- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളനവോത്ഥാനവും യുക്തിചിന്തയും
ശ്രീ കുട്ടിച്ചാത്തനറിവാൻ, ഈ കത്തു കൊണ്ടുവരുന്ന പെരയ്‌രായുടെ വീട്ടിൽ മേലാൽ യാതൊരുപദ്രവവും ചെയ്യരുത്. എന്ന്, നാരായണഗുരു. ആധുനികതയുടെ സാംസ്‌കാരിക പദ്ധതികളിൽ ശാസ്ത്രവാദം, യുക്തിചിന്ത, വ്യക്തിബോധം തുടങ്ങിയവയ്ക്കുള്ള പ്രാധാന്യം ഏറെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞതാണ്. പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം സംഭവിച്ച യൂറോ-അമേരിക്കൻ നവോത്ഥാന, നവീകരണ,
ശ്രീ കുട്ടിച്ചാത്തനറിവാൻ,
ഈ കത്തു കൊണ്ടുവരുന്ന പെരയ്‌രായുടെ വീട്ടിൽ മേലാൽ യാതൊരുപദ്രവവും ചെയ്യരുത്.
എന്ന്, നാരായണഗുരു.
ആധുനികതയുടെ സാംസ്‌കാരിക പദ്ധതികളിൽ ശാസ്ത്രവാദം, യുക്തിചിന്ത, വ്യക്തിബോധം തുടങ്ങിയവയ്ക്കുള്ള പ്രാധാന്യം ഏറെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞതാണ്. പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം സംഭവിച്ച യൂറോ-അമേരിക്കൻ നവോത്ഥാന, നവീകരണ, ആധുനികതാ പ്രസ്ഥാനങ്ങൾക്ക് ഇതര ഭൂഖണ്ഡങ്ങളിൽ പത്തൊൻപതാം നൂറ്റാണ്ടുതൊട്ടുണ്ടായ പ്രതിധ്വനികളുടെ മുഖ്യ അടിപ്പടവുകളും മേല്പറഞ്ഞ മൂന്നു മണ്ഡലങ്ങളായിരുന്നു. വിദ്യാഭ്യാസം, ശാസ്ത്രഗവേഷണം, ഭാഷാ-സാഹിത്യമുന്നേറ്റങ്ങൾ, അച്ചടി, വായന, സാങ്കേതികവിപ്ലവം, ബഹുജനമാദ്ധ്യമങ്ങൾ തുടങ്ങിയവയ്ക്കു മുന്നിലും പിന്നിലും നിന്ന് ഇവ നടത്തിയ സാംസ്‌കാരിക ഇടപെടലുകളുടെ പേരാണ് ആധുനികത എന്നതുതന്നെ. സ്ത്രീപുരുഷസമത്വം, വംശ-ജാതി വിവേചനങ്ങളുടെ വിമർശനം, മതേതരത്വം, ജനാധിപത്യം, ദേശീയത തുടങ്ങിയവ അതിന്റെ രാഷ്ട്രീയ ഫലങ്ങളും. ഇവയ്‌ക്കെല്ലാം ആധാരമായി നിലനിന്ന ലോകബോധത്തിന്റെയും പ്രകൃതിവീക്ഷണത്തിന്റെയും ജൈവരാഷ്ട്രീയത്തിന്റെയും വിളിപ്പേരാകുന്നു, യുക്തിചിന്ത എന്നത്.
