ന്യൂഡൽഹി : ബിജെപിയുമായി വഴിപിരിയാൻ ഉറച്ച് ബിഡിജെഎസ്. അർഹിച്ച സ്ഥാനങ്ങൾ നൽകിയില്ലെങ്കിൽ ബിജെപി മുന്നണി വിടാൻ തുഷാർ വെള്ളാപ്പള്ളിയും തീരുമാനിച്ചു. ഈ സാഹചര്യത്തിൽ കേരളത്തിലെ എൻഡിഎ നേതൃസംഘം ഇന്നു കേന്ദ്രമന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കില്ല. നേരത്തെ ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചിരുന്നു. അന്ന് അതിനെ തുഷാർ എതിർത്തിരുന്നു. എന്നാൽ വാഗ്ദാനമൊന്നും പാലിക്കാത്തതിനാൽ ബിജെപി ബന്ധത്തെ കുറിച്ച് തുഷാറും വീണ്ടുവിചാരത്തിന് തയ്യാറാവുകയായിരുന്നു.

ഇതേസമയം, പൂർണമായും നിസ്സഹകരിച്ചുവെന്ന ആരോപണം ഒഴിവാക്കാൻ ബിഡിജെഎസ് ജനറൽ സെക്രട്ടറി ടി.വി.ബാബു ഡൽഹിയിലേക്ക് പോകുന്ന ബിജെപി സംഘത്തിലുണ്ടാകും. ബിജെപി കേന്ദ്രനേതൃത്വം ബിഡിജെഎസിനു നൽകിയിരുന്ന വാഗ്ദാനങ്ങൾ പാലിക്കാത്തതിലുള്ള അതൃപ്തിയുടെ സൂചനയായിട്ടാണു തുഷാറിന്റെ വിട്ടുനിൽക്കൽ. കേരളത്തിലെ എൻഡിഎ പ്രവർത്തനങ്ങളിലും ബിജെപി ബിഡിജെഎസ് ഏകോപനമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പു തയ്യാറെടുപ്പുകളും ബിജെപി സ്വന്തം നിലയിൽ ആസൂത്രണം ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് തുഷാറിന്റെ വിട്ടു നിൽക്കൽ. ബിജെപി കേന്ദ്രനേതൃത്വവുമായി തുഷാർ വെള്ളാപ്പള്ളി നടത്തുന്ന അടുത്തഘട്ട ചർച്ചയെ ആശ്രയിച്ചാകും ബന്ധം തുടരണോ എന്ന തീരുമാനം.

കേന്ദ്രസർക്കാർ തലത്തിലുള്ള പദവികളിലും ബോർഡുകളിലും ബിജെപിക്കാരെ മാത്രം നിയമിച്ച് ബിഡിജെഎസിനെ പൂർണമായും അവഗണിക്കുന്നതിൽ തുഷാർ വെള്ളാപ്പള്ളിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിഷേധത്തിലാണ്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തിരക്കുകൾക്കുശേഷം കേരളത്തിലെ വിഷയങ്ങൾ ചർച്ച ചെയ്യാമെന്നാണ് അമിത് ഷാ നേരത്തേ അറിയിച്ചത്. വൈകാതെ പദവികൾ കിട്ടിയില്ലെങ്കിൽ ബിഡിജെഎസ് മുന്നണി വിടും. കേരളത്തിലെ ബിജെപി നേതൃത്വം പൂർണ്ണ പരാജയമാണെന്നും ബിഡിജെഎസിന് അഭിപ്രായമുണ്ട്. ഇക്കാര്യം കേന്ദ്ര നേതാക്കളേയും അറിയിച്ചിട്ടുണ്ട്. ബിഡിജെഎസിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് പരാതി.

കയർ ബോർഡിലേക്കുള്ള നിയമനമാണ് പ്രധാനമായും ബിഡിജെഎസ് ആഗ്രഹിക്കുന്നത്. ഇതിനൊപ്പം കേന്ദ്ര സർവ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നൽകണമെന്നും ആവശ്യപ്പെടുന്നു. ഇത് രണ്ടും അംഗീകരിച്ചില്ലെങ്കിൽ മുന്നണി വിടാനാണ് തുഷാറിന്റെ തീരുമാനം. ഇത്തരമൊരു സന്ദേശം നൽകാനാണ് ഡൽഹി യാത്രയിൽ നിന്ന് തുഷാർ വിട്ടു നിൽക്കുന്നത്. ഈ സമ്മർദ്ദം വിജയിക്കുമെന്നാണ് ബിഡിജെഎസിന്റേയും പൊതുവിലയിരുത്തൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം തങ്ങളുടെ വാക്കുകൾ കേൾക്കുന്നില്ല. കേരളത്തിലെ ബിജെപിയിൽ ഗ്രൂപ്പിസം മാത്രമാണുള്ളതെന്നും തുഷാറിന് അഭിപ്രായമുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള എൻഡിഎ സംഘം കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി, ഭക്ഷ്യമന്ത്രി റാംവിലാസ് പാസ്വാൻ, കൃഷിമന്ത്രി രാധാ മോഹൻ സിങ്, വാണിജ്യ സഹമന്ത്രി നിർമല സീതാരാമൻ, ടെക്‌സ്‌റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി എന്നിവരുമായാണു കൂടിക്കാഴ്ച നടത്തുന്നത്. കേരളത്തിലെ വരൾച്ചയ്ക്കു കേന്ദ്രത്തിന്റെ ദുരിതാശ്വാസ സഹായം, റേഷൻ പ്രതിസന്ധി, കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രമന്ത്രിമാർക്കു മുന്നിൽ സംഘം അവതരിപ്പിക്കും.

സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വരൾച്ച കേന്ദ്ര സർക്കാരിനെ ധരിപ്പിക്കുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് അറിയിച്ചു. സംസ്ഥാനത്തിന് അർഹമായ ധനസഹായം ഉറപ്പാക്കാൻ ബിജെപി മുൻകൈ എടുക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. പി.കെ കൃഷ്ണദാസ്, എൻഡിഎ വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ എംപി, ജെആർഎസ് നേതാവ് സി.കെ ജാനു, ജെഎസ്എസ് സംസ്ഥാന അധ്യക്ഷൻ എ.എൻ രാജൻ, കേരളാ കോൺഗ്രസ് ചെയർമാൻ പി.സി തോമസ്, പിഎസ്‌പി നേതാവ് കെ. കെ പൊന്നപ്പൻ, ബിഡിജെഎസ് ജനറൽ സെക്രട്ടറി ടി.വി ബാബു, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് നേതാവ് കുരുവിള മാത്യൂസ്, എൽജെപി സംസ്ഥാന പ്രസിഡന്റ് മൊഹബൂബ് എന്നിവരുൾപ്പെട്ട എൻഡിഎ സംഘത്തിനൊപ്പം എംപിമാരായ പ്രൊഫ. റിച്ചാർഡ് ഹേയും സുരേഷ് ഗോപിയും കേന്ദ്രമന്ത്രിമാരെ കാണും.