ലണ്ടൻ: യുകെയിലെ ഏറ്റവും വലുതും പുരാതനവുമായ പത്രങ്ങളിൽ ഒന്നാണ് ഡെയ്ലി ടെലിഗ്രാഫ്. ഈ കൺസർവേറ്റീവ് പത്രം ടോറികളുടെ ബൈബിൾ ആണ്. ഈ ടെലിഗ്രാഫിൽ ഇന്നലെ ഒരു കേരള റെസ്റ്റോറന്റിനെ കുറിച്ച് വിശദമായ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. സതാംപടണ് സമീപം പ്രവർത്തിക്കുന്ന കോഹിനൂർ ഓഫ് കേരള എന്ന റെസ്റ്റോറന്റിനെ കുറിച്ചാണ് അത്. രാത്രി ഒൻപത് വരെ ക്യൂ നിന്നാലും കയറിപ്പറ്റാൻ കഴിയാത്ത വിധം തിരക്കുള്ള ഈ റിസോർട്ടിന്റെ വിശദമായ റിപ്പോർട്ടാണ് ടെലിഗ്രാഫ് പ്രസിദ്ധീകരിച്ചത്.

പോസ്റ്റ്‌സ്‌വുഡിൽ യൂണിവേഴ്‌സിറ്റിക്ക് സമീപമാണ് കോഹിന്നൂർ റെസ്‌റ്റോറന്റ്. ഇന്ത്യനെന്ന പേരിൽ ഒട്ടേറെ ബംഗ്ലാദേശി, പാക്കിസ്ഥാനി റെസ്റ്റോറന്റുകൾ സ്ഥിതി ചെയ്യുന്ന ബ്രിട്ടനിൽ കോഹിന്നൂർ എങ്ങനെ ഇന്ത്യൻ രുചികളുമായി പിടിച്ചുനിൽക്കുന്നുവെന്ന് റിവ്യൂ വ്യക്തമാക്കുന്നു. ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിനിടെ, തനിമയോടെ വിഭവങ്ങൾ പാകംചെയ്ത് സമ്മാനിക്കുന്ന കോഹിന്നൂർ അനുഗ്രഹമാണന്നും ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

കേരളത്തെ സോഷ്യലിസ്റ്റ് പാരഡൈസ് എന്നാണ് ലേഖനത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ, കേരളമെന്ന പേർ സുപരിചിതമായിരിക്കെ, ഹോട്ടലിന് എന്തിന് ആന്ധ്രപ്രദേശിൽനിന്നുള്ള കോഹിന്നൂർ രത്‌നത്തിന്റെ പേരിട്ടുവെന്ന സംശയവും പത്രം ഉയർത്തുന്നു. കോഹിന്നൂർ രത്‌നവും ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധമാകാം അതിന് പിന്നിലെന്നും അതല്ല, രത്‌നത്തെപ്പോലെ അമൂല്യമായ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതുകൊണ്ടുമാകാമെന്നും ലേഖനം പറയുന്നു.

ഏറെ ദിവസങ്ങൾ ശ്രമിച്ചശേഷം നീണ്ട ക്യൂനിന്ന് ഹോട്ടലിൽ കയറിപ്പറ്റി വിഭവങ്ങൾ ആസ്വദിച്ചാണ് കീത്ത് മില്ലർ കേരളഭക്ഷണത്തിന് ആസ്വാദനം തയ്യാറാക്കിയിട്ടുള്ളത്. രസത്തെക്കുറിച്ചും മസാലദോശയെക്കുറിച്ചും പച്ചമാങ്ങയിട്ടുവെച്ച ആലപ്പുഴ മീൻകറിയെക്കുറിച്ചുമെല്ലാം കീത്ത് മില്ലർ എഴുതുന്നു. ചിക്കൻ 65 ചെന്നൈയിലെ ബുഹാരി ഹോട്ടലിലാണ് ആദ്യം ഉണ്ടാക്കിയതെന്നും 1965-ലാണ് അതിന്റെ പിറവിയെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മസാലദോശയ്ക്ക് ഒരു ക്രിക്കറ്റ് ബാറ്റിന്റെയത്ര വലിപ്പമുണ്ടെന്നാണ് മില്ലറുടെ പക്ഷം. സാമ്പാറും തേങ്ങാച്ചട്ട്ണിയും കൂട്ടി മസാല ദോശ കഴിക്കുന്നത് ഗംഭീരമെന്നാണ് വിലയിരുത്തൽ. പോർട്‌സ്‌വുഡിലെ ഹോട്ടലിലേക്ക് എങ്ങനെയെത്തിച്ചേരാമെന്നതിന്റെ ഭൂപടം സഹിതമാണ് ടെലിഗ്രാഫ് വാർത്ത നൽകിയിരിക്കുന്നത്. രണ്ടുപേർക്ക് ഡിന്നർ കഴിക്കാൻ 60 പൗണ്ട് ചെലവാകുമെന്നും ലേഖനത്തിൽ പറയുന്നു.