- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോർവേഡർമാരുടെ പട്ടികയിൽ ഒന്നാമതെത്തിയിട്ടും ജോലി നൽകിയില്ല; മിഡ് ഫീൽഡർമാരിൽ മൂന്നാം സ്ഥാനക്കാരനെ തിരുകിക്കയറ്റാൻ നീക്കം; ട്രിബ്യൂണൽ വഴി അനുകൂല വിധി നേടി എൽദോസ് സണ്ണി; കേരള പൊലീസ് ഫുട്ബോൾ ടീമിലെ 'അയോഗ്യർ' പുറത്താകും
തിരുവനന്തപുരം: കേരള പൊലീസിന്റെ ആംഡ് പൊലീസ് ബെറ്റാലിയനിൽ ഹവിൽദാർ തസ്തികയിലേക്ക് സ്പോർട്സ് ക്വാട്ടയിൽ കായിക പരീക്ഷയിൽ പാസായിട്ടും ജോലി നൽകാതെ പുറത്തു നിർത്തിയ നടപടിക്കെതിരെ ട്രിബ്യൂണൽ വഴി അനുകൂല വിധി സമ്പാദിച്ച് കായികതാരം എൽദോസ് സണ്ണി. ഹർജിയിൽ നിലവിലെ തിരഞ്ഞെടുപ്പ് പ്രക്രിയ പുനഃപരിശോധിക്കാനും അയോഗ്യരായവർ ലിസ്റ്റിലുണ്ടെങ്കിൽ ഒഴിവാക്കാനും കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു.
കേരള പൊലീസ് ഫുട്‌ബോൾ ടീമിൽ നടക്കുന്ന തിരുകിക്കയറ്റലുകളുടെ യാഥാർത്ഥ്യമാണ് തൊടുപുഴക്കാരനായ എൽദോസ് സണ്ണിയുടെ നിയമ പോരാട്ടത്തിലൂടെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. ആംഡ് പൊലീസ് ബെറ്റാലിയനിൽ ഹവിൽദാർ തസ്തികയിലേക്ക് സ്പോർട്സ് ക്വാട്ട വഴി യോഗ്യത നേടിയ ഫുട്ബോൾ താരത്തെ തഴഞ്ഞ നടപടിക്ക് എതിരെയാണ് ട്രൈബ്യുണലിനെ സമീപിച്ച് എൽദോസ് അനുകൂല വിധി സമ്പാദിച്ചത്. എൽദോസ് സണ്ണിയുടെ ഹർജിയിൽ ട്രിബ്യൂണൽ പരിഗണനയ്ക്ക് എടുക്കുകയും ഇടപെടുകയുമായിരുന്നു.
2015ലാണ് കേരള പൊലീസിൽ ഹവിൽദാർ വിഭാഗത്തിലേക്ക് ഇതു സംബന്ധിച്ച് സെലക്ഷൻ നടന്നത്. ഫുട്‌ബോൾ ടീമിലേക്കുള്ള ആറുപേരുടെ ഒഴിവിലേക്കായിരുന്നു അന്ന് തിരിഞ്ഞെടുപ്പ് നടന്നത്. സർക്കാർ ഓർഡർ പകാരം രണ്ടു മിഡ് ഫീൽഡർമാരേയും രണ്ടു ഡിഫന്റർമാരേയും രണ്ടു ഫോർവേർഡർമാരേയുമാണ് എടുക്കേണ്ടിയിരുന്നത്. ഇതിൽ ഫോർവേഡർമാരുടെ പട്ടികയിൽ ഒന്നാം റാങ്കുകാരനായിരുന്നു എൽദോസ്. എന്നാൽ കായിക പരീക്ഷ കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കാര്യങ്ങളാകെ മാറി. ഈ പട്ടികയിൽ നിന്നും ഫോർവേഡർമാരെ ഒഴിവാക്കുകയും മൂന്നു മിഡ് ഫീൽഡർ, മുന്ന് ഡിഫന്റർ എന്നാക്കി പട്ടിക പുനഃക്രമീകരിക്കുകയുമായിരുന്നു.
