കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവിൽ സംസ്ഥാനത്ത് വിശ്വാസികൾ ഇന്ന് ഈദുൽഫിത്തർ ആഘോഷിക്കുന്നു. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്‌കാരവും പ്രത്യേക പ്രാർത്ഥനയും തുടങ്ങി. ഒരു മാസക്കാലത്തെ റംസാൻ വ്രതം പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്.

ഒരു മാസക്കാലം അന്നപാനീയങ്ങൾ വെടിഞ്ഞ് ശരീരത്തെയും മനസ്സിനെയും ദൈവത്തിലർപ്പിച്ച വിശ്വാസികളുടെ ആഘോഷമാണ് ചെറിയ പെരുന്നാൾ. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ആഘോഷത്തിന്റെ നിറവിലാണ് എങ്ങും വിശ്വാസികൾ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഈദ് ഗാഹും ഒരുങ്ങിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പെരുന്നാൾ നമസ്‌ക്കാരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുക്കും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൾ ഇന്നലെയായിരുന്നു ചെറിയ പെരുന്നാൾ.

അതേ സമയം ഇസ്രയേൽ ഭീകരതയിൽ പിടഞ്ഞുവീഴുന്ന പിഞ്ചുകുഞ്ഞുങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആഘോഷങ്ങളിൽ മിതത്വം പാലിക്കാൻ ഒട്ടേറെ മുസ്ലിം കൂട്ടായ്മകൾ ആഹ്വാനംചെയ്തിട്ടുണ്ട്.