കിഴക്കും പടിഞ്ഞാറും ഒരുപോലെതന്നെ പ്രാചീനകാലംതൊട്ടു പ്രചരിച്ചുവന്ന നിരീശ്വരവാദ (atheism)ത്തിന്റെ മറ്റൊരു പേരല്ല യുക്തിചിന്ത. നിരീശ്വരവാദം ഈശ്വരന്റെ അസ്തിത്വത്തെ നിരാകരിക്കുന്ന നിലപാടു മാത്രമാണെങ്കിൽ യുക്തിചിന്ത (rationalism) ജീവിതത്തിന്റെയും അറിവുകളുടെയും പ്രപഞ്ചബോധത്തിന്റെ തന്നെയും മുഴുവൻ മണ്ഡലങ്ങളെയും കുറിച്ചുള്ള കാര്യ-കാരണ ബദ്ധമായ അന്വേഷണബുദ്ധിയാണ്. ഈശ്വര-നിരീശ്വരവാദങ്ങൾക്കൊരുപോലെ ബാധകമാകുന്നതും ഭൗതിക-ആത്മീയ മാർഗങ്ങൾക്കൊരുപോലെ വെളിച്ചമേകുന്നതുമായ വിവേകത്തിന്റെ പേരാണത്. ഒരർഥത്തിൽ ഈശ്വരവിശ്വാസികൾക്കുപോലും യുക്തിവാദികളാകാം. അതേ അർഥത്തിൽ, യുക്തിവാദികൾ ഒന്നടങ്കം നിരീശ്വരവാദികളാകണമെന്നില്ല. നിരീശ്വരവാദികൾക്കാകട്ടെ യുക്തിവാദികളാകാതെ വയ്യ. എന്തായാലും ആധുനികതയുടെ മുഖമുദ്രകളായി കരുതപ്പെടുന്ന ശാസ്ത്രബോധം, മതേതരത്വം തുടങ്ങിയ പരികല്പനകളിലും യുക്തിചിന്തയുടെ സംവാദാത്മകമായ രാഷ്ട്രീയപ്രഭാവം നിലനിൽക്കുന്നു. പൊതുവിൽ ആധുനികതയുടെ രീതിപദ്ധതികളായി കരുതപ്പെട്ടുപോരുന്ന ഇവയിലോരോന്നിലും യുക്തിചിന്ത ഏറിയും കുറഞ്ഞും പ്രവർത്തിക്കുന്നുവെന്നതാണ് യാഥാർഥ്യം.
കേരളീയനവോത്ഥാനത്തിന്റെ പ്രമുഖങ്ങളായ ആശയ-പ്രയോഗ രംഗങ്ങൾ മിക്കതും ആധുനിക യുക്തിചിന്തയുടെ കളിയരങ്ങുകൾ കൂടിയാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നടപ്പായിത്തുടങ്ങിയ നാനാതുറകളിൽപെട്ട നവോത്ഥാനപ്രവർത്തനങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിച്ച ചിന്താബലം തന്നെയും 'യുക്തി'യായിരുന്നു. വിദ്യാഭ്യാസ, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക,സാമുദായിക, ലിംഗ, ജാതി, വർണ വ്യവസ്ഥകൾക്കെല്ലാമുള്ളിൽ സംജാതമായ പരിണാമഘടകങ്ങളുടെ ഗതികോർജവും മറ്റൊന്നായിരുന്നില്ല.
കേരളീയനവോത്ഥാനത്തെ യുക്തിചിന്തയുമായി ചേർത്തുവായിക്കുന്ന മുപ്പത്തഞ്ചു രചനകളുടെ സമാഹാരമാണ് ഈ പുസ്തകം, നാലുഭാഗങ്ങൾ. 'ജ്ഞാനോദയം' എന്ന ഒന്നാംഭാഗത്ത് നാരായണഗുരു മുതൽ പൊയ്കയിൽ അപ്പച്ചൻ വരെയുള്ള എട്ടുപേരുടെ രചനകൾ. 'യുക്തിചിന്താപഥം' എന്ന രണ്ടാംഭാഗത്ത് വി ടി ഭട്ടതിരിപ്പാട് മുതൽ എ.ടി. കോവൂർ വരെയുള്ള ഏഴുപേരുടെ രചനകൾ. 'വിചാരവിപ്ലവം' എന്ന മൂന്നാം ഭാഗത്ത് കുറ്റിപ്പുഴ കൃഷ്ണപിള്ള മുതൽ ഹമീദ് ചേന്നമംഗലൂർ വരെയുള്ള പതിനൊന്നു പേരുടെ രചനകൾ. 'കേരളീയ സ്വതന്ത്രചിന്ത' എന്ന നാലാം ഭാഗത്ത് കുട്ടികൃഷ്ണ മാരാർ മുതൽ രാജഗോപാൽ വാകത്താനം വരെയുള്ള എട്ടുപേരുടെ രചനകൾ.
