വകേരള നിർമ്മാണത്തിന് കൈത്താങ്ങായി അബുദാബി ആസ്ഥാനമായ സെക്യൂർ കാം ഐ ടി സൊല്യൂഷൻസും. ദൈവത്തിന്റെ സ്വന്തം നാടിനെ പുനർനിർമ്മിക്കുമ്പോൾ വിപുലമായ സി സി ടി വി സുരക്ഷ സൗജന്യമായി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി മലയാളികൾ തലപ്പത്തുള്ള അബുദാബി കമ്പനി. ഒന്നാം ഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം ജില്ലകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 25 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്.

ആഗോള തലത്തിൽ 1.5 ദശലക്ഷം കെട്ടിടങ്ങൾക്ക് സൗജന്യ സി സി ടി വി സുരക്ഷ നൽകാനുള്ള വിപുലമായ പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ ഇന്ത്യയും യു എ ഇയും ഉൾപ്പെടെ 13 രാജ്യങ്ങളിൽ പദ്ധതി നടപ്പിലാക്കും. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തെയും ഉൾപ്പെടുത്തുന്നത്.

കേരളത്തെക്കൂടാതെ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ നഗരങ്ങളിലും ഗോവയുടെ ചില ഭാഗങ്ങളിലും ഒരേ സമയം ആരംഭിക്കുന്ന കാമ്പയിൻ നടപ്പിലാക്കുന്നത് ഇന്ത്യൻ കമ്പനികളുമായി യോജിച്ചാണ്. 2018 അവസാനത്തോടെ കമ്പനിയുടെ പ്രവർത്തനം ഇന്ത്യയിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

'ആഗോളതലത്തിൽ വിവിധ നഗരങ്ങളിലായി തുടക്കം കുറിക്കുന്ന കാമ്പയിനിൽ തുടക്കത്തിൽ തന്നെ ഇന്ത്യൻ നഗരങ്ങളേയും ഉൾപ്പെടുത്തുന്നുണ്ട്. കേരളവും കൂടി വരുന്നതോടെ പദ്ധതിയുടെ പ്രയോജനങ്ങൾ തുടക്കത്തിൽ തന്നെ ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളവും മാറുകയാണ്. കേരളത്തെ തകർത്തെറിഞ്ഞ പ്രളയ ദുരന്തത്തിൽ നിന്ന് കരകേറ്റുവാനുള്ള ശ്രമങ്ങളിൽ ഇതോടെ ഞങ്ങളും പങ്കാളികളാവുകയാണ്,' ആഗോള കാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് ദുബൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ സെക്യൂർ കാം ഐ ടി സൊല്യൂഷൻസ് ചെയർമാനും സി ഇ ഒ യുമായ റിജോയ് തോമസ് പറഞ്ഞു.
'സർക്കാർ പങ്കാളിത്തമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കാനും അതുവഴി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഞങ്ങളുടെ ശ്രമം. കേരള സർക്കാരുമായി ഇതിനുള്ള ചർച്ച ഇതിനോടകം തുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സെക്യൂർ കാം നൽകുന്ന മുഴുവൻ സുരക്ഷാ സേവനങ്ങളും പൂർണമായും സൗജന്യമായിരിക്കും എന്ന വിവരം എടുത്തുപറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,' സെക്യൂർ കാം വ്യാപാര പങ്കാളി അഹ്മദ് സരൂർ അൽ മരാർ വ്യക്തമാക്കി.

2025 ഓടെ ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും ഓരോ നഗരത്തെയെങ്കിലും സമ്പൂർണ സി സി ടി വി സുരക്ഷാ വലയത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സെക്യൂർ അവർ സിറ്റി' അഥവാ 'നമ്മുടെ നഗരങ്ങളെ സുരക്ഷിതമാക്കുക' എന്ന ആഗോള സുരക്ഷാ കാമ്പയിന് കമ്പനി തുടക്കം കുറിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ഓരോ നഗരത്തിലും 10,000 ത്തോളം കാമറകൾ സ്ഥാപിക്കും. ഏതാണ്ട് 1.5 ബില്യൺ അമേരിക്കൻ ഡോളറാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.

