- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് തയ്യാറാക്കൂ; സമ്മാനം നേടൂ': പൊലീസ് വാഹനത്തിനരികിൽ ഇരുകാലിൽ നിൽക്കുന്ന നായയുടെ ചിത്രം ഔദ്യോഗിക പേജിൽ പങ്കുവച്ച് കേരള പൊലീസ്; ലൈക്കിൽ മുൻപിൽ 'എന്നെ പൊലീസിലെടുക്കു പ്ലീസ്..'എന്ന കമന്റ്
തിരുവനന്തപുരം: വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനത്തിനരികിൽ ഇരുകാലിൽ നിൽക്കുന്ന നായയുടെ കൗതുകകരമായ ചിത്രത്തിന് അടിക്കുറിപ്പ് തേടി കേരള പൊലീസ്. 'ഈ ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് തയ്യാറാക്കൂ; സമ്മാനം നേടൂ' എന്നാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. പിന്നാലെ രസകരമായ കമന്റുകളുമായി പ്രമുഖരടക്കം രംഗത്തെത്തി.
മത്സരത്തിന്റെ ഭാഗമാകാൻ കമന്റ് ബോക്സിൽ അടിക്കുറിപ്പുകൾ രേഖപ്പെടുത്താം. അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രസകരമായ ഒരു കമന്റിന് സമ്മാനമുണ്ടെന്നാണ് പ്രഖ്യാപനം. എറണാകുളം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വാഹനത്തിലെ പൊലീസ് ഉദ്യോഗസ്ഥനു മുന്നിലുള്ള നായയുടെ സ്റ്റണ്ട് പകർത്തിയിരിക്കുന്നത് ദീപേഷ് വിജിയാണ്.
പങ്കുവെച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പന്ത്രണ്ടായിരത്തോളം കമന്റുകളും എഴുന്നൂറിലധികം ഷേറുകളും നേടിയിട്ടുണ്ട് ചിത്രം. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ക്യാപ്ഷനായി നിർദ്ദേശിക്കപ്പെടുന്നത്. കോവിഡ് മുതൽ അടുത്തിടെ ചർച്ചയായ തൃശ്ശൂർ മേയറുടെ സല്യൂട്ട് വിവാദം വരെ കമന്റുകളിൽ വിഷയമാകുന്നുണ്ട്.
അതേസമയം, വിവിധ രംഗങ്ങളിലെ പ്രമുഖരും പോസ്റ്റിന് കമന്റിട്ട് മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്. ചലച്ചിത്ര താരമായ നിർമ്മൽ പാലാഴി, പ്രമുഖ മെന്റലിസ്റ്റ് നിപിൻ നിരവത്ത്, ഷെഫ് സുരേഷ് പിള്ള എന്നിവരാണ് അക്കൂട്ടത്തിലെ ചിലർ
'നിങ്ങൾ പറഞ്ഞാൽ എനിക്ക് പറഞ്ഞാൽ മനസ്സിലാവും ഞാൻ വീട്ടിൽ അടങ്ങി ഇരിക്കാം സാറേ'- എന്നാണ് നിർമ്മൽ പാലാഴിയുടെ കമന്റ്.
'സാറെ വഴിയേപോകുമ്പോൾ ചിലർ കല്ലെറിയുന്നു, ഭർത്താവ് ഇട്ടിട്ടുപോയി. ഭക്ഷണം തേടി ഇറങ്ങുന്നതാണ്. കുഞ്ഞിന്റെ അവസ്ഥ സാറുമ്മാർ കാണണം, കടകളും ഇല്ല ഞങ്ങളുടെ അവസ്ഥ മനസിലാക്കി എന്തെങ്കിലും നടപടി സ്വീകരിക്കാൻ അങ്ങേക്ക് കനിവുണ്ടാകണം' നായയുടെ അപേക്ഷ നിപിൻ നിരവത്ത് കുറിച്ചു.
'സാറേ... നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാൽ ഞാൻ പൊളിക്കും, ആ ജർമ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ... കഞ്ചാവിന്റെ മണം ഞാൻ പെട്ടെന്ന് പിടിച്ചെടുക്കും.. എന്നെ പൊലീസിലെടുക്കു പ്ലീസ്..' എന്നായിരുന്നു ഷെഫ് സുരേഷ് പിള്ളയുടെ കമന്റ്. നിലവിൽ ആറായിരത്തിലധികം ലൈക്കുകളോടെ ലൈക്കിൽ മുൻപിൽ സുരേഷ് പിള്ളയുടെ ഈ കമന്റാണ്.