കേരളീയ നവോത്ഥാനത്തിന്റെ ജ്ഞാനമാർഗങ്ങൾക്കു ബീജാവാപം ചെയ്ത ആശയധാരകളുടെ ക്രോഡീകരണമാണ് ഒന്നാംഭാഗത്തെ രചനകൾ. നാരായണഗുരു, സി.വി. കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ, എം.സി. ജോസഫ് (രണ്ടു രചനകൾ), സി. കേശവൻ, എംപി. വർക്കി, ഇ. മാധവൻ, പൊയ്കയിൽ അപ്പച്ചൻ എന്നിവരുടേത്.
ദൈവമുണ്ടോ ഇല്ലയോ, ഏകദൈവ വിശ്വാസമോ ബഹുദൈവ വിശ്വാസമോ ശരി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചല്ല നാരായണഗുരു ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം നവോത്ഥാന നായകർ ആധിപൂണ്ടിരുന്നത്. മനുഷ്യജീവിതത്തിൽ ഈ ദൈവങ്ങളും അവരുടെ പേരിൽ സൃഷ്ടിക്കപ്പെട്ട മതങ്ങളും ജാത്യാദി ആചാരങ്ങളും സ്ഥാപനങ്ങളും എന്തുചെയ്യുന്നു എന്നതിനെക്കുറിച്ചായിരുന്നു അവരന്വേഷിച്ചത്. നിരീശ്വരവാദികളാകട്ടെ, ദൈവാസ്തിത്വം നിരാകരിക്കുകയാണ് ദൈവകേന്ദ്രിതവും മതകേന്ദ്രിതവുമായ മുഴുവൻ വിപര്യങ്ങൾക്കുമുള്ള ഏക പരിഹാരം എന്നും വാദിച്ചു. ഇരുകൂട്ടരും ഐക്യപ്പെട്ടത് മനുഷ്യൻ യുക്തിയുള്ള മൃഗമാണ്, അതു വളർത്തിയെടുത്താൽ മാത്രമേ അവൻ മറ്റു മൃഗങ്ങളിൽ നിന്നു ഭിന്നരാകൂ എന്ന കാര്യത്തിലായിരുന്നു. നാരായണഗുരുവിന്റെ സംവാദങ്ങൾ നോക്കുക. മനുഷ്യൻ എന്തിന് യുക്തിയും ബുദ്ധിയും നെറിയും കരുണയുമുള്ള ജീവിതം നയിക്കണം എന്നതിനെക്കുറിച്ചാണദ്ദേഹം പറയുന്നത്. ഈശ്വരനോ മതമോ അല്ല, മനുഷ്യനാണ് മുഖ്യം.
മനുഷ്യന്റെ സയുക്തികമായ നിലനിൽപ്പും സഹജീവികളോടുള്ള മാനുഷികമായ പെരുമാറ്റവുമാണ് ജീവിതത്തിന്റെ മൂല്യം നിർണയിക്കുക. ഇതിന്റെ തന്നെ തുടർച്ചയാണ് സി.വി. കുഞ്ഞുരാമന്റെയും സഹോദരന്റെയും ചിന്തകൾ. ജാതിവിവേചനത്തിനും അയിത്തത്തിനുമെതിരെയുള്ള നിശിതമായ നിലപാടുകൾ. 'ഹിന്ദു' മത-ജാതി ഘടനകൾക്കുള്ളിൽ നിലനിൽക്കുന്ന യുക്തിരഹിതമായ നയങ്ങളും പരിപാടികളും റദ്ദാക്കാനാണ് അവർ ശ്രമിച്ചത്. അയ്യപ്പന്റെ ഈ വാക്കുകൾ ശ്രദ്ധിക്കുക. 'തീണ്ടലും തൊടീലും ഇനി അരനിമിഷം നമ്മുടെ നാട്ടിൽ നിന്നുകൂടാ. അതു ഭ്രാന്താചാരമാണ്; പാപാചാരമാണ്. മനുഷ്യനെ ദ്രോഹിക്കയും ദൈവത്തെ നിന്ദിക്കുകയും ചെയ്യുന്ന പൈശാചികാചാരമാണ്; സകല മതസിദ്ധാന്തങ്ങൾക്കും സന്മാർഗാദർശങ്ങൾക്കും തീരെ വിരുദ്ധമായ ദുരാചാരമാണ്. അതിന്റെ ചവിട്ടടിയിൽപെട്ട് അവകാശവും അഭിമാനവും മറന്നു നാം ഇത്രനാളും