തിരുവനന്തപുരം: ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും അതിവേഗ റെയിൽ പാത എന്നതിനെക്കുറിച്ച് കേൾക്കുന്നതിന് മുൻപ് വി എസ് സർക്കാറിന്റെ കാലത്താണ് അതിവേഗ റെയിൽ ഇടനാഴി എന്ന സങ്കൽപ്പത്തിന് തുടക്കംകുറിച്ചത്. വർഷം പത്ത് കഴിഞ്ഞിട്ടും അതിവേഗ റെയിലിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെ വികസന കുതിപ്പിന് അതിവേഗ റെയിൽ ഇടനാഴി അനിവാര്യമാണെന്ന് ഇടത് മുന്നണി പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. അധികാരത്തിൽ വന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും പദ്ധതിയെക്കുറിച്ച് പിണറായി സർക്കാരിന് മിണ്ടാട്ടമില്ല. വികസനത്തിന് അനുകൂലമായ സാഹചര്യ സംസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രിയുടെ താൽപ്പര്യമില്ലായ്മ നിമിത്തമാണ് പദ്ധതി ഫയലിലുറങ്ങുന്നതെന്നാണ് വിലയിരുത്തൽ

കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിൻ പാതയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് നിർവ്വഹിച്ചത്.ബുള്ളറ്റ് ട്രെയിൻ എന്ന പദ്ധതിക്കായി രാജ്യത്ത് തന്നെ ആദ്യമായി പദ്ധതി റിപ്പോർട് സമർപ്പിച്ചതും പണം അനുവദിച്ചതും കേരള സർക്കാരാണ്.ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി പക്ഷേ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.

കഴിഞ്ഞ നവംബറിലാണ് ഡിഎംആർസി ബുള്ളറ്റ് ട്രെയിൻ സംബന്ധിച്ച് വിശദമായ സാധ്യതാ പഠന റിപ്പോർട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചതും. അലൈന്മെന്റിലും മറ്റും ചില വ്യത്യാസങ്ങൾ വരുത്താൻ നിർദ്ദേശവും നൽകിയിരുന്നു. അതിവേഗറെയിൽപ്പാത കടന്ന് പോകുന്ന ജില്ലകളിലെ പദ്ധതിയോടുള്ള ജനങ്ങളുടെ മനോഭാവമറിയാൻ നടത്തിയ സർവ്വേയിൽ 83%പേരും അനുകൂലമെന്ന് അഭിപ്രായം രേഖപ്പെടുത്തിയിട്ടും പക്ഷേ പദ്ധതി മാത്രം മുന്നോട്ട് പോകുന്നില്ല. കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നതിന് കാര്യമായ പാരിസ്ഥിതിക പ്രശ്നങ്ങളോ ആഘാതങ്ങളോ ഒന്നും ഉണ്ടാകാൻ ഇടയില്ല.

1,27,849 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ 10 ശതമാനം വീതമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം. ബാക്കി തുക വായ്പ അടിസ്ഥാനത്തിലാണ് സമാഹരിക്കേണ്ടത്.ജപ്പാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജെയ്ക്ക എന്ന ബാങ്ക് 0.5% പലിശയ്ക്ക് ദീർഘകാല വായ്പ നൽകാൻ ഒരുക്കമാണെന്നും അറിയിച്ചെങ്കിലും അത് സംബന്ധിച്ച ചർച്ചകൾ നടത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുത്തിട്ടില്ല.പദ്ധതി ചെലവിന്റെ 80% തുക ജപ്പാനിൽ നിന്നും ലഭിക്കും. പദ്ധതിക്ക് എല്ലാ അനുമതിയും കിട്ടിയാൽ ഒൻപത് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് റിപ്പോർട്.

