- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമനിൽ കുടുങ്ങിക്കിടക്കുന്നവരിൽ പകുതിയും മലയാളി നഴ്‌സുമാർ; ഇന്ത്യക്കാരെ തടവിലാക്കി വിലപേശാൻ സാധ്യത കൂടുതലെന്ന് ഇന്റലിജൻസ്; യുദ്ധം മുറുകിയിട്ടും ഭാഗ്യപരീക്ഷണമായി ജോലി തുടരാൻ ആലോചിച്ച് പല നഴ്‌സുമാരും
സന: യുദ്ധം തുടരുന്ന യെമനിൽ കുടുങ്ങിക്കിടക്കുന്ന നാലായിരത്തോളം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ നരേന്ദ്ര മോദി സർക്കാർ തീവ്ര ശ്രമം തുടരുന്നതിനിടെ, നാട്ടിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷ കൈവിട്ട് അവിടെത്തന്നെ ജോലി ചെയ്ത് ഭാഗ്യം പരീക്ഷികകാമെന്ന് കരുതുകയാണ് മലയാളി നഴ്‌സുമാരടക്കമുള്ള വലിയൊരു വിഭാഗം. യെമനിലെ ഇന്ത്യക്കാരിൽ 3000-ത്ത
സന: യുദ്ധം തുടരുന്ന യെമനിൽ കുടുങ്ങിക്കിടക്കുന്ന നാലായിരത്തോളം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ നരേന്ദ്ര മോദി സർക്കാർ തീവ്ര ശ്രമം തുടരുന്നതിനിടെ, നാട്ടിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷ കൈവിട്ട് അവിടെത്തന്നെ ജോലി ചെയ്ത് ഭാഗ്യം പരീക്ഷികകാമെന്ന് കരുതുകയാണ് മലയാളി നഴ്‌സുമാരടക്കമുള്ള വലിയൊരു വിഭാഗം. യെമനിലെ ഇന്ത്യക്കാരിൽ 3000-ത്തോളം പേർ അവരരവരുടെ ജോലിസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇവരിൽ പാതിയിലേറെ നഴ്‌സുമാരാണ്. അതിൽത്തന്നെ ബഹുഭൂരിപക്ഷവും മലയാളി നഴ്‌സുമാരും. ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാനായിട്ടില്ല.
ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്നതിനായി പോയ വിമാനത്തിന് സനയിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചിരുന്നു. അതിനിടെ, ഏദൻ തുറമുഖത്തുനിന്ന് 349 ഇന്ത്യക്കാരുമായി ഇന്ത്യൻ കപ്പൽ ചൊവ്വാഴ്ച രാത്രി യാത്ര തിരിച്ചു. കൂടുതൽ പേരെ തിരിച്ചെത്തിക്കാനായി സർക്കാർ കൂടുതൽ സന്നാഹം അങ്ങോട്ടേയ്ക്ക് അയക്കുന്നുണ്ട്.
മുമ്പ് ഇറാഖ് യുദ്ധ സമയത്ത് ഇന്ത്യക്കാരെ ബന്ദികളാക്കി ഭീകരർ വിലപേശിയ സംഭവം ഉണ്ടായിരുന്നു. യെമനിലും ഇന്ത്യക്കാരെ മറയാക്കി വിലപേശൽ നടന്നേക്കുമെന്ന മുന്നറിയിപ്പ് രഹസ്യാന്വേഷണ വിഭാഗം നൽകിയിട്ടുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായേക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താക്കളിലൊരാളും ആശങ്കപ്പെട്ടു.
യെമനിൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന വിമതർ നിരന്തരം ആശുപത്രികളിൽ കയറിയിറങ്ങുന്നതായി അവിടെയുള്ള നഴ്‌സുമാർ പറയുന്നു. ഇതുവരെ ഭീഷണിയൊന്നും മുഴക്കിയിട്ടില്ലെങ്കിലും, തിക്രിതിൽ നഴ്‌സുമാരെ തടവിലാക്കിയതുപോലെ തങ്ങളെയും തടവിലാക്കുമെന്ന ഭയത്തിലാണ് ഇവർ കഴിയുന്നത്. യെമനിൽനിന്ന് മടങ്ങാൻ ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് പലരും.