കഴിച്ചുകൂട്ടി. ഇനി അതുപാടില്ല. നോക്കുക, നമ്മുടെ നാട്ടിൽ നമ്മുടെ നിലയെന്ത്? എല്ലാ രാജ്യക്കാർക്കും ജന്മഭൂമി സ്വർഗത്തിലും വലുത്. നമുക്കോ അതു നരകത്തിലും കഠിനം! നമുക്ക്, പട്ടിക്കും പൂച്ചയ്ക്കും നടക്കാവുന്ന പെരുവഴിയിൽ നടന്നുകൂടാ. നമ്മുടെ തടി പൊടിഞ്ഞുണ്ടാകുന്ന പണംതന്നെ ചെലവുചെയ്ത്, നാം താണവരാണെന്നു പരസ്യസ്ഥലങ്ങളിൽ പലകകൾ എഴുതിവച്ച് നമ്മെ കുലത്തോടെ അപമാനിക്കുവാൻ നമ്മുടെ ഗവൺമെന്റുകൾക്കു സങ്കോചമില്ല. കഷ്ടം! നമ്മൾ എത്ര പഠിപ്പും പണവും ഗുണവുമുള്ളവരായാലും വെളുത്തേടനും അമ്പട്ടനും അടിച്ചുതളിക്കാരിക്കും കൂടി വഴിമാറിക്കൊടുക്കണം. മിഠായി വിൽക്കാൻ വരുന്ന തുളുനാടൻ പോറ്റിയും തുണിക്കെട്ടും പേറിവരുന്ന പാണ്ടിപ്പട്ടരും കൂടി നമ്മുടെ നാട്ടിൽ നമ്മൾ വെട്ടിയുണ്ടാക്കിയ റോഡിൽവച്ച് നമ്മളോട് മാറാൻ ഒച്ചയാട്ടുന്നു. കൊന്തയും തൊപ്പിയും ഇടുമ്പോൾ നമുക്ക് കിട്ടുന്ന സ്വാതന്ത്ര്യം, മുടിയും ഭസ്മക്കുറിയും ഉള്ളപ്പോൾ നമുക്ക് അനുഭവിച്ചുകൂടാ. ദൈവമേ! ഇതെല്ലാം ഓർത്താൽ സഹിക്കുന്നതെങ്ങനെ? നമ്മുടെ നാട്ടിലെ അധികാരസ്ഥർക്ക് മതാഭിമാനമുണ്ടോ? സമസൃഷ്ടിസ്‌നേഹമുണ്ടോ? '
വർഗീയഭ്രാന്തു മുഴുത്ത് ജാതിവാദം മുഴക്കിയ നായന്മാർക്കെതിരെ സി. കേശവൻ നടത്തിയ കോഴഞ്ചേരിപ്രസംഗം ഉത്തരവാദഭരണപ്രക്ഷോഭത്തിന്റെ സുവർണചരിത്രമാണല്ലോ. ക്രൈസ്തവ-ഈഴവ-മുസ്ലിം മഹാജനസഖ്യത്തിന്റെ സാമുദായിക-സാമൂഹിക വികാരങ്ങൾക്കു തീകൊടുത്ത പ്രസംഗം.
എം.സി. ജോസഫും എംപി. വർക്കിയും ഇ. മാധവനും വിവിധ മതങ്ങൾക്കെതിരെ നിശിതമായ നിലപാടുകളെടുക്കുന്നു. ദൈവശാസ്ത്രപരവും പൗരോഹിത്യപരവുമായ തലങ്ങളിൽ മതങ്ങൾ പുലർത്തിവരുന്ന മനുഷ്യവിരുദ്ധതയുടെ ലോകങ്ങൾ ഇവർ മറനീക്കിക്കാണിക്കുന്നു. പൊയ്കയിൽ അപ്പച്ചനാകട്ടെ, ബൈബിളിലെന്നപോലെ ക്രിസ്തുമതത്തിലും കാണാത്ത ദലിതരുടെ സാന്നിധ്യത്തെക്കുറിച്ചാണ് ഖേദിക്കുന്നത്. 1889 ൽ ഒ. ചന്തുമേനോൻ ഇന്ദുലേഖയുടെ പതിനെട്ടാമധ്യായത്തിൽ തുടക്കമിട്ട നിരീശ്വര-ഈശ്വര-അജ്ഞേയവാദങ്ങളുടെ തുടർച്ചയിൽ കേരളീയ പൊതുമണ്ഡലം രൂപംകൊടുത്ത യുക്തിചിന്തയുടെ ഒന്നാംഘട്ടമായി കാണാം നാരായണഗുരു മുതൽ പൊയ്കയിൽ അപ്പച്ചൻ വരെയുള്ളവരുടെ ഈ രചനകൾ. പൊതുവെ യുക്തിചിന്തയുടെയും നവോത്ഥാനത്തിന്റെയും കീഴാളമുഖം എന്നുകൂടി വിളിക്കണം ഈ കാലത്തെയും ഇടപെടലുകളെയും.
