- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1400 രൂപ മുടക്കിയാൽ കാവൽ നിൽക്കാൻ നല്ല ചുള്ളൻ പൊലീസുകാർ എത്തും! കണ്ണൂരിൽ സമ്പന്നന്റെ കല്യാണത്തിന് പണം വാങ്ങി നാല് പൊലീസുകാരെ കാവലിന് നിയോഗിച്ചത് കണ്ണൂർ അഡി.എസ്‌പി പി.പി. സദാനന്ദൻ; സിപിഎമ്മിന്റെ ഇഷ്ടക്കാരനായ ഉദ്യോഗസ്ഥൻ പൊലീസിന് വരുമാനം ഉണ്ടാക്കാൻ കണ്ടെത്തിയ മാർഗ്ഗത്തിൽ സേനക്കുള്ളിൽ കടുത്ത അതൃപ്തി
കണ്ണൂർ: 1400 രൂപ മുടക്കിയാൽ നമ്മുടെയൊക്കെ വീട്ടിൽ കാവലിന് ഒരു പൊലീസുകാരനെ ഡി.ജി.പി അയച്ചുതരുമോ? പൊലീസിന് പണമുണ്ടാക്കാൻ പുതിയ പദ്ധതിയാണോ ഡി.ജി.പി അനിൽകാന്ത് നടപ്പാക്കുന്നത്? അതിശയോക്തി വേണ്ട. സംഗതി സത്യമാണ്. കണ്ണൂർ പാനൂരിൽ കരഞ്ചിന്റെവിടെ അൻസാറിന്റെ അപേക്ഷ പരിഗണിച്ച്, മകളുടെ കല്യാണത്തിനായി സുരക്ഷയൊരുക്കാൻ രാവിലെ 9മുതൽ വൈകിട്ട് അഞ്ചു വരെ 4പൊലീസുകാരെ അനുവദിച്ച് ഇറക്കിയ ഉത്തരവ് വൻ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. സിപിഎമ്മിന്റെ കണ്ണിലുണ്ണിയായ കണ്ണൂർ എ.എസ്‌പി പി.പി.സദാനന്ദനാണ് ഉത്തരവ് ഇറക്കിയത്. ഒരു പൊലീസുകാരന് 1400രൂപ വീതം ആകെ 5600രൂപ ട്രഷറിയിൽ അടച്ച് രസീത് സമർപ്പിക്കണമെന്നാണ് സദാനന്ദൻ ഇറക്കിയ ഉത്തരവിലുള്ളത്. സ്വപ്നയുടെ രഹസ്യമൊഴിക്ക് പിന്നിലെ ഗൂഢാലോചനയടക്കം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് സദാനന്ദൻ.
ബാങ്കുകൾ, ഐ.ടി പാർക്കുകൾ, തന്ത്രപ്രധാന ഓഫീസുകൾ, കെ.എസ്.ഇ.ബി അടക്കം കമ്പനികൾ എന്നിവയ്ക്ക് സുരക്ഷയൊരുക്കാൻ പൊലീസിൽ വ്യവസായ സുരക്ഷാ സേനയുണ്ട്. വിമാനത്താവളങ്ങൾക്കും ഐ.എസ്.ആർ.ഒ അടക്കം സുപ്രധാന സ്ഥാപനങ്ങൾക്കും സുരക്ഷയൊരുക്കുന്ന സിഐ.എസ്.എഫിന്റെ മാതൃകയിലാണ് സംസ്ഥാന പൊലീസിൽ എസ്‌ഐ.എസ്.എഫ് എന്ന വിഭാഗം രൂപീകരിച്ചത്. ആയുധവുമായി കാവൽ നിൽക്കുന്ന ഒരു പൊലീസുകാരന് ദിവസം 1500 രൂപയും ആയുധമില്ലാതെ കാവൽ നിൽക്കുന്ന പൊലീസുകാരന് 1400 രൂപയുമാണ് ടെക്നോപാർക്ക് സർക്കാരിനു നൽകുന്നത്. സമാനമായ തുകയാണ് കെ.എസ്.ഇ.ബി അടക്കം എല്ലാ സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്നത്. എന്നാൽ കല്യാണം പോലെ സ്വകാര്യ ചടങ്ങിന് പൊലീസിനെ പണം വാങ്ങി സുരക്ഷയ്ക്ക് വിട്ടുനൽകുന്നത് ഇത് ആദ്യമായാണ്.
മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും പൊലീസ് സുരക്ഷ സൗജന്യമായി നൽകുന്നത് അവസാനിപ്പിക്കാൻ നേരത്തേ ആലോചനയുണ്ടായിരുന്നു. പൊലീസ് സേവനം ആവശ്യമാണെങ്കിൽ പണം ഈടാക്കണമെന്ന് എ.ഡി.ജി.പിമാരുടെ സമിതി സർക്കാരിന് ശുപാർശ നൽകി. ഇതിനെതിരെ സേനയിൽ എതിർപ്പുമുണ്ട്. സ്?റ്റേഷൻ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തരം ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ചില ഘട്ടങ്ങളിൽ ഇത് സ്?റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്നുണ്ടെന്നാണ് ആക്ഷേപം. പൊലീസ് പണമീടാക്കിയാൽ സ്വകാര്യ സുരക്ഷാ ഏജൻസികൾ വർദ്ധിക്കുമെന്നും അഭിപ്രായമുയർന്നിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും മുൻപാണ് കണ്ണൂരിൽ കല്യാണ ചടങ്ങിൽ പണം വാങ്ങി പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചത്.
പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു ഇതിനെതിരെ പരസ്യമായി രംഗത്തെത്തി. ''
കണ്ണൂർ ജില്ലയിലെ ഒരു സ്വകാര്യ ചടങ്ങിന് 4 പൊലീസ് ഉദ്യോഗസ്ഥന്മാരെ അനുവദിച്ച ഡിപ്പാർട്ട്‌മെന്റ് നടപടി മാധ്യമ വാർത്തകൾക്കും, സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. നിയമപരമല്ലാത്ത ഒരു കാര്യത്തിനും പൊലീസിനെ ഉപയോഗിക്കാൻ പാടില്ല എന്നത് തർക്കമറ്റ കാര്യമാണ്. ഇന്ത്യക്ക് തന്നെ മാതൃകയായ പൊലീസ് ആക്ടാണ് കേരളത്തിനുള്ളത്. ഈ പൊലീസ് ആക്ടിൽ ജനപക്ഷ ചിന്തയിൽ, മികച്ച പൊലീസിങിനും, പൊലീസ് സേവനത്തിനും ആവശ്യമായ എല്ലാം നിലവിലുണ്ട്. അതിന് വിരുദ്ധമായ സാഹചര്യത്തിലേക്ക് പൊലീസ് സേനയെ ഉപയോഗിക്കാതിരിക്കാനും വ്യക്തമായ സെക്ഷനുകൾ പൊലീസ് ആക്ടിലുണ്ട്.
കേരള പൊലീസ് ആക്ട് സെക്ഷൻ 62 ഈ കാര്യം വ്യക്തമായി പരാമർശിക്കുന്നുണ്ട്. സെക്ഷൻ 62(2) ൽ ഒരു സ്വകാര്യ വ്യക്തിക്കോ, സ്വത്തിനോ മാത്രമായി സൗജന്യമായോ, ഫീസ് ഈടക്കിക്കൊണ്ടോ പ്രത്യേക പൊലീസിനെ ഉപയോഗിക്കാൻ ആർക്കും അവകാശമില്ല ' എന്ന് വ്യക്തമായി പറയുന്നുണ്ട്.
എന്നാൽ മറ്റ് സർക്കാർ വകുപ്പുകളിൽ എന്ന പോലെ പൊലീസ് വകുപ്പിന്റേയും സ്ഥലമോ, സാമഗ്രികളോ ഉപയോഗിക്കേണ്ടി വന്നാൽ അതിന് കൃത്യമായ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവും നിലവിലുണ്ട്. കാലങ്ങളായി നിലനിൽക്കുന്ന ഈ ഉത്തരവ് അവസാനമായി പരിഷ്‌കരിച്ച് 15/06/2022 ൽ GO(MS ) 117/2022/ ആഭ്യന്തരം ഉത്തരവാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്.
പൊലീസിന് മാത്രമായി കൈവശമുള്ള സംവിധാനങ്ങൾ ആവശ്യമായ ഘട്ടങ്ങൾ ഉണ്ടായാൽ അത് ആവശ്യക്കാർക്ക് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. പൊതുപരിപാടികളിലെ മൈക്ക് ഉപയോഗത്തിനുള്ള അനുമതി, ഇത്തരം പ്രചരണ വാഹനത്തിനുള്ള അനുമതി, അതുപോലെ സിനിമാ - സീരിയൽ തുടങ്ങിയവയുടെ നിർമ്മാണ ആവശ്യങ്ങൾക്ക് പൊലീസ് വയർലസ് സെറ്റ്, പൊലീസ് ഡോഗ്, പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, പൊലീസ് വാഹനങ്ങൾ, പൊലീസ് സേനാംഗങ്ങൾ എന്നിവ നിശ്ചിത നിരക്കിൽ വിട്ട് നൽകാനും ഈ ഉത്തരവ് കൃത്യമായി പറയുന്നു.
കൂടാതെ സ്വകാര്യ വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ സുരക്ഷ ആവശ്യമാണ് എന്ന് ബോധ്യപ്പെടുന്ന പക്ഷം അത്തരക്കാർക്കും സ്ഥാപനങ്ങൾക്കും സുരക്ഷ നൽകാൻ പണം കൊടുത്ത് ഉപയോഗിക്കാൻ ഉതകുന്ന സ്റ്റേറ്റ് ഇന്റസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ( SISF) രൂപീകരിച്ച് പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. അല്ലാതെ ഏതെങ്കിലും വ്യക്തിയുടെ മക്കളുടെ ആഡംബര വിവാഹത്തിനോ, പേരക്കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിന് ഉപയോഗിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ. ഇത്തരത്തിൽ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് കേരള നിയമസഭ പാസാക്കിയ കേരള പൊലീസ് ആക്ട് വ്യക്തമായി പറയുന്നു എന്ന കാര്യം വിസ്മരിക്കേണ്ടതില്ല.
ഇനി, ഇത്തരം സ്വകാര്യ ചടങ്ങുകളിൽ പങ്കെടുന്നതിൽ സുരക്ഷ നൽകേണ്ട ഏതെങ്കിലും വ്യക്തികൾ ഉണ്ടെങ്കിൽ അവർക്ക് സുരക്ഷ നൽകാൻ നിലവിൽ തന്നെ വകുപ്പുകൾ ഉണ്ട്. അത് കൃത്യമായി പൊലീസ് നൽകി വരുന്നുമുണ്ട്.
ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്ന വിഐപിമാരുടെ സുരക്ഷ എന്നതും ഗൗരമായി കാണേണ്ടതാണ്. ആ വ്യക്തിയുടെ വിഐപി, അയാളെ സംബന്ധിച്ച് മാത്രമാണ് വിഐപി. സംസ്ഥാന പൊലീസിന് അവർ വിഐപി ആകണമെന്നില്ല. ഇങ്ങനെ പലപ്പോഴും വിഐപി പരിവേഷം ഉണ്ടായിരുന്നവർ അതിന് ശേഷം ആരോപണ വിധേയരായി മാറുന്നതും, പലരും ആരോപണങ്ങൾ ശരിവച്ച് ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിത് എന്ന് കൂടി ഓർക്കേണ്ടതുണ്ട്.
ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും, ചില മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തതോടെ ഇത്തരത്തിൽ പൊലീസ് സേവനത്തിനായി സമീപിക്കുന്ന അല്പന്മാരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. തന്റെ വലുപ്പം മറ്റുള്ളവരെ അറിയിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥന് 1400 രൂപ എന്നതിന് പകരം ഒരു ലക്ഷം വരെ അടയ്ക്കാനും തയ്യാറുള്ളവർ ഉണ്ടാകും. അതുകൊണ്ട് തന്നെ നിയമ വിരുദ്ധമായ ഈ നടപടി ആവർത്തിക്കാതിരിക്കേണ്ടതാണ്. ഇങ്ങനെ പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാരിന്റേയും, ഡിപ്പാർട്ട്‌മെന്റ് മേലധികാരികളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ ബഹു. മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും സംഘടന നിവേദനം നൽകിയ വിവരം കൂടി അറിയിക്കട്ടെ.''
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്