തിരുവനന്തപുരം: എം.ജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കുന്നതിന്റെ 'രാഷ്ട്രീയം' സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാക്കി ഇടതുപക്ഷ അനുഭാവികൾ അടക്കമുള്ള പ്രമുഖർ രംഗത്ത്. ശ്രീകുമാർ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടാണ് ഇടതുപക്ഷ അനുഭാവികൾ ഉൾപ്പെടെയുള്ളർ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ സർക്കാർ തലത്തിൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിട്ടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. 

എംജി ശ്രീകുമാറിനെ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ വിവിധ തലങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. കോൺഗ്രസ് നേതാവും മുൻ എംഎ‍ൽഎയുമായ വി. ടി ബൽറാം, സിനിമാ സംവിധായകൻ ജിയോ ബേബി, എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ തുടങ്ങിയവരാണ് വിമർശനവുമായെത്തിയിരിക്കുന്നത്

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിച്ച വി. മുരളീധരന്റെ ഫേസ്‌ബുക്ക് പേജ് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള എം.ജി ശ്രീകുമാറിന്റെ വീഡിയോയാണ് വിമർശകർ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. കഴക്കൂട്ടത്ത് താമര വിരിയാൻ ആഗ്രഹിച്ച ഗായകനെത്തന്നെ ചെയർമാനാകാൻ തീരുമാനിച്ചത് ശരിയോ എന്നാണ് സമൂഹ മാധ്യമങ്ങളിലെ ഇടത് കൂട്ടായ്മയിലെ ഇപ്പോഴത്തെ ചർച്ച.

പാർട്ടി അച്ചടക്കം പാലിക്കേണ്ടതിനാൽ ചർച്ചകളിൽ ഭൂരിഭാഗവും സ്വകാര്യ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ്. എങ്കിലും പാർട്ടി അനുഭാവികളായി തുടരുന്നവർ ഫേസ്‌ബുക്കിലും പ്രതികരിക്കുന്നുണ്ട്. തീരുമാനങ്ങളിലെ വിവരക്കേട് തിരുത്തുന്നതാകും നല്ലത് എന്നാണ് വിമർശകർ പറയുന്നത്. പാർട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്ന പുതിയ വർഗത്തിലെ പ്രതിനിധികൾക്കാണ് ഇപ്പോൾ നിയമനം ലഭിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞയാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ചലച്ചിത്ര പിന്നണി ഗായകൻ എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായി നിശ്ചയിച്ചത്. ബിജെപി നേതാക്കളുമായി അടുപ്പം സൂക്ഷിക്കുന്ന എം.ജി ശ്രീകുമാറിന് നിയമനം ലഭിച്ചത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. എന്നാൽ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സർക്കാർ ആരേയും ചെയർമാനായി നിയമിച്ചിട്ടില്ലെന്നായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ മറുപടി.

'കേരള സംഘീത നാടക അക്കാദമി'യിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും ഇടതുപക്ഷത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവൻ സാംസ്‌കാരിക പരാദ ജീവികളുമാണെന്ന് വി. ടി ബൽറാം ഫേസ് ബുക്കിൽ പരിഹസിച്ചു.

ചലച്ചിത്ര അക്കാദമിയിൽ ജീവനക്കാരായി സിപിഎമ്മുകാരെ പിൻവാതിലിലൂടെ നിയമിക്കുന്നതിന് ശിപാർശ ചെയ്തുകൊണ്ട് അന്ന് ചെയർമാനായിരുന്ന സംവിധായകൻ കമൽ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താനാണെന്നാണ്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും 'ഇടതുപക്ഷ സ്വഭാവം' ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്‌കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതിൽ പോലും എതിർക്കാൻ തയ്യാറായില്ല.

അതുകൊണ്ടുതന്നെ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് പുതിയ നിയമനമെന്ന് വിശദീകരിക്കേണ്ടത് ഇക്കാലമത്രയും 'ഇടതുപക്ഷ'ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവൻ സാംസ്‌കാരിക പരാദ ജീവികളുമാണെന്നാണ് വി. ടി ബൽറാം കുറിക്കുന്നത്. അതോ ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റി നടക്കുന്ന ഈ 'ഇടതുപക്ഷം' എന്നും ബൽറാം ചോദിക്കുന്നു.

സംഘ് സഹയാത്രികൻ എം.ജി ശ്രീകുമാർ ഇടത് സർക്കാറിന്റെ സംഗീത നാടക അക്കാദമി ചെയർമാനാകും, എന്നാണ് എംജി ശ്രീകുമാർ ബിജെപി വേദിയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച് ഫാത്തിമ തഹ്ലിയ ഫേസ്‌ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.

അങ്ങനെ തീവ്രമായ അന്വേഷണത്തിനൊടുവിൽ ഒരു നാടകക്കാരനെ കിട്ടുകയാണെന്നാണ് ജിയോ ബേബി പരിഹാസ രൂപേണ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.നടി കെപിഎസി ലളിതയുടെ കാലാവധി പൂർത്തിയായതിന് ശേഷം എംജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനാകും. നിലവിലെ ചെയർമാനായ കമലിന്റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രഞ്ജിത്ത് സ്ഥാനമേറ്റെടുക്കുക.

തെരഞ്ഞെടുപ്പുകളിൽ ബിജെപി വേദികളിലെ സാന്നിധ്യമായിരുന്നു എംജി ശ്രീകുമാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനൊപ്പം അദ്ദേഹം പ്രചരണത്തിൽ പങ്കെടുത്തു. കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതും എംജി ശ്രീകുമാറായിരുന്നു. 2016 ൽ കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന വി മുരളീധരന് വേണ്ടിയും എംജി ശ്രീകുമാർ പ്രചാരണം നടത്തിയിരുന്നു. കഴക്കൂട്ടത്തെ ബിജെപി വേദിയിൽ വെച്ച് പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.

ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ ഭരണത്തിന് കീഴിൽ കരുത്ത് പകരാൻ കേരളത്തിൽ താമര വിരിയണമെന്നും എംജി ശ്രീകുമാർ അന്ന് പറഞ്ഞിരുന്നു. ഈ പരാമർശങ്ങളുൾപ്പെടെയാണ് ഇപ്പോൾ പ്രചരിക്കുന്നത്.