രണ്ടാംഭാഗത്തേക്കു വരുമ്പോൾ സവർണ ഹിന്ദുവിഭാഗങ്ങൾക്കുള്ളിൽ രൂപംകൊണ്ട യുക്തിചിന്തകളുടെകൂടി പ്രാതിനിധ്യം കാണാം. 'യുക്തിവാദം' എന്ന വിഷയത്തെക്കുറിച്ചു തന്നെയാണ് വി.ടി, സി. അച്യുതമേനോൻ, പി. ഗോവിന്ദപ്പിള്ള എന്നിവരെഴുതുന്നത്. മതം, ജാതി, മതേതരത്വം, മാർക്‌സിസം തുടങ്ങിയവയോട് ബന്ധപ്പെടുത്തി യുക്തിയെക്കുറിച്ചെഴുതുന്നു, ഇവർ. ഒരുപക്ഷെ, കേരളീയ നവോത്ഥാനചരിത്രത്തിലെ ഏറ്റവും പ്രശസ്തങ്ങളും വിവാദാസ്പദങ്ങളുമായ പ്രസ്താവങ്ങൾ നടത്തിയ വി.ടി.യും ('ഇനി അമ്പലങ്ങൾക്കു തീകൊളുത്താം'), സി. കേശവനും (ഒരമ്പലം കത്തിയാൽ അത്രയും നന്നായി) ഉൾപ്പെടെയുള്ളവർ നിലകൊണ്ട കാലത്തുനിന്ന് കേരളീയ സമൂഹം എങ്ങോട്ടധഃപതിച്ചുവെന്നതിന്റെ ചരിത്രരേഖയായിക്കൂടി ഈ പുസ്തകം മാറുന്ന ഭാഗമാണിത്.
ഇടമറുക്, പവനൻ, എ.ടി. കോവൂർ എന്നീ പ്രശസ്തരായ കേരളീയ യുക്തി-നിരീശ്വരവാദികളുടേതാണ് തുടർലേഖനങ്ങൾ. സഹോദരൻ അയ്യപ്പനെയും സഹോദരപ്രസ്ഥാനത്തെയും കേരളീയ യുക്തിവാദപ്രസ്ഥാനത്തിന് അയ്യപ്പൻ നൽകിയ സംഭാവനകളെയും കുറിച്ചുള്ള സമഗ്രമായ അപഗ്രഥനമാണ് ഇടമറുകിന്റെ ലേഖനം. ഇന്ത്യൻ ദർശനങ്ങളിലെ യുക്തിവാദപാരമ്പര്യത്തെക്കുറിച്ചുള്ള ദേബിപ്രസാദ് ചതോപാധ്യായയുടെ നിരീക്ഷണങ്ങൾ സംഗ്രഹിച്ചവതരിപ്പിക്കുകയാണ് പവനൻ. ലോകമെങ്ങും മതങ്ങൾ തകരുന്നതിന്റെ ചിത്രം 1960കളുടെ പശ്ചാത്തലത്തിൽ എ.ടി.കോവൂർ അവതരിപ്പിക്കുന്നു.
