കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി നഴ്‌സിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ ആരെന്ന് തിരിച്ചറിഞ്ഞു. കോട്ടയം കൊല്ലാട് പുതുക്കളത്തിൽ ബിജുവിന്റെ ഭാര്യ ഗോപിക ബിജോ (27) ആണ് ആക്രമിക്കപ്പെട്ട് ആശുപത്രിയിലായിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ യുവതിയുടെ ഭർത്താവിന്റെ കൂടെ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശിയാണെന്നാണ് പുറത്തുവരുന്ന വിവരം. കൃത്യം നടത്തിയ ശേഷം ഇയാൾ നാട്ടിലേക്ക് കടന്നതായാണ് വിവരം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ ഭർത്താവ് വെളിപ്പെടുത്തി.

കുത്തേറ്റ യുവതിയുടെ ഭർത്താവുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ തമിഴ്‌നാട് സ്വദശി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. യുവതിയുടെ ഭർത്താവ് ബിജോയ്ക്ക് ബാബ്‌തൈൻ കമ്പനിയിലാണ് ജോലി. ഇതേ കമ്പനിയിൽ ജോലിചെയ്യുന്ന തമിഴ്‌നാട് സ്വദേശിയിൽനിന്ന് ബിജോ പണം കടം വാങ്ങിയിരുന്നു. പണം തിരികെ നൽകിയെങ്കിലും കൂടുതൽ പലിശ നൽകണമെന്നാവശ്യപ്പെട്ട് ഒന്നു രണ്ടു തവണ ഇയാൾ തന്നെ ഭീഷണിപ്പെടുത്തിയതായി ബിജോ പറഞ്ഞു. അക്രമി മുഖം മറച്ചിരുന്നെങ്കിലും പ്രഭാകരനുമായി രൂപസാദൃശ്യം ഉള്ളതായി ആരോഗ്യനില വീണ്ടെടുത്ത ശേഷം തന്റെ ഭാര്യ സംശയം പ്രകടിപ്പിച്ചിരുന്നതായും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോടും ഇന്ത്യൻ സ്ഥാനപതിയോടും സൂചിപ്പിച്ചതായും ബിജോ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ചാണ് ഇക്കാര്യം പുറത്തുപറയാതിരുന്നത്. തന്റെ ഭാര്യയെ ആക്രമിച്ചത് കൂടെ ജോലിചെയ്യുന്ന പുരുഷ നഴ്‌സാണ് എന്ന രീതിയിൽ ഫേസ്‌ബുക്കിൽ പ്രചരിച്ച വാർത്ത തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് ബിജോയ് കഴിഞ്ഞ ദിവസം പറഞഞിരുന്നു. സ്വന്തം താമസസ്ഥലത്ത് യുവതി ആക്രമിക്കപ്പെട്ടത് അബ്ബാസിയയിലെ പ്രവാസി സമൂഹത്തെ മൊത്തത്തിൽ ആശങ്കയിലാക്കിയിരുന്നു. പ്രശ്‌നത്തിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെടുകയും എംബസിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് കോട്ടയം സ്വദേശിനിയായ നഴസിന് കുത്തേറ്റത്. അബ്ബാസിയയിൽ അടുത്തകാലത്തായി ഇന്ത്യക്കാർക്കെതിരെ നിരന്തരമായുണ്ടാകുന്ന അക്രമങ്ങളുടെ തുടർച്ചയായിട്ടായിരുന്നു നഴ്‌സ് ആക്രമിക്കപ്പെട്ട സംഭവം വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, സംഭവങ്ങൾക്ക് പിന്നിൽ വ്യക്തിവൈരാഗ്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഡ്യൂട്ടി കഴിഞ്ഞെത്തിയ നേഴ്‌സ് വീട് തുറന്ന് അകത്തുകയറാൻ തുടങ്ങുന്നതിനിടെ മോഷ്ടാവ് ഇവരെ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു ലഭിക്കുന്ന വിവരം. ഇക്കഴിഞ്ഞ 21ാം തീയ്യതി രാവിലെ 8.30തോടെയാണ് ഗോപിക ആക്രമിക്കപ്പെട്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ ഗോപിക വീട് തുറന്ന് അകത്തുകയറാൻ തുടങ്ങുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു. വയറിനും കാലിനും മുഖത്തും കുത്തേറ്റ യുവതിയെ ഫർവാനിയ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗോപികയും ബിജോയും താമസിക്കുന്നത് അബ്ബാസിയ ട്വന്റിഫോർ ഫാർമസി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയെത്തിയ ഗോപിക കതകു തുറന്ന് അകത്തുകയറാൻ തുടങ്ങുമ്പോഴായിരുന്നു അജ്ഞാതനായ അക്രമി ഗോപികയെ ആക്രമിച്ചത്.

മോഷണ ശ്രമമായിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കതക് തുറക്കാതെ തന്നെ അക്രമിയെ ഗോപിക ധൈര്യമായി നേരിടുകയായിരുന്നു. അതിനിടയിലാണ് വയറിനും കാലിന്റെ തുടയിലും മുഖത്തും കുത്തേൽക്കുന്നത്. മോഷണ ശ്രമം പരാജയപ്പെട്ടതോടെ അക്രമി ഓടി രക്ഷപെട്ടു. തുടർന്ന് രണ്ടാം നിലയിൽ നിന്നും രക്തത്തിൽ കുളിച്ച അവസ്ഥയിൽ തന്നെ താഴത്തെ നിലയിലെത്തി ഗോപിക അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ഗോപികയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

രണ്ടാം നിലയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അവിടെ അയൽവാസികൾ ഇല്ലാതിരുന്നതിനാൽ രക്തത്തിൽ കുളിച്ച് വേദന സഹിച്ചും ഗോപിക താഴെയെത്തിയതിനാൽ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗോപികയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. കോട്ടയം കാരാപ്പുഴ മാടയ്ക്കൽ കുടുംബാംഗമാണ് ഗോപിക. ഒരു വർഷം മുമ്പാണ് കുവൈറ്റിലെത്തിയത്.