കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ ആശങ്കകൾ തുറന്നുകാട്ടിയും സംസ്ഥാനത്തെ പൊതു ഗതാഗതത്തിന്റെ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സിൽവർ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുമ്പ് ജനങ്ങൾക്ക് എല്ലാ വിവരവും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ പരിഷത്ത് ആവശ്യപ്പെടുന്നു.

കെ റെയിൽ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് അപകടമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ കത്തിൽ തുറന്നു പറയുന്നു. കേരള സംസ്ഥാനത്തിന്റെ ദുർബലമായ സാമ്പത്തിക അവസ്ഥയും സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറി വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും തങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.

സിൽവർ ലൈൻ പോലെയുള്ള ഭീമമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പകരം നമ്മുടെ വികസന പദ്ധതികൾ പരിഗണിക്കുന്നതിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും കത്തിൽ പരാമർശിക്കുന്നു. നിലവിലെ റെയിൽവേ സംവിധാനത്തെ ശക്തപ്പെടുത്താൻ ശ്രമിക്കണമെന്നും കത്തിൽ പറയുന്നു.

'കേരള അസ്സംബ്ലിയിലും മറ്റു പൊതു ഇടങ്ങളിലും കേരളത്തിന്റെ പൊതു ഗതാഗതത്തിന്റെ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യണം എന്ന് ഞങ്ങൾ നിർദേശിക്കുന്നു. ധാരാളം ജനാധിപത്യ സംവാദങ്ങൾക്ക് ഇടം നൽകുന്ന കേരള സമൂഹത്തിൽ നിന്ന് ഈ വിഷയത്തിൽ സർഗാത്മകമായ ധാരാളം നിർദേശങ്ങൾ വരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

'നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നത് വരെ സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങൾ നിർത്തി വെക്കണം. കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ട് റോഡ്, റെയിൽ, വിമാനം, ഉൾനാടൻ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉൾപ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചു ഒരു ധവളപത്രം പുറത്തിറക്കണം. ഇതിൽ ഏറ്റവും ചെലവ് കുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസ ഘടനയെ മനസ്സിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകണം,' അവർ കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരിയും മറ്റനേകം വികസന ക്ഷേമ പ്രശ്നങ്ങളും സൃഷ്ടിച്ച പ്രതിസന്ധികൾക്കു മദ്ധ്യേ ഇത്തരത്തിലുള്ള ഭീമമായ നിക്ഷേപം വേണ്ട പ്രവർത്തനങ്ങൾ എങ്ങനെയാണ് മുൻഗണനയാവുന്നത് എന്ന് വിശദീകരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു,' കത്തിൽ പരാമർശിക്കുന്നു.

കെ റെയിൽ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉതകണ്ഠയേയും സർക്കാർ പരിഗണിക്കേണ്ടതുണ്ടെന്നും കേരളത്തിന്റെ ഭാവിയെ പദ്ധതി എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.

അതേസമയം, കണ്ണൂർ മാടായിപ്പാറയിൽ സർവേക്കല്ലുകൾ പിഴുതെറിഞ്ഞിരുന്നു. മാടായിപ്പാറ റോഡരികിൽ എട്ട് സർവേക്കല്ലുകൾ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലും കണ്ടെത്തിയിരുന്നു.

നേരത്തെ മാടായിപ്പാറ സംരക്ഷണ സമിതി, സിൽവർ ലൈൻ വിരുദ്ധ സമിതി എന്നിങ്ങനെയുള്ള കൂട്ടായ്മകൾ പ്രദേശത്ത് സർവേ നടത്താൻ അനുവദിക്കില്ലെന്ന നിലപാട് എടുത്തിരുന്നു.

സിൽവർ ലൈനിൽ സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന പ്രഖ്യാപനമാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ നടത്തിയിരുന്നത്. തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്നും സുധാകരൻ പറഞ്ഞിരുന്നു. പദ്ധതിയിൽ നിന്ന് ഒരുകാരണവശാലും പിന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

കത്തിന്റെ പൂർണരൂപം
മുഖ്യമന്ത്രിക്ക് പ്രമുഖ ശാസ്ത്രജ്ഞരും എഴുത്തുകാരും എഴുതുന്ന ഒരു തുറന്ന കത്ത്.

സിൽവർ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുൻപ് ജനങ്ങൾക്ക് എല്ലാ വിവരവും ലഭ്യമാക്കണം.

ഇപ്പോൾ നിർദേശിക്കപ്പെട്ടിരിക്കുന്ന സിൽവർ ലൈൻ എന്ന അർദ്ധ അതിവേഗ റയിൽ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് വിവിധ തരത്തിൽ അപകടമാണ് എന്ന് വികസന മേഖലയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽസ് നിലയിലും ഈ ആശങ്ക പങ്കുവയ്ക്കുന്ന പൗരന്മാർ എന്ന നിലയിലും ഞങ്ങൾ ആത്മാർഥമായി കരുതുന്നു.

ഞങ്ങളെ പ്രധാനമായും ഉത്ക്കണ്ഠപ്പെടുത്തുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് കേരള സംസ്ഥാനത്തിന്റെ ദുർബലമായ സാമ്പത്തിക അവസ്ഥ. രണ്ട് സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറി വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ.