തിരുവനന്തപുരം-കണ്ണൂർ പാതയ്ക്ക് 430 കിലോമീറ്ററാണ് നീളം. മണിക്കൂറിൽ 300 മുതൽ 350 കിലോമീറ്ററാണ് വേഗം.നിലവിൽ കണ്ണൂർ-തിരുവനന്തപുരം യാത്രയ്ക്ക് 12 മണിക്കൂർ വേണ്ടിടത്ത് അതിവേഗപാതയിൽ രണ്ട് മണിക്കൂർ മതിയാകും. 20 മീറ്റർ വീതിയിൽ ഭൂമി ഇതിനായി ഏറ്റെടുത്താൽ മതിയാകും. കേവലം 630 ഹെക്ടർ സ്ഥലം മാത്രമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക. ഇതോടനുബന്ധിച്ച് സർവീസ് റോഡുകളും നിർമ്മിക്കും. പാതയുടെ ഇരുവശത്തും 15 മീറ്ററിൽ കെട്ടിടനിർമ്മാണം അനുവദിക്കില്ല. എന്നാൽ, കൃഷിക്ക് തടസ്സമില്ല.

ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പിലായിക്കഴിഞ്ഞാൽ റോഡപകടങ്ങൾ 30 ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അതായത് ഓരോ വർഷവും 2400 പേരുടെ ജീവൻ രക്ഷപ്പെടും.തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാനത്തിന് ഒരു നഗര സ്വഭാവമാണുള്ളത്. ഓരോ ദിവസവും ഗണ്യമായി ഗതാഗതകുരുക്കും വർധിക്കുന്നുണ്ട്. ദിവസവും ആയിരത്തോളം വാഹനങ്ങളാണ് സംസ്ഥാനത്ത് പുതിയതായി രെജിസ്ട്രർ ചെയ്യുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും വാഹനങ്ങളുടെ എണ്ണം 10 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇത്രയും വാഹനങ്ങൾ നിരത്തിലോടുമ്പോഴുള്ള മലിനീകരണവും റോഡ് അപകടവും മരണങ്ങളുമൊക്കെ കുറയ്ക്കാൻ അതിവേഗ റെയിൽ പദ്ധതിയിലൂടെ കഴിയുമെന്നാണ് പഠന റിപ്പോർടിലും വ്യക്തമാക്കുന്നത്.-

അനുകൂല സാഹചര്യമുണ്ടായിട്ടും പാർട്ടിയും മുന്നണിയും ഒരുപോലെ പിന്തുണയ്ക്കുന്ന പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ആർജ്ജവം കാണിക്കുന്നില്ലെന്ന പരാതി ഇതിനോടകം തന്നെ ഉർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പത്രികയിൽ എൽഡിഎഫ് കേരളത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു കേരളത്തിൽ അതിവേഗ റെയിൽപദ്ധതി നടപ്പിലാക്കുമെന്നത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു വർഷം മുൻപ് തന്നെ സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന്റെ കാഴ്ചപ്പാടുകൾ ചർച്ചചെയ്തുകൊണ്ടുള്ള പഠന കോൺഗ്രസും പാർട്ടി സംഘടിപ്പിച്ചിരുന്നു.ഇതിലും പ്രധാനമായി ചർച്ച ചെയ്തത് ഈ പദ്ധതിയെക്കുറിച്ചായിരുന്നു.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഈ സ്വപ്ന പദ്ധതിയുടെ ആദ്യ ഘട്ടം തിരുവനന്തപുരം കൊച്ചി നഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ്. രണ്ടാം ഘട്ടത്തിലാണ് പദ്ധതി കണ്ണൂരിലേക്ക് നീട്ടുന്നത്. പദ്ധതിയുടെ ഭാഗമായി തങ്ങളെയും ഉൾപ്പെടുത്താത്തതിൽ വലിയ പ്രക്ഷോഭങ്ങളാണ് കാസർഗോഡ് ജില്ലയിലെ ജനങ്ങളും അവരുടെ പ്രതിനിധികളും ഉന്നയിച്ചത്. കാസർഗോഡ് എംപി പി കരുണാകരൻ ഇക്കാര്യങ്ങൾ പാർലമെന്റിലും ജില്ലയിൽ നിന്നുള്ള എംഎൽഎമാർ കാസർഗോഡ് ജില്ലയെയേും ഉൾപ്പെടുത്തണമെന്നും പല തവണ നിയസഭയിലും ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തലസ്ഥാന നഗരത്തിന്റേയും മെട്രോ റെയിൽ കൊച്ചിയുടേയും മാത്രം പദ്ധതികളാണെങ്കിലും ബുള്ളറ്റ് ട്രെയിൻ അങ്ങനെയല്ല. ഒരു സംസ്ഥാനത്തിന്റെ മുഴുവൻ സ്വപ്നമെന്ന് നിസംശയം പറയാൻ കഴിയും.

