തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും വിവിധ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നു തുടങ്ങിയിട്ടുണ്ട്. കർണാടകം അടക്കമുള്ള സ്‌കൂളുകളാണ് തുറന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലും സ്‌കൂളുകൾ തുറക്കണമെന്ന ആവശ്യവും ശക്തമാണ്. കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചാൽ ഉടൻ സംസ്ഥാനത്തെ സ്‌കൂളുകൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഓൺലൈൻ ക്ലാസിലെ ഫോൺ ഉപയോഗം കുട്ടികളിൽ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു. കുട്ടികൾക്കുള്ള വാക്സിൻ ലഭിക്കുന്ന മുറക്ക് അവർക്ക് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. 36ശതമാനം പേരിൽ കഴുത്ത് വേദന, 28 ശതമാനം പേർക്ക് കണ്ണ് വേദന, 36 ശതമാനം പേർക്ക് തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എസ്.സി.ഇ.ആർ.ടി പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ ബോധവൽക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾക്കായി കൂടുതൽ കൗൺസിലർമാരെ സ്‌കൂളുകളിൽ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എ പ്ലസ് കിട്ടിയവരെ കളിയാക്കുന്നതിനെതിരെയും മന്ത്രി പ്രതികരിച്ചു. തമാശ നല്ലതാണ് എന്നാൽ കുട്ടികളെ വേദനിപ്പിക്കരുതെന്നാണ് മന്ത്രി പറഞ്ഞത്.

കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ സ്‌കൂൾ തുറക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. ഇതിന് ആദ്യം വേണ്ടത് കുട്ടികൾക്ക് വാക്സിൻ നൽകുകയെന്നതാണ്. കുട്ടികൾക്കുള്ള വാക്സിനേഷൻ സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കേന്ദ്രനിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് തന്നെ സംസ്ഥാനത്ത് കുട്ടികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കും. അതിന് ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് സ്‌കൂളികൾ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞവർഷവും ഈ വർഷവും ഓൺലൈൻ ആയാണ് പഠനം നടത്തുന്നത്. അതേസമയം കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യം പരിഗണിച്ച്, പഞ്ചാബ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ വിദ്യാലയങ്ങൾ തുറന്നു തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾ അടുത്തുതന്നെ വിദ്യാലയങ്ങൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.