മൂന്നാംഭാഗമായ 'വിചാരവിപ്ലവം', നാലാംഭാഗമായ 'കേരളീയ സ്വതന്ത്രചിന്ത' എന്നിവ കേരളീയ പൊതുസമൂഹത്തിൽ നവോത്ഥാനം, മതനിരപേക്ഷത, യുക്തിവാദം, മതമൗലികവാദം, മതരാഷ്ട്രവാദം, ജനാധിപത്യം, സ്വതന്ത്രചിന്ത തുടങ്ങിയവയെക്കുറിച്ചു രൂപംകൊണ്ട ശ്രദ്ധേയമായ നിരവധി നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നു. ഇവയുടെ പൊതുനിലപാടുകൾ മൂന്നാണ്. ഒന്ന്, നവോത്ഥാനത്തിന്റെ ആശയാടിത്തറകളിലൊന്നായി യുക്തിചിന്തയെ കാണുക. രണ്ട്, മാർക്‌സിസത്തിന്റെ പരിപ്രേക്ഷ്യത്തിൽ യുക്തിയുടെ പ്രസക്തി ചർച്ചചെയ്യുക, മൂന്ന്, മതേതരത്വം ജനാധിപത്യത്തിന്റെയും ഇന്ത്യൻ ദേശീയതയുടെയും നട്ടെല്ലായി നിലനിൽക്കുന്നു എന്നു വിശദീകരിക്കുക. ഇതോടൊപ്പംതന്നെയാണ് വിദ്യാഭ്യാസം മുതൽ സൗന്ദര്യചിന്ത വരെയുള്ള മണ്ഡലങ്ങളിൽ 'യുക്തി' പ്രവർത്തിക്കേണ്ടതിനെക്കുറിച്ചുള്ള വിചാരങ്ങളും ഉന്നയിക്കപ്പെടുന്നത്.
കുറ്റിപ്പുഴ, എംപി. പോൾ, അഴീക്കോട്, ഹമീദ് ചേന്നമംഗലൂർ, എം.എൻ. കാരശ്ശേരി, രാജൻ ഗുരുക്കൾ തുടങ്ങിയവരുടെ രചനകൾ പ്രാഥമികമായും മതേതരത, മതമൗലികവാദം തുടങ്ങിയവയുടെ പൊതുസാമൂഹ്യ പശ്ചാത്തലങ്ങൾ ചർച്ചചെയ്യുമ്പോൾ, ഇ.എം.എസ്, കെ. ദാമോദരൻ തുടങ്ങിയവരുടെ ചർച്ച മതവും മാർക്‌സിസവും തമ്മിലുള്ള ബന്ധത്തെ മുൻനിർത്തിയാണ് യുക്തിയെ വിശദീകരിക്കുന്നത്. എം.എൻ. വിജയൻ മുതൽ ടി.കെ. രാമചന്ദ്രൻ വരെയുള്ളവർ നവോത്ഥാനത്തിൽ യുക്തിചിന്ത പ്രവർത്തിക്കുന്നതിന്റെ വൈവിധ്യം വിശകലനം ചെയ്യുമ്പോൾ കെ.എൻ. പണിക്കരും പി.ടി. ഭാസ്‌കരപ്പണിക്കരും വി. അരവിന്ദാക്ഷനുമൊക്കെ വിദ്യാഭ്യാസ-സാംസ്‌കാരിക-വൈജ്ഞാനിക മണ്ഡലങ്ങളിലെ യുക്തിവിചാരധാര അപഗ്രഥിക്കുന്നു.
എൻ.പി. മുഹമ്മദിന്റെ ലേഖനം, 'ദേശീയ മുസ്ലിം' എന്ന ഇന്ത്യൻ പ്രശ്‌നമേഖലയെ സമർഥമായി അഭിസംബോധന ചെയ്യുമ്പോൾ, എൻ. പി.യുടെ ഗ്രന്ഥത്തിനെഴുതിയ അവതാരികയാണ് കാരശ്ശേരിയുടെ രചന. 'ഇന്ത്യൻ മതേതര ജനാധിപത്യവും മുസ്ലിങ്ങളും' എന്ന വിഷയത്തെ ചരിത്രസൂക്ഷ്മവും രാഷ്ട്രീയബദ്ധവുമായി വിശകലനം ചെയ്യുന്നു, കാരശ്ശേരി. ഈ ഗ്രന്ഥത്തിലെതന്നെ ഏറ്റവും ആർജ്ജവമുള്ള കാലിക സാമൂഹ്യവിചാരങ്ങളാണ് എൻ.പി, കാരശ്ശേരി എന്നിവരുടേത്. അതേസമയം ഹമീദിന്റെ ലേഖനം, 'മതമൗലികവാദം' എന്ന പരികല്പനയുടെ ചരിത്രവും പരിണാമവും ഗംഭീരമായവലോകനം ചെയ്യുന്ന രചനയാകുന്നു. മതേതര ആധുനികതയോടുള്ള ശത്രുത, ഇതര മതസ്ഥരോടുള്ള അസഹിഷ്ണുത, ലിംഗസമത്വത്തോടുള്ള വിരോധം, സോഷ്യലിസത്തോടുള്ള എതിർപ്പ് എന്നീ നാല് അടിസ്ഥാന സ്വഭാവങ്ങൾ മുൻനിർത്തി ലോകമെങ്ങുമുള്ള മതമൗലികവാദ പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴിലണിനിരത്തി വിചാരണ ചെയ്യുന്നു, ഹമീദ്.
