തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ ജീവനക്കാർ ടൂറിനും കല്ല്യാണിനും പോകുന്നത് പോലെയാണ് ഓഫീസിലെത്തുന്നതെന്നും പൊതുജനങ്ങളോട് നിരന്തരം ബന്ധപ്പെടേണ്ട ഇത്തരം ഉദ്യോഗസ്ഥർ വസ്ത്രധാരണത്തിൽ മാന്യത കാട്ടുന്നില്ലെന്നും പരാതി. ഇക്കാര്യത്തിൽ ഇടപ്പെട്ട് മാന്യത ഉറപ്പാക്കുന്നതിന് പ്രത്യേക നിർദ്ദേശം നിൽകണമെന്ന് അപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് ലഭിച്ചു. ആരാണ് എഴുതുന്നെന്ന കത്തിൽ വ്യക്തമാക്കിയിട്ടില്ല. തപാൽ മുഖാന്തരിമല്ല കത്ത് ലഭിച്ചതും. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇത് നേരിട്ട് എത്തിച്ചതാണെന്നാണ് വിവരം.

ഒരു വിഭാഗം മുതിർന്ന ജീവനക്കാരാണ് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് എന്നാണ് സൂചന. മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്കും പൊതുഭരണസെക്രട്ടറിക്കും നൽകിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് തങ്ങളുടെ ലോകമാണെന്ന ധാരണയിൽ പലരും പെരുമാറുന്നതായുള്ള പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. അതിനിടെയാണ് ഇത്തരമൊരു കത്തും പുറത്തുവരുന്നത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ജീവനക്കാരിൽ പകുതി പേരും മ്ലേച്ഛമായ വസ്ത്രധാരണ രീതിയാണ് പിന്തുടരുന്നതെന്ന് കത്തിലുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സമക്ഷം എന്ന ആമുഖത്തോടെയാണ് കത്ത് തുടങ്ങുന്നത്. കത്തിലെ ആരോപണങ്ങളൊന്നും പൊതു സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ല. അതുകൊണ്ട് തന്നെ കത്തിനെ സർക്കാർ അവഗണിക്കും.

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പൊതുജനങ്ങളുമായി ഇടപഴകേണ്ടിവരുന്നവരാണ് ഇവിടുത്തെ ജീവനക്കാരിൽ സെക്രട്ടേറിയേറ്റിലെ ജീവനക്കാർ വസ്ത്രധാര രീതിയിൽ മിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. വിനോദസഞ്ചാരത്തിനും, വിരുന്നുകൾക്കും, കല്യാണങ്ങൾക്കും ധരിക്കുന്നത് പോലെയാണ് ഇവിടുത്തെ 50% അധികം സ്ത്രീകളും പുരുഷന്മാരും ഔദ്യോഗിക കൃത്യനിർവ്വഹണത്തിനു വരുമ്പോൾ വസ്ത്രധാരണം ചെയ്യുന്നതെന്നതാണ് ആരോപണം. എന്നാൽ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് ഈ കത്തെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ അനാവശ്യ വിവാദമുണ്ടാക്കലാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് സർക്കാർ സംശയിക്കുന്നു.

ചില പുരുഷന്മാർ ടീ ഷർട്ടുകളും ബർമുഡയും, ചില സ്ത്രീകൾ ഷാളുകളില്ലാത്ത ചുരിദാറുകളും, ത്രീഫോർത്ത് പാന്റുകളും ധരിച്ചാണ് ഓഫീസിൽ എത്തുന്നത്. സാധാരണ ജനങ്ങൾക്കു വേണ്ടിയുള്ള സർക്കാർ ഭരിക്കുമ്പോൾ മാന്യമായ രീതിയിൽ വേണം വേഷം ധരിക്കാനുള്ളത്. വളരെ മേച്ഛമായ രീതിയിൽ വസ്ത്രധാരണം ചെയ്യുന്നതുകൊണ്ടാണ് ബഹു.മുഖ്യമന്ത്രിക്ക് ഇങ്ങനെയൊരു കത്ത് എഴുതേണ്ടി വരുന്നത്. ആയതിനാൽ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ വസ്ത്രധാരണ രീതിയിൽ മുഖ്യമന്ത്രിയുടെ ഒരു ശ്രദ്ധ വേണമെന്നും മാന്യമായി വസ്ത്രധാരണം വേണമെന്നുമുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നതായും കത്തിൽ പറയുന്നു.

സെക്രട്ടറിയേറ്റിൽ മുൻപ് പുരുഷന്മാർക്ക് ജുബ്ബയും മുണ്ടും സ്ത്രീകൾക്ക് സാരിയും ഡ്രസ് കോഡ് ആക്കിയിരുന്നു. പിൽക്കാലത്ത് അത് ഇല്ലാതായി. ഇപ്പോൾ കൈത്തറിയുടെ പ്രചരണാർത്ഥം ഒരുദിവസം കൈത്തറി വസ്ത്രം ധരിക്കാൻ പറഞ്ഞാൽ പോലും പ്രയാസകരമായാണ് ജീവനക്കാർ കാണുന്നത്. ഈ സാഹചര്യത്തിലാണ് ഈ കത്തും എത്തുന്നത്. പല സംസ്ഥാനങ്ങളും ജീവനക്കാരുടെ വസ്ത്രധാരണം എങ്ങനെയെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും കേരളത്തിൽ നടക്കില്ലെന്നതാണ് വസ്തുത.