- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി ശിശുമരണം; പട്ടികജാതി ഗോത്ര വർഗ കമ്മീഷൻ കേസെടുത്തു; ജില്ലാ അധികാരികളിൽ നിന്നും ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ടിനും നിർദ്ദേശം
തിരുവനന്തപുരം അട്ടപ്പാടി ആദിവാസി മേഖലയിൽ നവജാതശിശുക്കളുടെ മരണത്തിൽ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, അഗളി ഐറ്റിഡിപി പ്രൊജക്ട് ഓഫിസർ, പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരിൽ നിന്നും കുട്ടികളുടെ മരണം സംബന്ധിച്ചും പരിഹാര മാർഗങ്ങളെ സംബന്ധിച്ചും റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാൻ നിർദ്ദേശം നൽകി.
അട്ടപ്പാടിയിൽ 2 ആദിവാസി നവജാതശിശുക്കളും 6 വയസ്സുള്ള ഒരു കുട്ടിയും മരിച്ച സംഭവത്തിലാണ് നടപടി. മാതൃശിശു സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനുമായി കോടികൾ ചെലവിടുന്ന അട്ടപ്പാടിയിൽ 4 ദിവസത്തിനിടെ 5 കുട്ടികളും ഒരു അമ്മയുമാണു മരിച്ചത്. ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടിയിലെത്തും. ശിശുമരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ ഡയറക്ടർക്കു നിർദ്ദേശം നൽകി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പട്ടികവർഗ വകുപ്പ് ഡയറക്ടർ ടി.വി.അനുപമയ്ക്ക് മന്ത്രി രാധാകൃഷ്ണനും നിർദ്ദേശം നൽകിയിരുന്നു.
വീട്ടിയൂർ ഊരിലെ സനീഷ് ഗീത ദമ്പതികളുടെ 3 ദിവസം പ്രായമായ ആൺകുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്. കതിരംപതി ഊരിൽ അയ്യപ്പന്റെയും രമ്യയുടെയും മകൾ 10 മാസം പ്രായമായ അസന്യ ഇന്നലെ വൈകിട്ടാണു മരിച്ചത്. കടുകുമണ്ണ ഗോത്ര ഊരിലെ ചെല്ലന്റെയും ജക്കിയുടെയും മകൾ ശിവരഞ്ജിനി (6) ഇന്നലെ രാത്രി ഒൻപതോടെയാണ് മരിച്ചത്.
23ന് അഗളി കൊറവൻകണ്ടി ഊരിലെ ബാലകൃഷ്ണന്റെയും തുളസിയുടെയും ആൺകുഞ്ഞ് മരിച്ചിരുന്നു. അന്നുതന്നെ ഷോളയൂർ തൂവ ഊരിലെ രാജേന്ദ്രൻ വള്ളി ദമ്പതികളുടെ 42 ദിവസം പ്രായമായ ആൺകുട്ടി മരിച്ചു. ഈ വർഷം അട്ടപ്പാടിയിൽ 9 ആദിവാസി ശിശുക്കളാണു മരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