- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പന; മലയാളികൾ കുടിച്ചത് 750 കോടിയുടെ മദ്യം; 70 ശതമാനം വിൽപ്പന ബെവ്കോ ഔട്ട്ലെറ്റുകളിൽ; ഉത്രാടത്തിന് കൂടുതൽ കുടിച്ചത് തലസ്ഥാന നഗരവാസികൾ; പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിൽ മാത്രം വിറ്റത് 1.04 കോടിയുടെ മദ്യം
തിരുവനന്തപുരം: ഓണനാളുകളിൽ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ നടന്നത് റെക്കോഡ് മദ്യവില്പന. കോവിഡ് പ്രതിസന്ധി മൂലം പൊതുവെ വിപണി മന്ദഗതിയിലാണെങ്കിലും ഓണത്തിന് മദ്യവില്പന പൊടിപൊടിച്ചതായാണ് കണക്കുകൾ. ഓണനാളുകളിൽ 750 കോടിയുടെ മദ്യവില്പനയാണ് ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ നടന്നത്.
ഏറ്റവും കൂടുതൽ വില്പന നടന്നത് ഉത്രാട ദിനത്തിലാണ്. 85 കോടിയുടെ വില്പനയാണ് അന്നുമാത്രം നടന്നത്. തിരുവോണ ദിവസം അവധിയായിരുന്നതിനാൽ തന്നെ ഉത്രാടദിനത്തിൽ ഔട്ട്ലെറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ഉത്രാട ദിനത്തിൽ കൂടുതൽ മദ്യം വിറ്റത് തലസ്ഥാനത്താണ്. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റിൽ നിന്ന് ഉത്രാട ദിനം വിറ്റുപോയത് 1,04,00,000 രൂപയുടെ മദ്യമാണ്. ആദ്യമായാണ് ഒരു ഔട്ട്ലെറ്റിൽ നിന്ന് ഒരു കോടിയിലധികം രൂപയുടെ മദ്യം വിൽക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ വില്പനയാണ് ഇത്.
ഇരിങ്ങാലക്കുട ഔട്ലെറ്റിൽ നിന്നും വിറ്റത് 96 ലക്ഷത്തിന്റെ മദ്യമാണ്.ഉത്രാടത്തിന് മാത്രം 85 കോടിയുടെ മദ്യമാണ് സംസ്ഥാന വ്യാപകമായി വിറ്റഴിഞ്ഞത്.കൺസ്യൂമർഫെഡിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് കുന്നംകുളത്തെ ഔട്ട്ലെറ്റിലാണ്. 58 ലക്ഷം രൂപയുടെ വിൽപ്പനയുമായി ഞാറക്കലിലെ ഷോപ്പും 56 ലക്ഷം രൂപയുടെ വിൽപ്പനയായി കോഴിക്കോട്ടെ ഷോപ്പും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
ഓണത്തോടനുബന്ധിച്ച് മൂന്നുഷോപ്പുകളിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും. ഈ മൂന്നിടത്തും ഓൺലൈൻ വില്പന വിജയകരമായിരുന്നുവെന്നാണ് ബെവ്കോ വ്യക്തമാക്കുന്നത്.
ഓണത്തിനോടുബന്ധിച്ച് പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിലുണ്ടായത് റെക്കോർഡ് നേട്ടമാണ്. 70 ശതമാനം വിൽപ്പന നടന്നത് ബെവ്കോ ഔട്ട്ലെറ്റുകളിലാണ്.30 ശതമാനം വിൽപ്പന ബാറുകളിലാണ് നടന്നത്. 260 ഔട്ലെറ്റുകൾ വഴിയായിരുന്നു ഇത്തവണത്തെ വില്പന.പ്രാദേശിക നിയന്ത്രണങ്ങളുള്ളതിനാൽ അഞ്ചു ഔട്ട് ലെറ്റുകൾ തുറന്നിരുന്നില്ല. ഏറ്റവും കൂടുതൽ വിറ്റുപോയത് ബ്രാൻഡിയാണ്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന ഓൺലൈൻ മദ്യവിൽപ്പനയിൽ 10 ലക്ഷം രൂപയ്ക്കടുത്താണ് വരുമാനം. തിരക്ക് കുറയ്ക്കാൻ 181 അധിക കൗണ്ടറുകൾ ബെവ്കോ തുറന്നിരുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുമായെത്തുന്നവർക്ക് മാത്രമായിരുന്നു മദ്യം നൽകിയിരുന്നത്. നിയന്ത്രണങ്ങൾ കച്ചവടത്തെ ബാധിക്കാതിരിക്കാൻ കോർപ്പറേഷൻ എടുത്ത മുൻകരുതലുകളാണ് കച്ചവടം കൂട്ടിയതെന്ന് ബെവ്കോ എംഡി യോഗേഷ് ഗുപ്ത പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