കൊച്ചി: മതപരമായ കാരണങ്ങളാൽ പൊലീസുകാർ താടി വളർത്തുന്നതിൽ തെറ്റുണ്ടോ? ചോദ്യം ഹൈക്കോടതിയുടേതാണ്. മതവിശ്വാസിയായ പൊലീസുകാരൻ താടി വളർത്താൻ അനുമതി നൽകണമെന്ന് കാണിച്ചു നൽകിയ ഹർജിയിൽ ഹൈക്കോടതി ആഭ്യന്തര വകുപ്പിന്റെയും സംസ്ഥാന പൊലീസ് മേധാവിയുടെയും വിശദീകരണം തേടി നോട്ടിസ് പുറപ്പെടുവിച്ചു. എറണാകുളം എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ കെ.റിയാസ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

ഹർജിക്കാരന് 2012ൽ റമസാൻ മാസത്തിൽ മേലുദ്യോഗസ്ഥൻ താടി വളർത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ, ഇങ്ങനെ സ്ഥിരമായി താടി വളർത്താൻ സാധിക്കുമോ എന്ന കാര്യം തിരക്കിയാണ് ഉദ്യോഗസ്ഥൻ ഹർജി നൽകിയത്. 2013ൽ സ്ഥിരം താടിവയ്ക്കാൻ അനുമതി തേടിയെങ്കിലും മതപരമായ കാര്യമായതിനാൽ സർക്കാർ തീരുമാനിക്കണമെന്നു പറഞ്ഞ് അസി. കമൻഡാന്റ് അപേക്ഷ മടക്കി. തുടർന്നു ഹർജിക്കാരൻ സർക്കാരിന് അപേക്ഷ നൽകി.

മതപരവും ആരോഗ്യപരവുമായ കാരണങ്ങളാൽ നേവി, എയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കു താടി വയ്ക്കാൻ അനുമതി നൽകാറുണ്ടെന്നും അപേക്ഷയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ അപേക്ഷ സർക്കാർ തള്ളി. വീണ്ടും രജിസ്റ്റേർഡ് തപാലിൽ സർക്കാരിന് അയച്ച അപേക്ഷ സംസ്ഥാന പൊലീസ് മേധാവിയുടെ പരിഗണനയ്ക്ക് അയച്ചു. പൊലീസ് നിയമാവലിയനുസരിച്ചു താടി അനുവദിക്കാൻ സാധ്യമല്ലെന്നു പൊലീസ് മേധാവിയുടെ മറുപടി ലഭിച്ച സാഹചര്യത്തിലാണു ഹർജി.

പൊലീസ് നിയമാവലിയിലെ ഏതു വ്യവസ്ഥയാണു ബാധകമെന്നു മറുപടിയിൽ വ്യക്തമല്ലെന്നു ഹർജിയിൽ പറയുന്നു. താടി വിലക്കുന്ന വ്യവസ്ഥ പൊലീസ് നിയമാവലിയിൽ ഇല്ലെന്നാണു വാദം. മാത്രമല്ല, താടി വിലക്കുന്ന സർവീസ് ചട്ടമോ സർക്കാർ ഉത്തരവോ നിലവിലില്ലെന്നും ഹർജിയിൽ പറയുന്നു. മതാചാരത്തിന്റെ ഭാഗമായി താടി വളർത്താൻ അനുമതി തേടിയതു നിഷേധിക്കുന്നതു ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും തുല്യനീതിയുടെയും നിഷേധമാണെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി.