- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീരജ് പ്രഥമ കേരള ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗ്യചിഹ്നം; വിദ്യാർത്ഥികളുടെ കായിക അഭിരുചി കണ്ടെത്താൻ പദ്ധതി തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പ്രഥമ കേരള ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്രയോടുള്ള ബഹുമാനാർത്ഥം നീരജ് എന്നാണ് ഭാഗ്യ ചിഹ്നമായ മുയലിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഭാഗ്യചിഹ്നം പ്രകാശനംചെയ്തു. സംസ്ഥാനത്തെ കായിക മേഖലയ്ക്ക് സ്റ്റേറ്റ് ഒളിമ്പിക്സ് വലിയ ഊർജ്ജം പകരുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ വിഭാഗത്തിലെയും കായികതാരങ്ങൾക്ക് കുടുതൽ അവസരമൊരുക്കും. എൽ കെ ജി മുതൽ വിദ്യാർത്ഥികളുടെ കായിക അഭിരുചി കണ്ടെത്താൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രഥമ ഒളിമ്പിക് ഗെയിംസിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. പ്രമുഖ ആർട്ടിസ്റ്റ് ജിനിലാണ് ഭാഗ്യ ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അടുത്ത വർഷം ഫെബ്രുവരി 15 മുതൽ 24 വരെയാണ് തലസ്ഥാനത്ത് പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് നടക്കുക. 24 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14 ജില്ലാ ഒളിമ്പിക്സുകളിലും വിജയികളാകുന്നവരാണ് മത്സരിക്കുക. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഒളിമ്പിക്സിന്റെ മുഖ്യ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണ്.
രാജ്യത്തിന്റെ ഭാഗങ്ങളിൽ നിന്ന് മുതിർന്ന കായികതാരങ്ങൾ കേരള ഒളിമ്പിക് ഗെയിംസ് ഭാഗമായി തലസ്ഥാനത്ത് എത്തും. ഒളിമ്പിക് ഗെയിംസ്നോടനുബന്ധിച്ച് അന്താരാഷ്ട്ര എക്സ്പോയും തിരുവനന്തപുരത്ത് ഒരുക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാർ പറഞ്ഞു. ഇതിലൂടെ കൂടുതൽ കായിക പ്രേമികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാന ഒളിമ്പിക്സ് നടക്കുന്നത് . അത് ലറ്റിക്സ്, അക്വാറ്റിക്സ്, ആർച്ചറി, ബാസ്കറ്റ്ബോൾ,ബോക്സിങ്, സൈക്ലിങ്,ഫുട്ബോൾ, ജൂഡോ, നെറ്റ്ബോൾ, തയ്ക്വാൻഡോ, വോളിബോൾ, ഗുസ്തി, ബാഡ്മിന്റൻ, ഹാൻഡ് ബോൾ, ഖോ ഖോ കരാട്ടെ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, റൈഫിൾ, വുഷു, ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങിയ ഇനങ്ങളിലാണു മത്സരം.
ഒട്ടുമിക്ക മത്സരങ്ങളും തിരുവനന്തപുരത്താണ് നടക്കുക എന്നാൽ ഹോക്കി ഉൾപ്പെടെയുള്ള ചില ചില മത്സരങ്ങൾക്ക് മറ്റുജില്ലകളും വേദിയാകും. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങളുടെ സാധ്യത കണക്കിലെടുത്താണ് ചില മത്സരങ്ങൾ മാത്രം തലസ്ഥാനത്തിന് പുറത്ത് നടത്തുന്നത്. കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ ശ്രീ എസ് രാജീവ്, ട്രഷറർ എം ആർ രഞ്ജിത്ത് ,സീനിയർ വൈസ് പ്രസിഡന്റ് പി മോഹൻദാസ് ,വൈസ് പ്രസിഡന്റ് എസ് എം രഘു ചന്ദ്രൻ നായർ , ധ്യാൻചന്ദ് അവാർഡ് ജേതാവ് കെ സി ലേഖ, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെഎസ് ബാലഗോപാൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ് എസ് സുധീർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