കൊച്ചി: സസ്‌പെൻസുകൾ അവസാനിച്ചു. തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കേരളം കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയപാലനെ തേടിയാണ് ഇത്തവണ 12 കോടിയുടെ ഭാഗ്യമെത്തിയത്. വയനാട് സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന അവകാശവാദത്തിനിടയിലാണ് പുതിയ ട്വിസ്റ്റ്.

ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്.  സമ്മാനം അടിച്ച ടിഇ 645465 ടിക്കറ്റ് ജയപാലൻ മറ്റുള്ളവരെ കാണിച്ചു. ഓട്ടോ ഡ്രൈവറായ ജയപാലൻ, ടിക്കറ്റ് കനറാ ബാങ്ക് ശാഖയിൽ സമർപ്പിക്കുകയും ചെയ്തു.

മറ്റ് ടിക്കറ്റ് എടുത്തതിന്റെ കൂടെ ഫാൻസി നമ്പറായ ഈ ടിക്കറ്റും ജയപാലൻ എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് വാർത്ത കണ്ടതോടെ സമ്മാനം ലഭിച്ചതായി മനസ്സിലായി. പത്രം വരുന്നത് വരെ കാത്തിരുന്ന ശേഷമാണ് ബന്ധുക്കളോട് പറഞ്ഞത്.

ടിക്കറ്റിന്റെ കോപ്പിയും ടിക്കറ്റ് കൈപ്പറ്റിക്കൊണ്ട് ബാങ്ക് നൽകിയ രസീതും ജയപാലൻ മാധ്യമങ്ങളെ കാണിച്ചു. ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടണമെന്നും ജയപാലൻ പറഞ്ഞു.

ഫാൻസി നമ്പർ കണ്ടാണ് ടിക്കറ്റ് എടുത്തതെന്ന് ജയപാലൻ പറയുന്നു. ദൈവമാണ് മാർഗം കാണിച്ചുതന്നത്. സഹായത്തിന് ആരും ഇല്ലാതെ വന്നപ്പോൾ ദൈവം സഹായവുമായി വന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമ്മാന തുക ഉപയോഗിച്ച് കടങ്ങൾ തീർക്കും. വർഷങ്ങളായുള്ള അതിര് തർക്കത്തിന് പരിഹാരം ഉണ്ടാക്കുമെന്നും ജയപാലൻ പറഞ്ഞു.മക്കളെ നല്ലനിലയിൽ എത്തിക്കാൻ പണം വിനിയോഗിക്കും. ബന്ധുക്കളെ സഹായിക്കും. 32 വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്നു. ഫാൻസി നമ്പർ കണ്ടിട്ടാണ് ടിക്കറ്റ് എടുത്തത്. സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറുകൾ നീണ്ട സസ്‌പെൻസുകൾക്ക് ഒടുവിലാണ് തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനെ കണ്ടെത്തിയത്.

ആരാണ് 12 കോടി നേടിയ ഭാഗ്യവാൻ എന്ന് അന്വേഷിക്കുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി ദുബായിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശിയായ സെയ്തലവി രംഗത്തെത്തിയത്. സുഹൃത്ത് വഴിയാണ് ഓണം ബമ്പർ ലോട്ടറിയെടുത്തതെന്ന് സെയ്തലവി പറഞ്ഞിരുന്നു. സെയ്തലവിയുടെ ഈ വാദം ഏറെ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയിൽ നിന്നുതന്നെയാണെന്ന് ഏജൻസിയും വ്യക്തമാക്കിയിരുന്നു.

എന്നാൽ ഫേസ്‌ബുക്കിൽ നിന്ന് ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോയാണ് താൻ സെയ്തലവിക്ക് അയച്ചു കൊടുത്തതെന്ന് സുഹൃത്ത് അഹമ്മദ് പ്രതികരിച്ചു. തന്റെ കൈയിൽ ലോട്ടറി ടിക്കറ്റുകൾ ഇല്ലെന്നും ഇപ്പോൾ നടക്കുന്ന ചർച്ചകളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അഹമ്മദ് പറഞ്ഞു.

അഹമ്മദ് പറഞ്ഞത്: ''ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയിൽ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാൾ ഫേസ്‌ബുക്കിൽ ഇട്ട ടിക്കറ്റിന്റെ പടം ഞാൻ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. ഇന്നലെ 4.10ന് ഫേസ്‌ബുക്കിൽ നിന്ന് പടം കിട്ടി. 4.53ന് സെയ്തലവിക്ക് അയച്ചു കൊടുത്തു. മറ്റൊരാൾക്ക് സെയ്തലവി കുറച്ച് പണം കൊടുക്കാനുണ്ട്. അപ്പം ലോട്ടറി എനിക്ക് അടിച്ചൂയെന്ന് ഞാൻ പറയുമെന്ന് സെയ്തലവി പറഞ്ഞു. ഞാൻ പറഞ്ഞു, ആയിക്കോട്ടോയെന്ന്. ഇതാണ് സംഭവിച്ചത്. എനിക്ക് ലോട്ടറി ടിക്കറ്റ് കച്ചവടമില്ല. ഞാൻ അയാളുടെ സുഹൃത്ത് മാത്രമാണ്. ''

അഭ്യൂഹങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കൊടുവിലാണ് ഓണം ബമ്പർ ഒന്നാം സമ്മാനമായ 12 കോടി നേടിയ കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയപാലനെ കണ്ടെത്തിയത്.