പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യം കിട്ടാതെ അഴിയെണ്ണിയപ്പോൾ അത് സിപിഎമ്മിന്റെയും പിണറായി വിജയന്റെയും നേട്ടമായി ആഘോഷിക്കപ്പെട്ടു. എന്നാൽ, ഇതാ ഇവിടെ ഒരു സിപിഐഎം നേതാവിന്റെ നിർദേശപ്രകാരം ബാലികാ പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാൻ വിവിധ സർക്കാർ വകുപ്പുകൾ ഒന്നിച്ച് കൈകോർക്കുന്നു.

ഭരണപക്ഷത്തെ പ്രമുഖന്റെ ഒത്താശയോടെ ഡോക്ടർമാരും പൊലീസും ചേർന്ന് നടത്തുന്ന അട്ടിമറിയുടെ പരിണിതഫലം അനുഭവിക്കുന്നത് ലോകത്തിന്റെ കളങ്കമറിയാത്ത അഞ്ചരവയസുകാരിയും. പീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട അഞ്ചര വയസുകാരിയെ ചോദ്യം ചെയ്തത് അഞ്ചു തവണ. എന്നിട്ടും പ്രതിയെ പിടിക്കാൻ പൊലീസിന് വിമുഖത.

ഇതുവരെ മൊഴിയെടുത്തു കഴിയാത്ത വിധമാണ് വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്നത്. കോയിപ്രം പൊലീസ്, കോഴഞ്ചേരി സിഐ, ചൈൽഡ് ലൈൻ എന്നിവരുടെ മാനസിക പീഡനം അനുഭവിക്കേണ്ട അവസ്ഥയിലാണ് ഈ പിഞ്ചു ബാലിക. ഇവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് മടുക്കുകയാണ് ഇരയും മാതാപിതാക്കളും. പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
കോഴഞ്ചേരി സർക്കിൾ ഇൻസ്പെക്ടറുടെ പരിധിയിൽ നടന്ന പീഡനമാണ് ഉന്നതരുടെ ഇടപെടിലിൽ അന്വേഷണം വഴിമുട്ടി നിൽക്കുന്നത്.

പ്രതിയെ കുറിച്ച് വ്യക്തമായ സൂചന നൽകിയിട്ടും ഇവിടേക്ക് അന്വേഷണം എത്തിക്കാൻ പൊലീസിന് കഴിയുന്നുമില്ല . കേസ് ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടും പലരും കുട്ടിയുടെ ബന്ധുക്കളെ സമീപിക്കുന്നുണ്ട്. ഇതിനു തയാറാകാതെ വന്നതോടെ ഭീഷണിയുമുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത് വനിതാ പൊലീസിനൊപ്പം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയിൽ എത്തിയപ്പോഴാണ് പ്രതി എത്രമാത്രം പ്രബലനാണെന്ന് മനസിലായത്.

കുട്ടിയെ പരിശോധിക്കാൻ ജില്ലാശുപത്രിയിലെ ഡോക്ടർമാർ വിസമ്മതിച്ചു. സിപിഎമ്മിലെ ഉന്നത നേതാവിന്റെ നിർദേശ പ്രകാരമാണ് ഡോക്ടർ വിസമ്മതം അറിയിച്ചതെന്ന് ആരോപണമുണ്ട്. പകരം ഡോക്ടർ എത്തും എന്ന് പറഞ്ഞെങ്കിലും ഇതും ഉണ്ടായില്ല. കുട്ടിയുമായി എത്തിയ കോയിപ്രം പൊലീസാകട്ടെ ഔദ്യോഗിക നടപടി ക്രമങ്ങൾ പാലിച്ചതുമില്ല.

ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ആരും തന്നെ ആശുപത്രി സൂപ്രണ്ടിനെയോ, ഡി.എം.ഓയെയോ വിവരം അറിയിച്ചില്ല. ഇതിനു പിന്നിലും സി.പി.എം ഉന്നതന്റെ ഇടപെടിൽ ഉണ്ടായതായി ഇടതു മുന്നണി പ്രവർത്തകർ തന്നെ പറയുന്നു.