രാജ്യത്തെ റെയിൽ മേഖലയെ ആധുനികവൽക്കരിക്കുന്നതിനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയുമാണ് ബുള്ളറ്റ് ട്രെയിൻ എന്ന ആശയം. പല സ്ഥലങ്ങളിലും ഇത് നടപ്പിലാക്കുന്നതിന് വലിയ ബുദ്ധിമുട്ടുകളും പ്രതികൂല ഘടകങ്ങളുമുണ്ട്. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ അനുകൂലിക്കുന്നുണ്ട്.എന്നാൽ പദ്ധതി ഇപ്പോഴും മുമ്പോട്ട് പോകുന്നില്ല. ബുള്ളറ്റ് ട്രെയിൻ എന്ന ആശയം തന്നെ രാജ്യത്ത് ആദ്യമായി മുന്നോട്ട് വെച്ചത് കേരളമാണ്.2010ൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ആദ്യമായി ഈ പദ്ധതിക്ക് വേണ്ടി പണം അനുവദിച്ചതും.

കരട് റിപ്പോർട്ട് പ്രകാരം ഈ റെയിൽ ഇടനാഴിയിൽ ഒമ്പത് സ്റ്റേഷനുകളുണ്ടാകും: തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കൊച്ചി, തൃശ്ശൂർ, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂർ. തിരുവനന്തപുരത്തുകൊച്ചുവേളിക്കു സമീപമാണ് പ്രധാന ഡിപ്പോയും സ്റ്റേഷനും നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി 30 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. 630 ഹെക്ടർ ഭൂമിയാണ് മൊത്തത്തിൽ വേണ്ടത്. ഇതിൽ 450 ഹെക്ടർ സ്വകാര്യഭൂമിയാണ്.

ദേശീയപാത വികസിപ്പിക്കുന്നതിനു വളരെയേറെ തടസ്സം നേരിടുന്നതിനാലാണ് അതിവേഗപാത സർക്കാർ ഗൗരവമായി പരിഗണിക്കുന്നത്. നിർദിഷ്ട പാതയുടെ 190 കിലോമീറ്റർ ദൂരം തറനിരപ്പിൽനിന്ന് ഉയർന്നുനിൽക്കും. 146 കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും.വൈദ്യുതീകരിച്ചായിരിക്കും പാതയുടെ നിർമ്മാണം. അനുമതി കിട്ടിയാൽ ഒൻപതു വർഷം കൊണ്ട് പാതയുടെ പണി പൂർത്തിയാക്കാനാകുമെന്ന് റിപ്പോർട്ട് പറയുന്നു.ഹൈസ്പീഡ് റെയിൽ പ്രവർത്തനമാരംഭിച്ച് കഴിഞ്ഞാൽ പ്രതിവർഷം ഒരുലക്ഷം പേർക്ക് യാത്രചെയ്യാനാകും.

1,20,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി രൂപംകൊടുക്കുന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിച്ചായിരിക്കും അതിവേഗപാതയുടെ നടത്തിപ്പ്. പദ്ധതിനടത്തിപ്പിനുള്ള വായ്പയ്ക്കായി ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയുമായി പ്രാഥമിക ചർച്ചകൾ നടന്നുവരുന്നു. അതിവേഗപാതയ്ക്ക് അനുകൂലമായ നിർദ്ദേശം ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.