ചുരുക്കത്തിൽ, കേരളീയ നവോത്ഥാനത്തിന്റെ ചരിത്രപരിണാമങ്ങൾ നിർണയിക്കുന്നതിലും വിശദീകരിക്കുന്നതിലും ദേശീയവാദികളും യുക്തിവാദികളും മതേതരവാദികളും ജനാധിപത്യവാദികളും മാർക്‌സിസ്റ്റുകളും നിരീശ്വരവാദികളുമൊക്കെയായ ഒരുപറ്റം മലയാളികൾ മുന്നോട്ടുവച്ച യുക്തിചിന്തയുടെയും അതു തെളിയിക്കുന്ന കേരളീയ സമൂഹജീവിതത്തിന്റെയും സമഗ്രമായ ഒരു ചിത്രം ഈ പുസ്തകം അവതരിപ്പിക്കുന്നു. എങ്കിലും ഉള്ളടക്കവിഭജനത്തിൽ വിഷയപരമോ കാലപരമോ ആയ കൃത്യതയില്ല എന്നതും ആനന്ദിന്റെയും വേണുവിന്റെയും മറ്റും അസാന്നിധ്യമെന്നതുപോലെ സാനുവിന്റെയും മറ്റും സാന്നിധ്യവും ഈ സമാഹാരത്തിന്റെ ഗൗരവവും പ്രാധാന്യവും കുറച്ചുകളയുന്നു. അപ്പോഴും, ഭേദപ്പെട്ട രചനകളുടെ തെരഞ്ഞെടുപ്പിലും നവോത്ഥാനത്തെ യുക്തികേന്ദ്രിതമായി പ്രതിഷ്ഠിക്കുന്ന നിലപാടിലും എഡിറ്റർ പുലർത്തുന്ന ജാഗ്രത ശ്രദ്ധേയമാണ്.
രണ്ടു ധർമങ്ങളാണ് ഈ രചനകളുടെ ഇത്തരമൊരു സമാഹാരം നിർവഹിക്കുന്നത്. ഒന്ന്, കേരളീയ യുക്തിചിന്താപദ്ധതിയുടെ വൈവിധ്യം തെളിയിക്കുന്ന ഒരുപറ്റം രചനകൾ ഒന്നിച്ചവതരിപ്പിക്കുന്നു. രണ്ട്, അവയിലൂടെ കേരളീയ യുക്തിചിന്താചരിത്രത്തിന്റെയെന്നതിനെക്കാൾ (നിശ്ചയമായും അതു മറ്റൊന്നാൺ) കേരളീയ നവോത്ഥാനത്തിന്റെ ഒരു സവിശേഷ ചരിത്രത്തിന്റെ നിർമ്മിതി സാധ്യമാക്കുന്നു.
കിരാതമായ അയുക്തികൾ സമസ്ത മണ്ഡലങ്ങളിലും ഫണം നിവർത്തിയാടുന്ന വർത്തമാനകാലത്ത് മുൻപെന്നത്തെക്കാളും പ്രസക്തമായ ശ്രമമാണിത്. ഭൂതകാലത്തിന്റെ വിമർശനസ്വരങ്ങളെ ഭാവിയുടെ കാവൽസ്വരങ്ങളാക്കി മാറ്റുന്ന സാംസ്‌കാരിക രാഷ്ട്രീയപ്രവർത്തനം.
