ന്യൂഡൽഹി:ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യം ഉണ്ടാവില്ല. സംസ്ഥാനം സമർപ്പിച്ച ജടായുപാറ പ്രമേയമാക്കിയ നിശ്ചല ദൃശ്യത്തിന് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചു. കൊല്ലം ചടയമംഗലത്തെ പക്ഷിശിൽപമാണ് ജടായുപാറയിൽ ഉള്ളത്. ജടായുപ്പാറ പ്രമേയമാക്കിയ നിശ്ചല ദൃശ്യം പ്രദർശിപ്പിക്കാൻ ജൂറി നേരത്തെ അനുമതി നൽകിയിരുന്നു.

ജടായുപ്പാറയുടെ ഒരു വശത്തു നിന്നു നോക്കുമ്പോഴുള്ള ദൃശ്യ മാതൃകയാണ് കേരളം ആദ്യം സമർപ്പിച്ചത്. ദൃശ്യത്തിന്റെ ആദ്യ മാതൃകയിൽ പ്രധാന കവാടത്തിൽ സ്ത്രീശാക്തീകരണത്തിന്റെ ലോഗോ ഉൾപ്പെടുത്തിയിരുന്നു. ആദ്യം സമർപ്പിച്ച മാതൃകയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ജൂറി ചില മാറ്റങ്ങൾ നിർദ്ദേശിച്ചു. സ്ത്രീശാക്തീകരണ ലോഗോ മാറ്റി ശങ്കരാചാര്യരുടെ ചിത്രം വയ്ക്കണമെന്നു ജൂറി നിർദ്ദേശിച്ചു. അതോടെ ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും ചിത്രങ്ങൾ ചേർത്തു പുതിയ സ്‌കെച്ചുകൾ കേരളം നൽകി.

വർക്കലയിലെ ശിവഗിരിയും ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയും ജടായുപ്പാറയുടെ സമീപ പ്രദേശങ്ങളാണെന്നും തീർത്ഥാടന ടൂറിസത്തിനൊപ്പം മതേതര നവോത്ഥാന മുഖവും സംയോജിപ്പിക്കുന്നതാകും ഇതെന്നാണ് സംസ്ഥാന സർക്കാർ ഇതിനു നൽകിയ വിശദീകരണം. ശങ്കരാചാര്യരുടെ ചിത്രം ഉൾപ്പെടുത്തിയാൽ അത് തീർത്ഥാടന ടൂറിസത്തെ മാത്രമാകും പ്രതിനിധീകരിക്കുകയെന്നുമായിരുന്നു സർക്കാർ വാദം.

തുടർന്ന് നിശ്ചല ദൃശ്യത്തിനൊപ്പമുള്ള സംഗീതം ചിട്ടപ്പെടുത്തുന്നതിന് കേരളത്തിന് ജൂറി അനുമതി നൽകിയിരുന്നു. എന്നാൽ അന്തിമ പട്ടിക പുറത്ത് വന്നപ്പോൾ കേരളം പട്ടികയിൽ ഇല്ല. ഇതാദ്യമായി അല്ല കേന്ദ്ര സർക്കാർ കേരളത്തിന് അനുമതി നിഷേധിക്കുന്നത്. മുൻപ് രണ്ട് തവണയും കേരളത്തിന് നിശ്ചല ദൃശ്യം പ്രദർശിപ്പിക്കാൻ ഉള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യത്തിന് മുൻപ് 5 തവണ മെഡൽ ലഭിച്ച സംസ്ഥാനമാണ് കേരളം. കയർ എന്ന പ്രമേയത്തിലെ നിശ്ചലദൃശ്യവുമായാണ് കഴിഞ്ഞ വർഷം കേരളം റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തത്.