മനാമ: നവംബർ ഒന്നിന് കേരള പിറവിയോടനുബന്ധിച്ചു ഇന്ത്യൻ സ്‌കൂൾ മലയാള ദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്ററിയത്തിൽ നടന്ന മലയാള ദിനാഘോഷം സാഹിത്യ വിമർശകനും സാംസ്‌കാരിക പ്രവർത്തകനുമായ അനിൽ വേങ്കോട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, എക്‌സിക്യൂട്ടവ് കമ്മിറ്റി അംഗം സജി മാർക്കോസ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. കുട്ടികളുടെ സർവതോനുമുഖമായ പുരോഗതിക്കു മാതൃഭാഷാ പഠനം അനിവാര്യമാണെന്ന് ചടങ്ങു ഉദ്ഘാടനം ചെയ്ത അനിൽ വേങ്കോട് പറഞ്ഞു. മറ്റേതൊരു വിഷയം പഠിക്കുന്ന അത്രതന്നേ പ്രാധാന്യത്തോടെ മാതൃ ഭാഷാ പഠനവും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മലയാള ദിനാഘോഷം മാതൃഭാഷ പഠിക്കാനുള്ള താൽപ്പര്യം കുട്ടികളിൽ ഉളവാക്കുമെന്നും ചടങ്ങിൽ സംസാരിച്ച സജി മാർക്കോസ് പറഞ്ഞു.

പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതെയെ കുറിച്ച് സ്‌കൂൾ അദ്ധ്യാപിക വിബി ശരത് സംസാരിച്ചു. മലയാള ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ തിരുവാതിരക്കളി, സംഘ ഗാനം, പദ്യം ചൊല്ലൽ, ഗാന മേള എന്നിവയും ചടങ്ങിന് മറ്റു കൂട്ടി. ജേതാക്കൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ അകമഴിഞ്ഞ പങ്കാളിത്തവും അദ്ധ്യാപകരുടെയും സ്‌കൂൾ അധികൃതരുടെയും മികച്ച പിന്തുണയും ആഘോഷ പരിപാടികളെ മികവുറ്റതാക്കി.