നെടുമ്പാശ്ശേരി: കൊച്ചിയിലേയും എറണാകുളം റൂറലിലേയും പൊലീസ് പല കാരണങ്ങളാൽ പ്രതിക്കൂട്ടിലാണ്. മോഫിയാ കേസും മോൻസൺ മാവുങ്കൽ കേസും എല്ലാം അവസാന ഉദാഹരണം. മോഫിയാ കേസിൽ യൂത്ത് കോൺഗ്രസുകാർ സമരം ചെയ്തത് തീവ്രവാദികൾക്ക് വേണ്ടിയാണെന്ന കണ്ടെത്തലും വന്നു. ഇത് സർക്കാരിനും ക്ഷീണമായി. റിമാൻഡ് റിപ്പോർട്ടിലെ തീവ്രവാദ പരാമർശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനേയും ഞെട്ടിച്ചു. മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടു. അതിന് ശേഷം നെടുമ്പാശ്ശേരിയിൽ എത്തിച്ച മുഖ്യമന്ത്രിയേയും അതേ പൊലീസ് ചുറ്റിച്ചു എന്നതാണ് വസ്തുത.

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ സുരക്ഷാ പാളിച്ചയുണ്ടായതു സംബന്ധിച്ച് അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. ബുധനാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പോകാനെത്തിയപ്പോഴാണ് സുരക്ഷാ പാളിച്ചയുണ്ടായത്. പൈലറ്റ് വാഹനം ശരിയായ വഴിയിലൂടെയല്ല സഞ്ചരിച്ചത്. ഇതുമൂലം മുഖ്യമന്ത്രിയുടെ വാഹനവും വഴി തെറ്റുകയായിരുന്നു. പൊലീസിന്റെ യാത്രയിലെ വഴി തെറ്റൽ തന്നെയാണ് മോഫിയയുടെ ആത്മഹത്യയിലേക്ക് പോലും എത്തിച്ചത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ മറ്റൊരു തരത്തിലെ ചുറ്റിക്കൽ എന്നു മാത്രം.

ആഭ്യന്തര ടെർമിനലിലെ പുറപ്പെടൽ ഭാഗത്തേക്കാണ് വാഹന വ്യൂഹം എത്തേണ്ടിയിരുന്നത്. എന്നാൽ, പൈലറ്റ് വാഹനം വഴി തെറ്റി ആഭ്യന്തര കാർഗോ വഴി സഞ്ചരിക്കുകയായിരുന്നു. വഴി തെറ്റിയെന്ന് മനസ്സിലാക്കിയ പൊലീസ് തുടർന്ന് ഒരുവട്ടം കൂടി കറങ്ങി പുറപ്പെടൽ ഭാഗത്ത് എത്തി. വഴി കൃത്യമായി അറിയാവുന്നവർ തന്നെയാണ് ഇതെല്ലാം ചെയ്തതും. ആലുവ പാലസിൽ നിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയിൽ സുരക്ഷാ വീഴ്ചയെന്നു വിലയിരുത്തൽ സർക്കാരിനുമുണ്ട്.

ഡിപ്പാർച്ചർ ടെർമിനലിൽ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ട മുഖ്യമന്ത്രിയെ പൊലീസ് എത്തിച്ചതു യാത്രക്കാർ വന്നിറങ്ങുന്ന അറൈവൽ ടെർമിനലിൽ ആയിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ശേഷമാണു സ്ഥലം തെറ്റിയെന്നു മുഖ്യമന്ത്രി തിരിച്ചറിഞ്ഞത്. വഴി തെറ്റിച്ച പൊലീസ് ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ച ശേഷം മുഖ്യമന്ത്രി കാറിൽ തിരികെ കയറി 'ഡിപ്പാർച്ചറി'ൽ എത്തുകയായിരുന്നു. വരാപ്പുഴ, മുനമ്പം സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരാണു 2 ജീപ്പുകളിൽ മുഖ്യമന്ത്രിക്കു പൈലറ്റ് പോയത്. ആലുവ പൊലീസിനായിരുന്നു എസ്‌കോർട്ട് ചുമതല. മുഖ്യമന്ത്രിക്കൊപ്പം കമാൻഡോ സംഘവും ഉണ്ടായിരുന്നു.

ആലുവാ പൊലീസുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രിക്ക് മുമ്പിൽ ഈയിടെ എത്തിയത്. വരാപ്പുഴ സ്റ്റേഷനും പല കാരണങ്ങളാൽ ചർച്ചയായി. ഇതേ പൊലീസാണ് മുഖ്യമന്ത്രിയേയും വഴി തെറ്റിച്ചത്. സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടു തിങ്കളാഴ്ചയാണു മുഖ്യമന്ത്രി പാലസിൽ എത്തിയത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് ഇന്നലെ തിരുവനന്തപുരത്തേക്കു തിരിച്ചത്. പൈലറ്റ് സംഘത്തിനു സംഭവിച്ച പിശകാണു സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയതെന്ന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.സംഘത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ റൂറൽ എസ്‌പിയും ഡിഐജിയും വിളിപ്പിച്ചിട്ടുണ്ട്.

പാലസിൽ നിന്നു പോകുന്നതിനു മുൻപു മുഖ്യമന്ത്രി പാലസ് മാനേജർ ജോസഫ് ജോണിനെ മുറിയിലേക്കു വിളിപ്പിച്ചു താമസവും ആഹാരവുമെക്കെ നന്നായിരുന്നുവെന്നു പറഞ്ഞതു ജീവനക്കാർക്കു പുതുമയായി.