മഡ്ഗാവ്: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മുൻ ചാമ്പ്യമാരായ മിസോറാമിനെ 4-1 ന് തകർത്ത് കേരളം സെമിയിൽ കടന്നു. അസ്ഹറുദ്ദീന്റെ ഇരട്ട ഗോളിന്റെ മികവിൽ ആധികാരിക വിജയം നേടിയ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമി പ്രവേശനം നേടിയത്.

ഏഴാം മിനിറ്റിൽ ജോബി ജസ്റ്റിൻ ഹെഡ്ഡറിലൂടെ വലകുലുക്കി മിസോറാമിന് ആദ്യപ്രഹരമേൽപ്പിച്ച് രണ്ടു മിനിറ്റ് കഴിയും മുമ്പ് സീസൺ സെൽവൻ കേരളത്തിന്റെ രണ്ടാം ഗോളും നേടി. ലാൽറമ്മാവിയ മിസോറാമിനായി ഒരു ഗോൾ മടക്കിയെങ്കിലും അസ്ഹറുദ്ദീന്റെ ഇരട്ട പ്രഹരം മത്സരം 4-1 ലേക്കെത്തിച്ചു. കളിയുടെ അവസാന മിനിറ്റുകളിലായിരുന്നു അസ്ഹറുദ്ദീന്റെ ഗോൾ നേട്ടം. ആദ്യ പകുതിയിൽ കേരളം 20ന് മുന്നിലായിരുന്നു.

ഫൈനൽ റൗണ്ടിൽ ജോബി നേടുന്ന നാലാമത്തെ ഗോളാണിത്. 26-ാം മിനിറ്റിൽ മിസോറാമിന്റെ ലാൽഫക്സുല ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ പത്ത് പേരുമായാണ് മിസോറാം കളിച്ചത്.

മൂന്നു വർഷം മുൻപ് സിലിഗുരിയിലെ കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ മിസോറാമിനോട് 31ന് തോറ്റതിനും കേരളം പകരംവീട്ടി. ഇതോടെ മൂന്നു മൽസരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തി. രണ്ടു വിജയവും ഒരു സമനിലയും ഉൾപ്പെടെയാണ് കേരളം ഏഴു പോയിന്റ് സ്വന്തമാക്കിയത്.

ഗ്രൂപ്പിലെ മുമ്പന്മാരായിരുന്ന പഞ്ചാബ് ഇന്നു നടന്ന രണ്ടാം മൽസരത്തിൽ മഹാരാഷ്ട്രയോട് 10 ത്തിനു തോറ്റതും കേരളത്തെ ഒന്നാമതെത്താൻ സഹായിച്ചു. ഇതോടെ നാലു മൽസരങ്ങളിൽനിന്ന് പഞ്ചാബിനുള്ളത് അഞ്ചു പോയിന്റാണ്. കേരളത്തോട് തോറ്റ മിസോറാമാകട്ടെ, മൂന്നു കളികളിൽനിന്ന് നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.