യഥാർത്ഥത്തിൽ മിഡ് ഫീൽഡർമാരുടെ കായിക പരീക്ഷയിൽ മുന്നാം സ്ഥാനം നേടിയ വ്യക്തിയെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു അവിടെ നടന്നതെന്നാണ് ആരോപണം ഉയരുന്നത്. സർക്കാർ നിർദ്ദേശത്തിന്റെ പച്ചയായ ലംഘനമാണ് അവിടെയുണ്ടായത്. ഫോർവേഡർമാരെ വേണ്ട എന്ന നിർദ്ദേശം സർക്കാരിൽ നിന്നോ ടീമുമായി ബന്ധപ്പെട്ടവരിൽ നിന്നോ ഉണ്ടായില്ല. ചിലർ അവരുടെ താൽപര്യത്തിനനുസരിച്ച് സ്വന്തമായി തീരുമാനമെടുക്കുകയാണ് ചെയ്തത്.
ഇതിനെത്തുടർന്ന് എൽദോസ് പരാതിയുമായി ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. നിയമ പോരാട്ടത്തിനൊടുവിൽ അനുകൂല വിധിയും എൽദോസ് നേടിയെടുത്തു. രണ്ടു മിഡ് ഫീൽഡർമാരേയും രണ്ടു ഡിഫന്റർമാരേയും രണ്ടു ഫോർവേർഡർമാരേയും എടുക്കണമെന്ന നിർദ്ദേശം അട്ടിമറിച്ച് മൂന്ന് മിഡ് ഫീൽഡർ, മുന്ന് ഡിഫന്റർ എന്നാക്കി മാറ്റിയ രീതി ട്രൈബ്യുണൽ റദ്ദു ചെയ്യുകയും, ഇപ്പോഴത്തെ ലിസ്റ്റിൽ നിന്നും അയോഗ്യരായ രണ്ടു പേരെ ഒഴിവാക്കി രണ്ടു ഫോർവേഡർമാരെ എടുക്കാൻ ഉത്തരവിടുകയുമായിരുന്നു. രണ്ടുമാസത്തിനുള്ളിൽത്തന്നെ ഉത്തരവ് നടപ്പിലാക്കണമെന്നും ട്രിബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്.
'എനിക്ക് അവകാശപ്പെട്ടത് മറ്റൊരാൾക്ക് യാതൊരു മനസ്താപവുമില്ലാതെ വച്ചു നീട്ടിയ രീതിയാണ് എന്നെ നിയമപോരാട്ടത്തിന് ഇറക്കിയത്. യാഥാർത്ഥത്തിൽ ഇത് എനിക്കു വേണ്ടി മാത്രമല്ല, എന്നെപ്പോലെ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന നിരവധി പേരുണ്ട്. അവരുടെ പോരാട്ടങ്ങൾക്കൊരു പ്രചാദനം കൂടിയാണ് എന്റെ പോരാട്ടമെന്ന് ഞാൻ കരുതുന്നു'. -എൽദോസ് സണ്ണി പറയുന്നു.
കേരള പൊലീസിലേക്കുള്ള സെലക്ഷൻ കഴിഞ്ഞതിനു പിന്നാലെ അന്നത്തെ കേരള പൊലീസ് ടീം കോച്ച് എൽദോസിനെ ടീം ക്യാമ്പിലേക്കു വിളിച്ചിരുന്നു. കാരണം അന്നത്തെ ടീം സ്‌ട്രൈക്കർമാരുടെ കുറവ് അനുഭവിക്കുന്ന സമയമായിരുന്നു. ആറുപേരെ തിരഞ്ഞെടുത്തതിൽ എൽദോസിനെ മാത്രമാണ് ക്യാമ്പിലേക്ക് ക്ഷണിച്ചതും. തിരുവനന്തപുരത്ത് രണ്ടു ദിവസം എൽദോസ് ഫുട്‌ബോൾ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാൽ ജോലി സംബന്ധിച്ച് പേപ്പർ ജോലികൾ ശിയാകാത്തതിനാൽ രണ്ടു ദിവസത്തിനു ശേഷം എൽദോസ് തിരിച്ചു വരികയായിരുന്നു.