പുസ്തകത്തിൽ നിന്ന്
ഇനി നമുക്ക് അമ്പലം തീകൊളുത്തുക - വി.ടി. ഭട്ടതിരിപ്പാട്
കേരളത്തിൽ എവിടെ നോക്കിയാലും അഹംഭാവംകൊണ്ട് തല ഉയർത്തിപ്പിടിച്ചുനിൽക്കുന്ന പള്ളികളും അമ്പലങ്ങളുമാണ് കാണുന്നത്. ഇതു കണ്ടുകണ്ട് മടുത്തു. അസമത്വത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ശവക്കല്ലറകളെ നമുക്കു പൊളിച്ചുകളയണം. അതേ, അമ്പലങ്ങളുടെ മോന്തായങ്ങൾക്കു തീവയ്ക്കണം.
അമ്പലങ്ങൾക്കു തീവയ്ക്കുകയോ? പല ഹൃദയങ്ങളിലും ഒരു കത്തിക്കാളൽ ഉണ്ടായേക്കും. ഇതിനു മറ്റാരുമല്ലാ നമ്മുടെ മതഭ്രാന്തുതന്നെയാണ് ഉത്തരവാദി.
ഹരിജനങ്ങളെ നാം മൃഗങ്ങളാണെന്നു വിചാരിക്കുന്നു. ഒരു കരിങ്കല്ലിനെ നാം ദേവനാണെന്നു കരുതുന്നു. ഈ വ്യസനകരമായ വിശ്വാസത്തെ-മതഭ്രാന്തിനെ കൈവെടിഞ്ഞേ കഴിയൂ. എന്റെ സഹോദരീസഹോദരന്മാരേ, നമുക്കു കരിങ്കല്ലിനെ കരിങ്കല്ലായിത്തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും.
ഇനിയും ആ അന്ധവിശ്വാസത്തിന്റെ ചുറ്റും കണ്ണുകെട്ടി ശയനപ്രദക്ഷിണം വയ്ക്കാതെ, ഈ മതഭ്രാന്തിനെ പൂജിക്കാതെ, വങ്കത്തങ്ങളെ പുറത്തേക്കെഴുന്നള്ളിക്കാതെ നമുക്കു ജീവിക്കുക.
ഞാൻ എല്ലാവരോടും ഊന്നിപ്പറയുന്നു, അമ്പലങ്ങൾക്കു തീ വയ്ക്കുക എന്നുവച്ച് ആരും വ്യസനിക്കുകയും പേടിക്കുകയും വേണ്ട.
'ഞാനൊരു ശാന്തിക്കാരനായിരുന്നെങ്കിൽ വച്ചുകഴിഞ്ഞ നിവേദ്യം വിശന്നുവലയുന്ന കേരളത്തിലെ പാവങ്ങൾക്കു വിളമ്പിക്കൊടുക്കും. ദേവന്റെ മേൽ ചാർത്തിക്കഴിഞ്ഞ പട്ടുതിരുവുടയാട അർധനഗ്നരായ പാവങ്ങളുടെ അരമറയ്ക്കാൻ ചീന്തിക്കൊടുക്കും. പുകഞ്ഞുതുടങ്ങിയ ധൂപം അമ്പലത്തിലുള്ള പെരുച്ചാഴികളെ-നമ്പൂതിരി, പട്ടർ തുടങ്ങിയ വർഗങ്ങളെ- പുറത്തോടിച്ചു കളയുവാനാണ് ഉപയോഗിക്കുക. കത്തിച്ചുവച്ച കെടാവിളക്കാകട്ടെ നമ്മുടെ വിഡ്ഢിത്തത്തിന്റെ കറുത്ത മുഖത്തെ വീണ്ടും തെളിയിച്ചുകാണിക്കുവാനല്ലാ, അതിന്റെ തല തീക്കത്തിക്കുവാനാണ് ഞാൻ ശ്രമിക്കുക. അത്ര വെറുപ്പുതോന്നുന്നു എനിക്ക് അമ്പലങ്ങളോട്. നമുക്ക് അനാചാരങ്ങളെ കെട്ടുകെട്ടായി നശിപ്പിച്ചുകളയുവാൻ ഒരു എളുപ്പമാർഗമുണ്ട്. അതാണ് അമ്പലങ്ങൾക്കു തീവയ്ക്കുക'. (ഉണ്ണിനമ്പൂതിരി, 1933 ഏപ്രിൽ 28)
കേരളനവോത്ഥാനവും യുക്തിചിന്തയും
എഡി. ഇ.ഡി. ഡേവീസ്
കേരള ശാസ്ത്രസാഹിത്യപരിഷത്ത്
2015, വില : 240 രൂപ