തിരുവനന്തപുരം: കേരളാ പൊലീസിൽ ഏകീകൃത സീനിയോറിറ്റി നടപ്പിലാക്കാനുള്ള ആലോചനകൾ തകൃതി. പി.എസ്.സി. നിയമന ശുപാർശയുടെ അടിസ്ഥാനത്തിൽ കോൺസ്റ്റബിൾ തലത്തിൽ സീനിയോറിറ്റി കണക്കാക്കാനും നിർദേശമുണ്ട്. ഇത് നടപ്പായാൽ കോൺസ്റ്റബിൾ നിയമനം നേടുന്നവരുടെ പ്രെമോഷൻ സംസ്ഥാന തലത്തിലാക്കും.

നിലവിൽ ജില്ലാ അടിസ്ഥാനത്തിൽ ബറ്റാലിയനുകളിൽ നിയമനം നടത്തുകയാണ് രീതി. ഇതിന് പകരം സംസ്ഥാനതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ നിയമനം നടത്തുന്നതാണ് പുതിയ രീതി. പി.എസ്.സി. നിയമന ശുപാർശയുടെ അടിസ്ഥാനത്തിൽ സീനിയോറിറ്റി കണക്കാക്കാനാണ് നീക്കം. ഇതേ കുറിച്ച് പഠിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സമിതിക്കു രൂപംനൽകി. ഈ സമിതിയുടെ റിപ്പോർട്ടാകും ഇനി നിർണ്ണായകം.

പരിശീലന വിഭാഗം എ.ഡി.ജി.പി. ഡോ. ഷെയ്ക്ക് ദർവേശ് സാഹിബ്, ദക്ഷിണമേഖലാ ഐ.ജി. ഹർഷിത അത്തല്ലൂരി, ആംഡ് പൊലീസ് ബറ്റാലിയൻ ഡി.ഐ.ജി. പി. പ്രകാശ്, പൊലീസ് ആസ്ഥാനത്തെ എഐജി ഹരി ശങ്കർ, പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കെ.എൽ. ജോൺകുട്ടി, ഡിവൈ.എസ്‌പി. അജിത് മോഹൻ എന്നിവരടങ്ങുന്ന സമിതിയെയാണ് പഠനത്തിനു നിയോഗിച്ചിരിക്കുന്നത്. ഈ സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം.

പൊലീസ് കോൺസ്റ്റബിൾമാരുടെ നിയമനം ജില്ലാ അടിസ്ഥാനത്തിൽ ഫീഡർ ബറ്റാലിയനുകളിലേക്കാണ്. അവിടെനിന്ന് കേരള സിവിൽ പൊലീസ് കേഡറിലേക്കു മാറ്റും. സിവിൽ പൊലീസ് ഓഫീസർമാരുടെയും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരുടെയും സീനിയോറിറ്റി ജില്ലാ അടിസ്ഥാനത്തിൽ കണക്കാക്കുന്നത്. എഎസ്ഐ.മാരുടെയും സ്ഥാനക്കയറ്റത്തിലൂടെ എസ്‌ഐ.മാർ ആയവരുടെയും സീനിയോറിറ്റി റേഞ്ച് തലത്തിലും.

നേരിട്ട് നിയമനം നേടിയ എസ്‌ഐ.മാർക്കും ഗസറ്റഡ് ഉദ്യോഗസ്ഥർക്കും മാത്രമാണ് നിലവിൽ ഏകീകൃത സീനിയോറിറ്റിയുള്ളത്. എല്ലാ ഉദ്യോഗസ്ഥർക്കും ഈ രീതി കൊണ്ടുവരാനാണ് ആലോചന. സംസ്ഥാനത്തെ മൊത്തം ഒഴിവുകളുടെ അടിസ്ഥാനത്തിൽ കോൺസ്റ്റബിൾ(സിവിൽ പൊലീസ് ഓഫീസർ) നിയമനത്തിന് ആലോചിക്കുന്നത്. സംസ്ഥാന തലത്തിൽ നിയമനം നടത്തിയാൽ അവരുടെ സീനിയോറിറ്റി, ഒഴിവുകളുടെ ലഭ്യത എന്നിവ കണക്കിലെടുത്ത് ഉദ്യോഗാർഥികളെ വിവിധ ബറ്റാലിയനുകളിലേക്കോ ജില്ലയിലേക്കോ നിയോഗിക്കും.

അതായത് പി എസ് സി പരീക്ഷയിൽ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക ജില്ല നിയമനത്തിനായി തിരഞ്ഞെടുക്കാൻ കഴിയില്ല. പകരം നിയമനം കിട്ടുന്നവർക്ക് ഒഴിവുകളുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമന ജില്ല നിശ്ചയിക്കും. ഇതിലൂടെ ഒരു സമയം ജോലിക്ക് കയറുന്നവർക്ക് അതനുസരിച്ച് പ്രെമോഷൻ കിട്ടുന്ന അവസ്ഥവരും. നിലവിൽ ഒരേ വർഷം നിയമനം ലഭിച്ചവർക്ക് അതാത് ജില്ലകളിലെ ഒഴിവുകളാണ് പ്രെമോഷന് പരിഗണിക്കുന്ന ഘടകം.