ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിന്റെ മുഖമുദ്ര സാമൂഹ്യ സൗഹാർദ്ധവും സഹകരണവുമാണെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് മാനവിക മൂല്യങ്ങൾക്കായി കൂട്ടായി നിലകൊള്ളുകയെന്നതാണ് കേരളപ്പിറവി സന്ദേശഷമെന്നും വടക്കാങ്ങര ടാലന്റ് പബ്ളിക് സ്‌ക്കൂൾ പ്രിൻസിപ്പൽ സിന്ധ്യാ ഐസക് അഭിപ്രായപ്പെട്ടു.

കേരളപ്പിറവിയോടനുബന്ധിച്ച് സ്‌ക്കൂൾ സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സ്നേഹവും സഹിഷ്ണുതയും കൈമുതലാക്കിയാണ് കേരളം ലോകത്തിന്റെ ശ്രദ്ധ നേടിയത്. മനുഷ്യരെല്ലാരും ഏകോദര സഹോദരന്മാരെ പോലെയാണെന്ന മനോഹരമായ കാഴ്ചപ്പാടാണ് കേരളീയാഘോഷങ്ങളുടെ അടിസ്ഥാനം. വിദ്യാർത്ഥികളും പൊതുജനങ്ങളും മുൻവിധികളില്ലാതെ സ്നേഹവും സാഹോദര്യവും ഉദ്ഘോഷിക്കുമ്പോൾ സമൂഹത്തിൽ വിപ്ളവകരമായ മാറ്റമുണ്ടാകുമെന്ന് അവർ പറഞ്ഞു. പരസ്പര ബഹുമാനവും വിശ്വാസവും ശക്തിപ്പെടുത്തി മലയാളത്തിന്റെ മധുരം നുകരുവാൻ അവർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.

സ്‌ക്കൂൾ മലയാളം അദ്ധ്യാപിക സുലോചന ടീച്ചർ കേരളപ്പിറവി പ്രതിജ്ഞക്ക് നേതൃത്വം നൽകി. എം ടി വാസുദേവവൻ നായർ എഴുതി കേരളം അംഗീകരിച്ച
മലയാളമാണ് എന്റെ ഭാഷ.
എന്റെ ഭാഷ എന്റെ വീടാണ്.
എന്റെ ആകാശമാണ്
ഞാൻ കാണുന്ന നക്ഷത്രമാണ്.
എന്നെ തഴുകുന്ന കാറ്റാണ്
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്.
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.
ഏത് നാട്ടിലാണെങ്കിലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്.
എന്റെ ഭാഷ ഞാൻ തന്നെയാണ്. എന്ന പ്രതിജ്ഞയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലിയത്.

ഹിന്ദി അദ്ധ്യാപകൻ പുരുഷോത്തമന്റെ നേതൃത്വത്തിൽ കേരളത്തിലെ പതിനാലു ജില്ലകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടി അരങ്ങേറി. സ്‌ക്കൂൾ മാനേജർ യാസർ കരുവാട്ടിൽ, വിദ്യാർത്ഥി പ്രതിനിധി ഫാദിൽ ഇ.സി. സംസാരിച്ചു.

അദ്ധ്യാപകരെല്ലാം തനത് കേരളീയ വേഷമണിഞ്ഞ് കേരളപ്പിറവിയുടെ സന്ദേശത്തിന് ശക്തി പകർന്നപ്പോൾ കേരളപ്പിറവി ആഘോഷപരിപാടികൾ അവിസ്മരണീയമായ അനുഭവമായി മാറി.