തിരുവനന്തപുരം: ഒടുവിൽ ന്യായമായ സമരത്തിന് ഉജ്വല വിജയം. ഒരു രാഷ്ട്രീയ കക്ഷിയുടേയും പിൻബലമില്ലാതെ നടത്തിയ ശാന്തമായ സമരത്തിന്റെ വിജയമായി മാറി നഴ്‌സുമാരുടെ സമരം. ഉന്നയിച്ച ആവശ്യത്തിൽ ആദ്യംമുതലേ ഉറച്ചുനിന്നാണ് നഴ്‌സുമാരുടെ സമരം 22 ദിവസങ്ങൾക്ക മുമ്പ് തുടങ്ങുന്നത്. ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്താതെ ആദ്യഘട്ടത്തിൽ തുടങ്ങിയ സമരം പതിയെ കേരളമൊട്ടാകെ ചലനം സൃഷ്ടിക്കുന്ന സമരമായി വളരുകയായിരുന്നു. സുപ്രീംകോടതി നിശ്ചയിച്ച ന്യായമായ ശമ്പളം കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും നടപ്പാക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചായിരുന്നു സമരം. യുഎൻഎയുടെയും ഐഎൻഎയുടെയും നേതൃത്വത്തിൽ നടന്ന സമരം പരാജയപ്പെടുത്താൻ പലവഴിക്കും ശ്രമങ്ങൾ നടന്നെങ്കിലും അതൊന്നും വിലപ്പോയില്ല.

ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് കേരളം കണ്ട ചരിത്രപരമായ സമരത്തിന് വിജയകരമായ പരിസമാപ്തി ഉണ്ടായത്. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി നിശ്ചയിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് നഴ്‌സുമാരുടെ നിലപാട് സർക്കാർ അംഗീകരിച്ചതോടെ സമരം അവസാനിക്കാൻ വഴി തെളിയുകയായിരുന്നു. ഏറെക്കാലമായി അടിച്ചമർത്തപ്പെട്ട നിലയിൽ നഴ്‌സുമാർ സ്വകാര്യ ആശുപത്രികളിൽ അനുഭവിച്ചുവന്ന പീഡനത്തിനാണ് ഇതോടെ സമാപനമാകുന്നത്.

സമരം വിജയിച്ചുവെന്ന പ്രഖ്യാപനം വന്നതോടെ കേരളമൊട്ടുക്ക് സമരകേന്ദ്രങ്ങളിൽ നഴ്‌സുമാർ ആഹ്‌ളാദപ്രകടനം നടത്തി. മാനേജ്‌മെന്റുകളുടെ ഭാഗത്തുനിന്ന് ഒരു പ്രതികാര നടപടിയും ഉണ്ടാവില്ലെന്ന ഉറപ്പും സർക്കാർ നൽകിയിട്ടുണ്ട്. സുപ്രീംകോടതി നിശ്ചയിച്ച അടിസ്ഥാന ശമ്പളം കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെല്ലാം നടപ്പാക്കണമെന്ന മുഖ്യ ആവശ്യം മുൻനിർത്തിയാണ് കേരളത്തിലെ ആയിരക്കണക്കിന് നഴ്‌സുമാർ സമരവുമായി രംഗത്തിറങ്ങിയത്. ആദ്യം ചെറിയതോതിൽ നിസ്സഹകരണമായി തുടങ്ങിയ സമരം ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നതോടെ സംസ്ഥാനംമുഴുവൻ ഇളക്കിമറിച്ച സമരമായി വളർന്നു. ഇതിനിടെ സമരം പനിക്കാലത്ത് ജനവിരുദ്ധമാണെന്ന വാദമുൾപ്പെടെ ഉയർത്തി തോൽപിക്കാനും ശ്രമം നടന്നു. എന്നാൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിൽ ഉറച്ചുനിന്നാണ് നഴ്‌സുമാർ സമരത്തെ വിജയിപ്പിച്ചത്. ഇത് അതോടെ അവരുടെ കൂട്ടായ്മയുടെ വിജയവുമായി.

അമ്പതു കിടക്കകൾ വരെയുള്ള ആശുപത്രികളിൽ നഴ്‌സുമാർക്ക് ശമ്പളം 20,000 രൂപയായി നിശ്ചയിക്കാൻ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗ തീരുമാനങ്ങൾ അറിയിച്ചുകൊണ്ട് വ്യക്തമാക്കിയത്. സമരം നടത്തുന്ന സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമുണ്ടായത്. ഇതിന് മേലെ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളക്കാര്യത്തിൽ ഒരു സമിതി രൂപീകരിച്ച് തീരുമാനമെടുക്കുമെന്നും ഒരുമാസത്തിനകം തീരുമാനമുണ്ടാകുമെന്നും നഴ്‌സുമാരുമായി നടന്ന ചർച്ചയിൽ ധാരണയായിട്ടുണ്ട്. തൊഴിൽ, ആരോഗ്യ, ലേബർ സെക്രട്ടറിമാരും ലേബർ കമ്മിഷണറും ഉൾപ്പെട്ട സമിതിയാണ് രൂപീകരിക്കുക.

കാലങ്ങളായി നാലായിരം രൂപപോലും മാസശമ്പളം നൽകി നഴ്‌സുമാരെ പീഡിപ്പിക്കുന്ന രീതിക്കാണ് ഇതോടെ അവസാനമാകുന്നത്. നഴ്‌സുമാർ ഡോക്ടർമാരെപ്പോലെ തന്നെ പരിശീലനം നേടിയാണ് ജോലിക്കെത്തുന്നതെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയതോടെ ഈ രംഗത്ത് സർക്കാരിന്റെ ഇടപെടലും ശക്തമായി ഉണ്ടാകുമെന്നും വ്യക്തമായിക്കഴിഞ്ഞു.

സുപ്രീംകോടതി നിർദ്ദേശം അനുസരിച്ചുള്ള ശമ്പളം തന്നെ നൽകണമെന്ന നിലപാടാണ് സർക്കാർ വ്യക്തമാക്കിയത്. മാത്രമല്ല, സമരം നടത്തിയ നഴ്‌സുമാരോട് എന്തെങ്കിലും പ്രതികാര നടപടി മാനേജ്‌മെന്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ കർശന നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ട്രെയിനികളാക്കി ദീർഘകാലം വച്ച് ചുരുങ്ങിയ ശമ്പളം കൊടുക്കുന്ന രീതിയും കേരളത്തിൽ നടപ്പാക്കുന്നുണ്ട് ആശുപത്രി മുതലാളിമാർ. ഇനി അത്തരം തട്ടിപ്പുകളും നടക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.