- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ തീയതികൾ പുനർ നിശ്ചയിച്ചു; മാറ്റിവെച്ച ഗെയിംസ് മെയ് ഒന്ന് മുതൽ പത്ത് വരെ; തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഒളിമ്പിക് എക്സ്പോ ഏപ്രിൽ 29ന് തുടങ്ങും; വിദ്യാർത്ഥികൾക്കായി സ്കൂൾ ഒളിമ്പിക് ഗെയിംസും സംഘടിപ്പിക്കും
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ തീയതികൾ പുനർ നിശ്ചയിച്ചു . മെയ് 1 ന് ആരംഭിച്ച് 10ന് സമാപിക്കുന്ന രീതിയിലാണ് മത്സരങ്ങൾ പുനഃക്രമീകരിക്കുക. കേരള ഒളിംപിക് സംഘാടക സമിതിയുടെതാണ് തീരുമാനം. നേരത്തെ ഫെബ്രുവരി 15 മുതൽ 24 വരെ മത്സരങ്ങൾ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
ഒളിമ്പിക് ഗെയിംസി നോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഒളിമ്പിക് എക്സ്പോ ഏപ്രിൽ 29ന് ആരംഭിച്ച് മെയ് 10 ന് അവസാനിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചതായി കേരള ഒളിംപിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി സുനിൽ കുമാർ ,സെക്രട്ടറി ജനറൽ എസ് രാജീവ്, ട്രെഷറർ എം ആർ രഞ്ജിത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ .എസ് . ബാലഗോപാൽ , ഒളിമ്പിക് എക്സപോ കൺവീനർ എം കെ നാസർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 30 വൈകുന്നേരം 5 .30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ കേന്ദ്ര- സംസ്ഥാന മന്ത്രിമാർ , കേരള ഒളിമ്പിക്സിന്റെ രക്ഷാധികാരി കൂടിയായ പത്മശ്രീ മോഹൻലാൽ , കായിക രംഗത്തെ വിവിധ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ടോക്കിയോ ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ ആദരിക്കും. ഏപ്രിൽ 29 ന് ഒളിമ്പിക് എക്സ്പോ കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് ഇതാദ്യമായാണ് സംസ്ഥാന തലത്തിൽ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. ജില്ലാ ഒളിമ്പിക്സ് മത്സരങ്ങളിലെ ജേതാക്കളാണ് സംസ്ഥാന ഒളിമ്പിക്സിൽ മത്സരിക്കുക. എണ്ണായിരത്തിലധികം മത്സരാർത്ഥികൾ കേരള ഒളിമ്പിക്സിൽ പങ്കെടുക്കും. 13 ജില്ലകളിലും ജില്ലാ ഒളിമ്പിക് മത്സരങ്ങൾ പൂർത്തിയായി. കോവിഡ് തളർത്തിയ കായികരംഗത്തിന് പുത്തൻ ഉണർവാണ് ജില്ലാ ഒളിമ്പിക് മത്സരങ്ങൾ നൽകിയത്.
അത്ലറ്റിക്സ്, അക്വാറ്റിക്സ്, ആർച്ചറി, ബാസ്കറ്റ്ബോൾ, ബാക്സിങ്, സൈക്ലിങ്, ഫുട്ബോൾ, ജൂഡോ, നെറ്റ്ബോൾ, തയ്ക്വാൻഡോ, വോളിബോൾ, ഗുസ്തി, ബാഡ്മിന്റൻ, ഹാൻഡ് ബോൾ, ഖോ ഖോ , കരാട്ടെ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, റൈഫിൾ, വുഷു, ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിങ് എന്നിങ്ങനെ 24 ഇനങ്ങളിലാണു മത്സരം. ഇതിൽ 21 ഇനങ്ങളിലും തിരുവനന്തപുരത്താണ് മത്സരം. ഫുട്ബോൾ മത്സരങ്ങൾ എറണാകുളത്തും വോളിബോൾ മത്സരങ്ങൾ കോഴിക്കോടും, ഹോക്കി മത്സരങ്ങൾ കൊല്ലം അന്താരാഷ്ട്ര സ്റ്റേഡിയത്തിലുമാണ് നിശ്ചയിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുതിർന്ന കായികതാരങ്ങൾ കേരള ഒളിമ്പിക്സിന്റെ ഭാഗമായി എത്തും. സംസ്ഥാനത്തെ കായിക പ്രതിഭകൾക്ക് പുത്തൻ അവസരങ്ങൾ ആകും പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് തുറന്നു കൊടുക്കുക. പ്രഥമ കേരള ഒളിമ്പിക്സി നോടനുബന്ധിച്ച് സംഘടപ്പിക്കുന്ന സ്പോർട്സ് ഫോട്ടോ വണ്ടിയുടെയും അന്തർദേശീയ കായിക ഫോട്ടോഗ്രാഫി പ്രദർശനത്തിന്റെയും തിയതികളിലും മാറ്റമുണ്ട്.
