- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴക്കെടുതിയിൽ വലഞ്ഞ് കേരളം; ആറ് ദിവസത്തിനിടെ 35 മരണമെന്ന് സർക്കാർ; ഇന്നലെയും ഇന്നുമായി പൊലിഞ്ഞത് 25 ജീവനുകൾ; കോട്ടയത്ത് 13, ഇടുക്കിയിൽ 9; കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവർത്തനം തിങ്കളാഴ്ചയും തുടരും; ബുധനാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത; കടൽ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ മഴക്കെടുതിയിൽ 35 ജീവനുകൾ പൊലിഞ്ഞെന്ന് സർക്കാർ കണക്കുകൾ. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ ഒൻപതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേർ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്.
കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ് പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി. നാല് കുട്ടികളുടേയും ഒരു സ്ത്രീയുടേയും ഒരു പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം എണ്ണം 25 ആയി.
ഷാജി ചിറയിൽ (57), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ സിയാദ് (10), മകൾ അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാൻ ഫൈസൽ (8), അഹിയാൻ ഫൈസൽ (4) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്. മൂന്ന് വയസുകാരനായ സച്ചു ഷാഹിലിനെയാണ് ഇവിടെ നിന്ന് കണ്ടാത്താനുള്ളത്. ഇവിടെ കാണാതായവരിൽ അഞ്ചുപേരും കുട്ടികളായിരുന്നു. ഉരുൾപൊട്ടലിൽ കൊക്കയാറിൽ ഏഴ് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്.
ഇവിടെ രക്ഷാ പ്രവർത്തനത്തിനായി ഡോഗ് സ്‌ക്വാഡിനേയും കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്ത് തുടരുന്ന മഴയാണ് രക്ഷാ പ്രവർത്തനം തടസപ്പെടുത്തിയത്. മഴയെ വകവയ്ക്കാതെ നടക്കുന്ന രക്ഷാ പ്രവർത്തനങ്ങൾ ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എം എൽ എ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണർ അർജുൻ പാണ്ഡ്യൻ, എ ഡി എം ഷൈജു പി. ജേക്കബ് തുടങ്ങിയവരുടെ സാന്നിധ്യത്തിയിരുന്നു തിരച്ചിൽ.
കോട്ടയം ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുൾ പൊട്ടലിൽ 10 പേരാണ് മരിച്ചത് . ഇന്നലെ മൂന്ന് പേരുടെ മൃതദേഹവും ഇന്ന് ഏഴുപേരുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. മാർട്ടിൻ (48), മാർട്ടിന്റെ ഭാര്യ സിനി (45), അമ്മ ക്ലാരമ്മ, മക്കളായ സാന്ദ്ര (14), സോന (12), സ്നേഹ (10) എന്നിങ്ങനെ ഒരു കുടുംബത്തിലെ ആറു പേരടക്കമാണ് 10 പേർ മരിച്ചത്.
കോട്ടയത്ത് മൂന്നും ഇടുക്കിയിൽ ഒരാളും ഒഴുക്കിൽപ്പെട്ടു മരിച്ചു. വടകരയിൽ തോട്ടിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങികിടന്നവരെ പൊലീസും ഫയർ ഫോഴ്‌സും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനിടെ കല്ലാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. വൈകീട്ട് 5.30 ഓടെയാണ് സംഭവം. അഭിലാഷിനൊപ്പം ഒഴുക്കിൽപ്പെട്ടയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇവർ കുടുംബസമേതം പൊന്മുടിയിലേക്ക് വന്നതാണെന്നാണ് വിവരം. വിലക്കിനെ തുടർന്ന് പൊന്മുടിയിലേക്ക് കയറ്റിവിട്ടിരുന്നില്ല. പിന്നീട് തിരിച്ചുവന്ന് ചെക്ക്ഡാമിൽ കുളിക്കാൻ ഇറങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്.
അറബിക്കടലിലെ ന്യൂനമർദ്ദം ദുർബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. എന്നാൽ തുലാവർഷത്തിന് മുന്നോടിയായിയുള്ള കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ കനക്കും. ബുധനാഴ്ച തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. പാലക്കാട്, തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട മേഖലകളിൽ ഇപ്പോഴും മഴമേഘങ്ങളുണ്ട്. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഇനിയും മഴ തുടർന്നാൽ സ്ഥിതി വഷളാകും.
കെഎസ്ഇബിയുടെ കക്കി, ഷോളയാർ, പെരിങ്ങൽകൂത്ത്, കുണ്ടള, കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ ഡാമുകളിലാണ് നിലവിൽ റെഡ് അലർട്ടുള്ളത്. ജലസേചന വകുപ്പിന്റെ പീച്ചി, ചുള്ളിയാർ ഡാമുകളിലും റെഡ് അലർട്ടാണ്. ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലും ജാഗ്രത വേണം. വ്യാഴാഴ്ച വരെ ശക്തമായ കാറ്റ് വീശുമെന്നതിനാൽ അപകടമേഖലകളിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കേരള-കർണാടക-ലക്ഷദ്വീപ് മേഖലകളിൽ മത്സ്യബന്ധനം തിങ്കളാഴ്ച വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 18 രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ ഉണ്ടാവാനും കടൽ പ്രക്ഷുബ്ധമാവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലുടനീളം ഒക്ടോബർ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