ന്യൂഡൽഹി: ശബരിമലയിൽ യുവതികളായ സ്ത്രീകൾക്ക് പ്രവേശിക്കാൻ അവസരം ലഭിക്കുമോ? നിർണ്ണായകമായ ഇക്കാര്യത്തിലെ തീരുമാനം എന്താകുമെന്നറിയാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളം. മുൻ സർക്കാറിന്റെ നിലപാടിൽ നിന്നും മാറി സന്നിധാനത്ത് സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുമതി നൽകാം എന്ന തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. എന്നാൽ, കോടതി വിധിയുണ്ടെങ്കിലേ ഇക്കാര്യം നടപ്പാക്കുകയുള്ളൂവെന്നുമാണ് സർക്കാർ പക്ഷം. ഈ സാഹചര്യത്തിൽ സുപ്രീംകോടതി സ്ത്രീപ്രവേശന വിഷയത്തിൽ നിർണ്ണായക തീരുമാനം കൈക്കൊള്ളും. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതിയെ അറിയിക്കും.

ശബരിമലയിൽനിലവിലുള്ള ആചാരങ്ങളിൽ മാറ്റംവരുത്തേണ്ടതില്ലെന്നാണ് യുഡിഎഫ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ഇത് തിരുത്തിക്കൊണ്ടാണ് എൽഡിഎഫ് സർക്കാർ പുതിയ നിലപാട് അറിയിക്കുക. സംസ്ഥാനസർക്കാറിന് വിപരീതമായ നിലപാടാണ് ദേവസ്വം ബോർഡ് കോടതിയിൽ സ്വീകരിക്കുക. കേസിൽ കക്ഷിചേരാൻ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വറും അഡ്വ. വി.കെ. ബിജു വഴി അപേക്ഷ നൽകിയിട്ടുണ്ട്.

ജഡ്ജിമാരായ ദീപക് മിശ്ര, ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. അതേസമയം ഈ വിഷയത്തിൽ സർക്കാറിന്റെ അഭിപ്രായത്തോട് ദേവസ്വം ബോർഡ് പ്രസിഡന്റ് യോജിക്കുന്നില്ല. സ്ത്രീ പ്രവേശ വിഷയത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ വ്യക്തമാക്കുന്നത്. മൂന്നംഗ ബെഞ്ചിന്റെ വിധി വരുംമുമ്പ് കേസ് ഭരണാഘടനാ ബെഞ്ചിന് വിടാനായി ബോർഡിന്റെ അഭിഭാഷകൻ കെ.കെ.വേണുഗോപാലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിൽ സ്ത്രീ നിരോധനമില്ല. നിയന്ത്രണം മാത്രമേയുള്ളു. കഴിഞ്ഞ മണ്ഡല കാലത്ത് നാല് ലക്ഷം അമ്മമാരും സഹോദരിമാരും ശബരിമലയിൽ ദർശനം നടത്തി.

ശബരിമലയിലേത് താന്ത്രികവിധി പ്രകാരമുള്ള പ്രതിഷ്ഠയാണ്. ഇവിടെ നിരോധനത്തിന് അവകാശം തന്ത്രിക്കും തന്ത്രിയുടെ നിർദ്ദേശപ്രകാരം ബോർഡിനുമുണ്ട്. ശബരിമലയിൽ വിവാദം ഉണ്ടാക്കുന്നത് അയ്യപ്പന്റെ വിശ്വോത്തര ദർശനം ചെറിയതാക്കി കാണിക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പലകാര്യങ്ങളിലും ഇപ്പോൾ അഭിപ്രായം പറയാതിരിക്കുന്നത് ഭയന്നിട്ടോ സ്ഥാനം നഷ്ടപ്പെടുമെന്നതിനാലോ അല്ല. തീർത്ഥാടനകാലം സുഗമമായി പോകാൻ വേണ്ടിയാണ്. അവിശ്വാസികൾക്ക് പിക്‌നിക്ക് നടത്താനുള്ള സ്ഥലമല്ല ശബരിമല. മുസൽമാന് മക്ക പോലെയും ക്രൈസ്തവന് വത്തിക്കാൻ പോലെയും ഹിന്ദുക്കൾക്ക് പ്രധാനമാകണം, അവിടം. അതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. നിയമവഴിയിലൂടെയും പ്രാർത്ഥനാ വഴിയിലൂടെയും പ്രതികൂല സാഹചര്യങ്ങളെ നേരിടും.രാഷ്ട്രീയമില്ലാതെ ഹൈന്ദവർ ഒത്ത് ചേരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആർ.എസ്.എസിനെ അംഗീകരിക്കാതിരിക്കുന്നില്ല പ്രയാർ പറഞ്ഞു.

സ്ത്രീ പ്രവേശനത്തെ എതിർക്കുകയെന്ന നിലപാടിൽ മാറ്റമില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ കേസ് പരിഗണിച്ചപ്പോൾ ഭരണം മാറിയതിനാൽ നിലപാടിൽ മാറ്റമുണ്ടോയെന്നു കോടതി ചോദിച്ചിരുന്നു. യുഡിഎഫ് സർക്കാർ സ്ത്രീ പ്രവേശനത്തെ എതിർത്തിരുന്ന പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ചോദ്യം. യുഡിഎഫ് സർക്കാരിന്റെ നിലപാട് മാറ്റിപ്പറഞ്ഞില്ലെന്നു മാത്രമല്ല, യുഡിഎഫ് ഭരണകാലത്ത് ഹാജരായ വി.ഗിരി തന്നെയാണു കഴിഞ്ഞ തവണയും സർക്കാരിനുവേണ്ടി ഹാജരായത്.

എന്നാൽ, പിന്നീട് അഭിഭാഷകനെ മാറ്റാൻ സർക്കാർ തീരുമാനിച്ചു. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത സർക്കാരിനു വേണ്ടി ഹാജരാകുമെന്നു സ്റ്റാൻഡിങ് കൗൺസൽ ജി. പ്രകാശ് പറഞ്ഞു. കേസ് ഭരണഘടനാ ബെഞ്ചിനു വിടണമോയെന്നു തീരുമാനിക്കേണ്ടതുണ്ടെന്നു കഴിഞ്ഞ തവണ കോടതി സൂചിപ്പിച്ചിരുന്നു. വിഷയം ഭരണഘടനാ ബെഞ്ചിനു വിടാനാണു തീരുമാനിക്കുന്നതെങ്കിൽ തന്നെ അതിനു കാരണം വ്യക്തമാക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും തവണ വാദം കേട്ട ബെഞ്ച് അല്ല ഇന്നു കേസ് പരിഗണിക്കുന്നത് എന്നതും ഇക്കാര്യത്തിൽ പ്രസക്തമാണ്. നേരത്തേ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ചൊക്കലിംഗം നാഗപ്പൻ വിരമിച്ചതിനാൽ ജസ്റ്റിസ് അശോക് ഭൂഷണെ പുതുതായി ഉൾപ്പെടുത്തി.

ഈ കേസിൽ കഴിഞ്ഞ പത്തു വർഷത്തിൽ ആദ്യമായാണ് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഭിന്ന നിലപാടെടുക്കുന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദേവസ്വം ബോർഡും സർക്കാരിന്റെ നിലപാടിനോടു യോജിച്ചു. യുഡിഎഫ് സർക്കാരെടുത്ത നിലപാടിനോടും യോജിച്ചു. ഇപ്പോൾ സ്ഥിതി മാറുന്നു. ഇത്തരമൊരു സാഹചര്യമുണ്ടാവില്ലെന്നാണു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തേ സൂചിപ്പിച്ചത്.