എന്നാൽ, മറ്റുപലരുടെയും സ്ഥിതി അതല്ല. പലരും മുടങ്ങിയ ശമ്പളവും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റും പ്രതീക്ഷിച്ച് യാത്ര വൈകിപ്പിക്കുകയാണ്. ചിലരാകട്ടെ, പോയി തിരിച്ചുവരാനുള്ള ആലോചനയിലുമാണ്. തിരികെ നാട്ടിലെത്തുന്നവർക്ക് മതിയായ രേഖകളുണ്ടെങ്കിൽ ശമ്പളം നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി യുദ്ധവിമാനങ്ങളുടെ ഇരമ്പലും മെഷിൻ ഗണ്ണുകളുടെ വെടിയൊച്ചയും കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ലെന്ന് സനയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ലയ ജോസഫ് പറയുന്നു. മാർച്ച് 26 മുതൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിൽ ആക്രമണം നടത്തുന്നത്.
യെമനിലെ വ്യോമപരിധി സൗദി അറേബ്യയുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ദിവസം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനായി വന്ന വിമാനത്തിന് സനയിൽ ഇറങ്ങാൻ അനുമതി ലഭിച്ചിരുന്നില്ല. 300-ഓളം ഇന്ത്യക്കാരാണ് ബോർഡിങ് പാസ്സുമായി സന വിമാനത്താവളത്തിൽ കഴിയുന്നത്. ഒട്ടേറെ മലയാളികൾ ഇക്കൂട്ടത്തിലുണ്ടെന്ന് യെമനിൽ നഴ്‌സായിരുന്ന മലയാളി എലിസബത്ത് ജോസഫ് പറഞ്ഞു.
അഞ്ച് മണിക്കൂറോളമാണ് അഭയാർഥികളെപ്പോലെ സന വിമാനത്താവളത്തിൽ കഴിഞ്ഞതെന്ന് എലിസബത്ത് പറയുന്നു. ഇവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെപ്പറ്റി നാട്ടിലെ സർക്കാരുകൾക്ക് യാതൊരു ആശങ്കയുമില്ലേയെന്നും അവർ ചോഗിക്കുന്നു. നാട്ടിൽ ജീവനോടെ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷ പലർക്കുമില്ലെന്നും എലിസബത്ത് പറയുന്നു.
വീട്ടിൽനിന്ന് ആശങ്കയോടെയുള്ള ഓരോ വിളികൾക്കും എന്തുസമാധാനം പറയണമെന്ന് അറിയില്ലെന്ന് മറ്റൊരു നേഴ്‌സായ സാജിദ പറയുന്നു. ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുകയാണ് സാജിദയും സഹപ്രവർത്തകരും. തൽക്കാലത്തേയ്ക്ക് പിടിച്ചുനിൽക്കാനുള്ള ഭക്ഷണവും വെള്ളവും ഇവരുടെ പക്കലുണ്ട്. എന്നാൽ, പ്രതിസന്ധി തുടർന്നാൽ എന്തുചെയ്യണമെന്ന് അറിയില്ലെന്നും മലപ്പുറംകാരിയായ സാജിദ പറയുന്നു.
നാട്ടിൽ വന്നാൽ ജോലിയും കൂലിയുമില്ലാതെ വെറുതെയിരിക്കേണ്ടിവരുമെന്ന ആശങ്കയാണ് സാജിദയെപ്പോലെ പലരെയും യെമനിൽ തുടരാൻ പ്രേരിപ്പിക്കുന്നത്. കടം മേടിച്ചും പണയംവച്ചുമാണ് ഇവിടെയെത്തിയത്. ജോലി കൂടെ നഷ്ടപ്പെട്ടാൽ ജീവിക്കാൻ മറ്റൊരു മാർഗവും പലർക്കുമില്ല. മുമ്പ് ലിബിയയിൽനിന്ന് മടങ്ങിയെത്തിയ നഴ്‌സുമാരുടെ ദുരനുഭവവും ഇവരെ ടെമനിൽ തുടരാൻ പ്രേരിപ്പിക്കുന്നു.
ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