കായിക പരീക്ഷ തിരഞ്ഞെടുപ്പിനെ തുടർന്ന് 2016ൽ മാധ്യമങ്ങളിൽ എൽദോസ് സണ്ണിയുടെയും മറ്റും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഫോർവേഡർമാരിൽ ഒന്നാം സ്ഥാനം എൽദോസിനാണെങ്കിലും ജോലിയിലേക്ക് കടക്കാനുള്ള ഭാഗ്യമുണ്ടായത് മിഡ് ഫീൽഡർ, ഡിഫന്റർ റിസർവ് ലിസ്റ്റിലുണ്ടായിരുന്നവർക്കായിരുന്നു. കഠിന പ്രയത്‌നത്തിലൂടെ ലഭിച്ച ജോലിയും ഫുട്‌ബോൾ എന്ന ആഗ്രഹവും കൈവിട്ടു പോകുന്നതു നോക്കി നിൽക്കാനെ അന്നു എൽദോസിനു കഴിഞ്ഞുള്ളു. എന്നാൽ തോറ്റുകൊടുക്കാതെ നീതി നിർവ്വഹണ സംവിധാനങ്ങളെ സമീപിച്ച എൽദോസ് കാത്തിരുന്ന് തന്റെ അവകാശം നേടിയെടുത്തിരിക്കുകയാണിപ്പോൾ.
സംസ്ഥാനത്തിന്റെ അഭിമാനമാകേണ്ട കായിക ടീമിലാണ് ഇത്തരത്തിൽ തിരുകിക്കയറ്റം നടക്കുന്നത്. ഇതുമൂലം ആർക്കാണ് നഷ്ടമെന്നു ചോദിച്ചാൽ അതിനുത്തരം ഒന്നേയുള്ളു. സംസ്ഥാനത്തിന്. 90കളിൽ സംസ്ഥാനത്തിന്റെ അഭിമാനമായിരുന്ന കായിക സംസ്‌കാരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിനാണ് ചിലരിലൂടെ തുരങ്കം വയ്ക്കപ്പെടുന്നത്. നിയമപോരാട്ടത്തിന് രംഗത്തിറങ്ങാൻ മനസ്സുണ്ടായതുകൊണ്ടു മാത്രം എൽദോസ് സണ്ണിക്ക് തന്റെ അവകാശമായ ജോലി നേടിയെടുക്കാൻ സാധിച്ചുവെന്നുള്ളതു മാത്രമാണ് ഇക്കാര്യം പുറത്തറിയാൻ ഇടയാക്കിയതും.
പ്രതാപം ഓർമ്മകളിൽ മാത്രമാക്കി ചുരുക്കി കേരള പൊലീസ് ഫുട്‌ബോൾ ടീം ഇന്ന് ചിലരിൽ മാത്രമായി ഒതുങ്ങുകയാണ്. ഒരു കാലതത്ത് കാൽപ്പന്തു ഭ്രാന്ത് ആകാശത്തോളമുയർത്തിയ ഒരു ടീമായിരുന്നു കേരള പൊലീസ്.1990 ലും 1991 ലും ഫെഡറേഷൻ കപ്പ് കേരളത്തിലേക്ക് കൊണ്ടുവന്ന അതേ കേരള പൊലീസിലെ കളിക്കാരുടെ പിന്തുണയിലാണ് 91,92 ലും കേരളം സന്തോഷ് ട്രോഫി നേടുന്നത്. തുടർച്ചയായി രണ്ടു തവണ സന്തോഷ് ട്രോഫി കേരളത്തിലേക്കു കൊണ്ടുവന്ന ടീം 93 ൽ ഫൈനലിൽ എത്തുകയും ചെയ്തു.തുടർച്ചയായി ഒൻപത് വർഷം കേരളം ഫൈനലിൽ കളിച്ചുപ്പോൾ ടീമിന്റെ നട്ടെല്ലായി മാറിയത് .കേരളപൊലീസ് ടീമായിരുന്നു.
പ്രതാപം ഓർമ്മകളിൽ മാത്രമാക്കി ചുരുക്കി കേരള പൊലീസ് ഫുട്‌ബോൾ ടീം ഇന്ന് ഏതാനും പേരിലേക്ക് ചുരുങ്ങുന്നു. പ്രതിഭയുള്ളവരുടെ അപര്യാപ്തതയാണ് കേരള പൊലീസ് ഫുട്‌ബോൾ ടീമിന്റെ തകർച്ചയ്ക്കു കാരണം. കഴിവുള്ളവരെ പുറത്തു നിർത്തി മറ്റുള്ളവർ കളം നിറയുമ്പോൾ ഫുട്‌ബോൾ ടീമും നാൾക്കുനാൾ താഴേക്കു പൊയ്‌ക്കോണ്ടിരിക്കുന്നു.
സ്പോർട്സ് ഡെസ്ക്