2014 ൽ ജി സി സി രാജ്യങ്ങളിൽ ഉടനീളം തുടക്കം കുറിച്ച സെക്യൂർ കാം ആയിരത്തിലേറെ വൻകിട ഇടത്തരം കോർപറേറ്റ് കമ്പനികളുമായി യോജിച്ച് പ്രവർത്തിച്ചു വരുന്നു. സുരക്ഷിതരായിരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. സുരക്ഷയൊരുക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരുമാണ്. സുരക്ഷിതവും അപായരഹിതവുമായ ഒരു ലോകത്തെ നിർമ്മിക്കുക എന്ന ഞങ്ങളുടെ സ്വപ്‌നത്തിന്റെ സാക്ഷാൽക്കാരമാണ് ' സെക്യൂർ അവർ സിറ്റി ' , അദ്ദേഹം കൂട്ടിച്ചേർത്തു.

സെക്യൂർ കാമിന് ഒരു ഓൺലൈൻ പോർട്ടൽ ഉണ്ട്. അതിൽ ലോഗിൻ ചെയ്ത് ലോകത്തെവിടെയുമുള്ള ഏതൊരാൾക്കും അവരുടെ കെട്ടിടത്തിൽ സൗജന്യമായി കാമറ സ്ഥാപിക്കാനുള്ള റജിസ്‌ട്രേഷൻ നടത്താവുന്നതാണ്. നിലവിൽ അവിടെ സി സി ടി വി സ്ഥാപിച്ചിട്ടുണ്ടാവരുത് എന്ന് മാത്രം. ഇനിയും സുരക്ഷ ഒരുക്കാത്ത കെട്ടിടങ്ങളിൽ അതുകൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം,' സെക്യൂർ കാം ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എമിൽ ജോസ് പറഞ്ഞു.

തങ്ങളുടെ കെട്ടിടങ്ങൾക്ക് സി സി ടി വി സുരക്ഷ വേണം എന്നാഗ്രഹിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. http://securecamitsolutions.com/register.html എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്താൽ മാത്രം മതി. ഒരു പ്രദേശത്തെ അപേക്ഷകരുടെ എണ്ണം 500 ആയാൽ ആ പ്രദേശം മുഴുവൻ സൗജന്യമായി സുരക്ഷാസംവിധാനം ഒരുക്കാനുള്ള ഹാർഡ് വെയർ , സോഫ്റ്റ് വെയർ സാമഗ്രികളോടെ വിദഗ്ദ്ധരായ സംഘത്തെ കമ്പനി അയക്കും. പൂർണമായും സൗജന്യമായാണ് കമ്പനി ഈ സേവനം നൽകുന്നത്.

ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കുന്നത് വ്യക്തിഗത തലത്തിലുള്ള അപേക്ഷകളെ അടിസ്ഥാനമാക്കിയാണെങ്കിലും കുറേക്കൂടി സുഗമമായ പ്രവർത്തനത്തിനായി സർക്കാരുകളുമായി ധാരണയിൽ എത്താനുള്ള നീക്കങ്ങളും കമ്പനി നടത്തുന്നുണ്ട്.

'ഒന്നാം ഘട്ട പദ്ധതി നിർവ്വഹണത്തിനായി പ്രാദേശിക തലത്തിലുള്ള ഏജൻസികളും പ്രതിനിധികളുമായി കമ്പനി ധാരണയിലെത്തിയിട്ടുണ്ട്. ആവശ്യമായ സംവിധാനങ്ങളും സാമഗ്രികളും തയ്യാറായിക്കഴിഞ്ഞു,' അദ്ദേഹം പറഞ്ഞു.യു എ ഇയെ കൂടാതെ സൗദി അറേബ്യ, ഈജിപ്റ്റ്, ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, മലേഷ്യ, ഇന്തോനേഷ്യ, റഷ്യ, ഹോളണ്ട്, ആസ്ത്രേലിയ എന്നീ രാഷ്ട്രങ്ങൾ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടും. മിഡിൽ ഈസ്റ്റും വടക്കൻ ആഫ്രിക്കയും ഉൾപ്പെട്ട MENA രാജ്യങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന ഹാർഡ് വെയറിന് രണ്ടു വർഷത്തെ വാറന്റിയും ഒരു വർഷത്തെ സേവന കരാറും കമ്പനി ഉറപ്പുനൽകുന്നുണ്ട്