പെട്ട എം പി മാരെ നിങ്ങൾ പൊതു സമൂഹത്തോട് വിശദീകരിക്കുക. പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള , എയർ പോർട്ട് ലൗഞ്ചുകളിലെ സൗജന്യ വിശ്രമവും കഴിഞ്, മഹാരാജാ ക്ലാസിൽ യാത്ര ചെയ്യുന്ന എം പി മാർക്ക്, 25 ശതമാനം യാത്രാബത്ത( DA ) കൂടി കൊടുക്കുന്ന ഈ ധൂർത്ത് അവസാനിപ്പിച്ചാൽ ഈ കൊടും തട്ടിപ്പിന് ഒരു പരിഹാരം ആകും എന്ന് പ്രതീക്ഷിക്കാം.

മേൽപ്പറഞ്ഞ ആഡംബര സൗകര്യങ്ങൾക്ക് പുറമെ, ഡൽഹിയിലെ താമസം , ചികിത്സാ ചെലവ് എല്ലാം സർക്കാർ വഹിക്കുന്നു എന്ന വസ്തുതകളും നമ്മൾ മറന്ന് പോകരുത്. അഞ്ചു വർഷത്തെ പാർലിമെന്റ് ജീവിതം കഴിയുമ്പോൾ കോടികൾക്ക് മുകളിൽ സമ്പാദ്യവും, പെൻഷനായി പടിയിറങ്ങുന്ന നമ്മുടെ എംപി മാരിൽ പലരും ഐ സി യു വിൽ പോകേണ്ട പ്രായത്തിലും പിന്നെയും പിന്നെയും തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങുന്നതിന്റെ പിന്നിലെ രഹസ്യം പൊതു സമൂഹം വിലയിരുത്തട്ടെ!