ഏപ്രിൽ 16ന് പി ടി ഉഷയുടെ ജന്മസ്ഥലമായ പയ്യോളിയിൽ നിന്ന് പുറപ്പെടുന്ന ഫോട്ടോ വണ്ടി എല്ലാ ജില്ലകളിലും സന്ദർശിച്ച ശേഷം തിരുവനന്തപുരത്ത് ഏപ്രിൽ 28 ന് സമാപിക്കും. അന്താരാഷ്ട്ര ഫോട്ടോ എക്സ്ബിഷൻ ഏപ്രിൽ 30 ന് ആരംഭിക്കും.ഫോട്ടോ എകസ്ബിഷനിലെ വിജയികൾക്ക് യഥാക്രമം 50000,25000,15000 എന്നിങ്ങനെ സമ്മാനവും നൽകും
കേരള മീഡിയ അക്കാദമിയും , കേരള പത്രപ്രവർത്തക യൂണിയനും , കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് ഫോട്ടോഗ്രാഫി പ്രദർശനം ഒരുക്കുന്നത്. ഒളിമ്പിക് ഗെയിംസിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകർക്കായി രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വർക്ക്ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റുകൾ വർക്ക്ഷോപ്പിന്റെ ഭാഗമാകും.
വരുന്നു സ്കൂൾ ഒളിമ്പിക് ഗെയിംസ്
സംസ്ഥാന ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കും. സ്റ്റേറ്റ്, സിബിഎസ്ഇ , ഐസിഎസ്ഇ , കേന്ദ്രീയ വിദ്യാലയ, നവോദയ എന്നിങ്ങനെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സിലബസുകളിലെയും സ്കൂൾ വിദ്യാർത്ഥികൾക്കും സ്കൂൾ ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും. നിലവിൽ വിവിധ സിലബസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് ഏകീകൃത കായികമത്സരങ്ങൾ ഇല്ല . സ്കൂൾ ഒളിമ്പിക് ഗെയിംസിലൂടെ ഈ ന്യൂനത പരിഹരിക്കാനാകുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി സുനിൽകുമാർ സെക്രട്ടറി ജനറൽ എസ് രാജീവ് , ട്രെഷറർ എം ആർ രഞ്ജിത് എന്നിവർ പറഞ്ഞു.കേരളത്തിൽ ഇത് ആദ്യമായാണ് മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സ്കൂൾകൾക്ക് അതീതമായി കായിക രംഗത്ത് മികച്ച പ്രകടനത്തിന് വിദ്യാർത്ഥികൾക്ക് അവസരം നൽകുക എന്നതാണ് സ്കൂൾ ഒളിമ്പിക്സിലൂടെ ലക്ഷ്യംവെക്കുന്നത്.
അത്ലറ്റിക്സ്, അക്വാറ്റിക്സ്, ആർച്ചറി, ബാസ്കറ്റ്ബോൾ, ബോക്സിങ്, സൈക്ലിങ്, ഫുട്ബോൾ, ജൂഡോ, നെറ്റ്ബോൾ, തയ്ക്വാൻഡോ, വോളിബോൾ, ഗുസ്തി, ബാഡ്മിന്റൻ, ഹാൻഡ് ബോൾ, ഖോ ഖോ , കരാട്ടെ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, റൈഫിൾ, ജിംനാസ്റ്റിക്സ്, ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിങ് , ഫെൻസിങ്ങ് എന്നിങ്ങനെ 25 ഇനങ്ങളിലാണു മത്സരം. ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവരാകും സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുക്കുക. ഒരോ ജില്ലയിലും പതിനായിരത്തോളം വിദ്യാർത്ഥികൾ സ്കൂൾ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി അന്താരാഷ്ട്ര മത്സരങ്ങൾക്ക് സജ്ജമാക്കുക എന്നതാണ് സ്കൂൾ ഒളിമ്പിക് ഗെയിംസിന്റെ പ്രധാന ആശയം. സെപ്റ്റംബർ മാസത്തിലാകും മത്സരങ്ങൾ നടത്തുക. ഇതിനായി സംഘാടക സമിതി ഉടൻ വിളിച്ച് ചേർക്കും .
സ്കൂൾ ഒളിമ്പിക്സിനോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ അന്താരാഷ്ട്ര കായിക എകസ്പോയും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്