സന: മലയാളി നഴ്‌സുമാർ വിദേശ രാജ്യങ്ങളിൽ കൊല്ലപ്പെടുന്ന സംഭവങ്ങൾ അടുത്തകാലത്തായി മലയാളികളെ ഞെട്ടിച്ച വാർത്തകളാണ്. ബഹ്‌റിനിൽ മാത്രം രണ്ട് മലയാളി നഴ്‌സുമാർ കൊല്ലപ്പെട്ട സംഭവം അടുത്തിടെ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയിലെ മെൽബണിലും സമാനമായ വിധത്തിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഈ സംഭവങ്ങളിൽ സംശയിക്കപ്പെട്ടത് മലയാളികളായ ഭർത്താക്കന്മാരായിരുന്നു. എന്നാൽ, ആഭ്യന്തര യുദ്ധത്തെ തുടർന്ന് മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ ഒഴിഞ്ഞു പോയ യെമനിലെ സനയിൽ നിന്നു മലയാളികളെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നത്. മലയാളി നഴ്‌സായ യുവതി ഭർത്താവിനെ വെട്ടിനുറുക്കി കൊലപ്പെട്ടുത്തി 110 കഷ്ണങ്ങളാക്കി എന്നതാണ് പുറത്തുവന്ന വാർത്ത.

പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ എന്ന യുവതിയാണ് യെമൻ പൗരനായ ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യെമനിലെ അൽദെയ്ദിലാണ് ഈ ഞെട്ടിക്കുന്നന സംഭവം. യെമൻ പൗരനായ ഭർത്താവിനെ വെട്ടിക്കൊലലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച രീതിയാണ് എല്ലാവരിലും ഞെട്ടൽ ഉളവാക്കിയിരിക്കുന്നത്.

ഭർത്താവിനെ വെട്ടികൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ശേഷം ചാക്കിൽകെട്ടി ഫ്‌ലാറ്റിലെ വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു യുവതി ചെയ്തത്. സംഭവത്തിന് ശേഷം നിമിഷയെ കാണാതാകുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമാക്കിയതാതയും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം നിമിഷയെ കാണാതായിട്ടുണ്ട്. നിമിഷയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവർ ഒറ്റയ്ക്കാണോ കൊല നടത്തിയത് അതോ മറ്റാരെങ്കിലും സഹായത്തിനുണ്ടായിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിന് ശേഷം ഒളിവിൽപോയെ നിമിഷക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ ചിത്രങ്ങൾ യെമൻ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

അൽ ദെയ്ദാദിലെ ആശുപത്രിയിലാണ് നിമിഷപ്രിയ നഴ്‌സായി ജോലി നോക്കുന്നത്. കൊല്ലങ്കോടുള്ള ബന്ധുക്കൾക്കും സംഭവത്തെ കുറിച്ച് കൂടുതലായി ഒന്നും അറിവായിട്ടില്ല. മാധ്യമ റിപ്പോർട്ടുകളെ കുറിച്ചു മാത്രമാണ് ഇവർക്കും അറിവുള്ളത്.