2018 ലും 2019 ലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കങ്ങൾ, 2020 മുതൽ തുടരുന്ന കോവിഡ് 19 എന്ന മഹാമാരി എന്നിവ സൃഷ്ടിച്ച അസാധാരണ സാഹചര്യങ്ങൾ ജനതയേയും പ്രകൃതിയെയും സംരക്ഷിക്കുന്നതിൽ നാം ഒരുമിച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ സിൽവർ ലൈൻ പോലെയുള്ള ഭീമമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പകരം നമ്മുടെ വികസന പരിഗണനാക്രമങ്ങൾ മാറ്റേണ്ടതുണ്ട് എന്ന് ഞങ്ങൾ കരുതുന്നു.

കൂടുതലായും വിദേശ കടത്തേയും വിദേശ സാങ്കേതിക വിദ്യയേയും ആശ്രയിച്ചു ഏകപക്ഷീയമായി നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഈ പദ്ധതി ജനകീയ ചർച്ചകളില്ലാതെ മുന്നോട്ട് പോകുന്നതിൽ ഞങ്ങൾ തികച്ചും നിരാശരാണ്.

അതുകൊണ്ടുതന്നെ ജനകീയ ജനാധിപത്യത്തിന്റെ സ്പിരിറ്റ് ഉൾക്കൊണ്ടുകൊണ്ട് ഇനിപ്പറയുന്ന നിർദേശങ്ങൾ നടപ്പാക്കണം എന്ന് ഞങ്ങൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു:

1. നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നത് വരെ സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണം

2. കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ടു റോഡ്, റെയിൽ, വിമാനം, ഉൾനാടൻ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉൾപ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചു ഒരു ധവളപത്രം പുറത്തിറക്കണം. ഇതിൽ ഏറ്റവും ചെലവ് കുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസ ഘടനയെ മനസ്സിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകണം

3. ഇപ്പോൾ കേരളത്തിലുള്ള റെയിൽവേ സംവിധാനത്തിന് വേഗതയിലും മറ്റു അനുബന്ധ സൗകര്യങ്ങളിലും ഏറെ പരിമിതികൾ ഉണ്ടെങ്കിലും അവയെ പരിഹരിച്ചുകൊണ്ട് ഇപ്പോൾ നിലനിൽക്കുന്ന സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് കൂടുതൽ ചെലവ് കുറവുള്ളതും മറ്റു അനുബന്ധ പ്രശ്നങ്ങൾ കുറക്കുന്നതുമായ ബദൽ മാർഗമാണ് എന്ന് ഞങ്ങൾ കരുതുന്നു. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് ഞങ്ങൾ നിർദേശിക്കുന്നു.

4. കേരള അസ്സംബ്ലിയിലും മറ്റു പൊതു ഇടങ്ങളിലും കേരളത്തിന്റെ പൊതു ഗതാഗതത്തിന്റെ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യണം എന്ന് ഞങ്ങൾ നിർദേശിക്കുന്നു. ധാരാളം ജനാധിപത്യ സംവാദങ്ങൾക്ക് ഇടം നൽകുന്ന കേരള സമൂഹത്തിൽ നിന്ന് ഈ വിഷയത്തിൽ സർഗാത്മകമായ ധാരാളം നിർദേശങ്ങൾ വരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

5. കോവിഡ് മഹാമാരിയും മറ്റനേകം വികസന ക്ഷേമ പ്രശ്നങ്ങളും സൃഷ്ടിച്ച പ്രതിസന്ധികൾക്കു മദ്ധ്യേ ഇത്തരത്തിലുള്ള ഭീമമായ നിക്ഷേപം വേണ്ട പ്രവർത്തനങ്ങൾ എങ്ങനെയാണ് മുൻഗണനയാവുന്നത് എന്ന് വിശദീകരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഈ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠയും കേരളത്തിന്റെ ഭാവിയെ ഇത്തരം വൻ പദ്ധതികൾ എങ്ങനെ ബാധിക്കും എന്ന പൊതുവായ ഭീതിയും സർക്കാർ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ജനാധിപത്യത്തിൽ അറിയാനുള്ള അവകാശം വളരെ പ്രധാനമാണ് എന്ന് എഞങ്ങൾ പ്രത്യേകം ഓർമപ്പെടുത്തേണ്ടതില്ലല്ലോ. ഭാവി വികസന ചർച്ചകളെയും ഇത് ഏറെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ, സാമൂഹിക പ്രശ്നങ്ങളെ ഗൗരവത്തോടെ കാണുന്ന എഴുത്തുകാർ, പൗരർ എന്നീ നിലകളിൽ നീതിപൂർവകവും സുസ്ഥിരവും പരിസ്ഥിതി സഹൃദപരവും പങ്കാളിത്തപരവുമായ വികസനത്തിൽ സാമൂഹികമായ അഭിപ്രായ സമന്വയത്തിന്റെ പ്രാധാന്യം ഞങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടുകയാണ്.

എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ സന്ദർഭത്തിനൊത്തു ഉയരും എന്ന് ഞങ്ങൾ കരുതുന്നു.