കൊച്ചി: കുറഞ്ഞ കാലം കൊണ്ട് ജനപ്രീതിയിൽ മുമ്പിലെത്തിയ കേരളാ പൊലീസിന്റെ ഫേസ് ബുക്ക് പേജ് പത്തു ലക്ഷം ലൈക്ക് ലക്ഷ്യമിട്ടു കുതിക്കുന്നു. ലൈക്കുകളുടെ എണ്ണത്തിൽ ബെംഗളൂരു പൊലീസിനേയും ന്യൂയോർക്ക് പൊലീസിനേയും മറികടന്ന കേരളപൊലീസ് പുതുവർഷത്തിൽ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള നേപ്പാൾ പൊലീസിനെ മറികടക്കാനാണ് ശ്രമിക്കുന്നത്.

ഇതിന്റെ പ്രചാരത്തിനായി പൊലീസ് പോസ്റ്റ് ചെയ്ത പോസ്റ്റും വൈറലായി. ചട്ടമ്പിനാട് എന്ന സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ട്രോളാണ് പൊലീസ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ട്രോൾ രൂപത്തിലുള്ള മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും പ്രതികരണങ്ങളുമായി കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് പേജ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

നിലവിൽ 9.55 ലക്ഷത്തോളം ലൈക്കാണ് കേരള പൊലീസ് ഫേസ്‌ബുക്ക് പേജിനുള്ളത്. ഇതിനിടെ നേപ്പാൾ പൊലീസിനെതിരെയുള്ള ലൈക്ക് ഭീഷണി ചില മലയാളികൾ അവരുടെ ഫേസ്‌ബുക്ക് പേജിലും ഉയർത്തി. തങ്ങളുടെ പോസ്റ്റുകൾക്കടിയിൽ വ്യാപകമായി മലയാളത്തിലുള്ള സന്ദേശങ്ങൾ വന്നതോടെ നേപ്പാൾ പൊലീസ് കാര്യം മനസ്സിലാകാതെ ഒരുവേള കമന്റ് ബോക്സ് അടച്ചുപൂട്ടി. പിന്നീട് കാര്യം മനസ്സിലായപ്പോൾ വീണ്ടും തുറക്കുകയായിരുന്നു.

നേപ്പാൾ പൊലീസിനെ തോൽപ്പിക്കാൻ മലയാളികളുടെ സഹായം തേടി കേരള പൊലീസ് പേജിൽ വന്ന ട്രോളിനെ തുടർന്ന് നേപ്പാൾ പൊലീസിന്റെ എഫ്ബി പേജ് മലയാളത്തിലുള്ള കമന്റുകളാൽ നിറയുകയായിരുന്നു. ഞങ്ങടെ പൊലീസ് വരുന്നെടാ നിങ്ങളെ പൊട്ടിക്കാൻ തുടങ്ങി കുറച്ചു കഞ്ഞി എടുക്കട്ടേ കമന്റ് വരെ പേജിൽ നിരന്നിട്ടുണ്ട്.