തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം ഉഴറുന്ന വേളയിൽ മുണ്ടു മുറുക്കി ഉടുക്കാൻ നിർദേശിച്ച് പിണറായി സർക്കാറിന്റെ മൂന്നാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചു. ഓഖി ദുരിതം തകർത്ത തീരദേശ മേഖലയെ തിരികെ ശക്തിപ്പെടുത്താൻ നിർദേശിക്കുന്ന ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്. സേവന മേഖലയിലെ നിരക്കുകളും ഭൂമി നികുതിയും വർദ്ധിപ്പിച്ച ഐസക് പതിവുപോലെ മദ്യത്തിന്റെ വിലയും വർദ്ധിപ്പിച്ചു. സർക്കാർ ചെലവുചുരുക്കലിന്റെ പാതയിലാണെന്നും അദ്ദേഹം ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.

ആരോഗ്യ മേഖലയിൽ മികച്ച പ്രഖ്യാപനങ്ങൾ നടത്തിയ അദ്ദേഹം വ്യവസായ മേഖലയ്ക്ക് ഊർജ്ജം പകരുന്ന കാര്യമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല. സാമൂഹ്യക്ഷേമ പദ്ധതികൾക്കും സ്ത്രീസുരക്ഷക്കും കൂടുതൽ മുൻതൂക്കം അദ്ദേഹം ബജറ്റിൽ നൽകി. കെഎസ്ആർടിസിയെ അഴിച്ചു പണിയാനും ലക്ഷ്യമിടുന്നതാണ് തോമസ് ഐസക്ക് പുതുതായി കൊണ്ടു വന്ന ആശയങ്ങൾ. കിഫ്ബി വഴിയാണ് പൊതുമരാമത്ത് വകുപ്പിന്റെ കൂടുതൽ പദ്ധിതകളും അദ്ദേഹം പ്രഖ്യാരപിച്ചത്.

ഓഖി ദുരിതം തകർത്ത തീരദേശത്തിന് തലോടൽ

ഓഖി ദുരിതത്തിന്റെ സാമ്പത്തിക ഞെരുക്കം എടുത്തു പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം തുടങ്ങി. തുടർന്ന് തീരദേശത്തിന് വേണ്ടി രണ്ടായിരം കോടിയുടെ പാക്കേജ് മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള സുരക്ഷാപദ്ദതികളും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഓഖിയുടെ പശ്ചാത്തലത്തിൽ തീരദേശത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ബജറ്റാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഇതിന് പുറമെ കിഫ്ബിയിൽ നിന്ന് 900 കോടി തീരദേശമേഖലയിലെ വിവിധ പദ്ധതിക്കായി ചിലവഴിക്കും. തീരപ്രദേശങ്ങളിലെ ആശുപത്രികൾ നവീകരിക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. കടലിനോട് ചേർന്ന് 50 മീറ്റർ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 150 കോടി നീക്കിവെക്കും. തീരദേശമേഖലയിൽ വൈഫൈയും കുടുംബാരോഗ്യ പദ്ധതിയും നടപ്പാക്കും.

ഓഖിയുടെ പശ്ചാത്തലത്തിൽ ഉൾക്കടലിൽ അപകടങ്ങളിൽപ്പെടുന്നവരെ രക്ഷപ്പെടുത്താൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. തീരദേശ ഗ്രാമങ്ങളെ ഉപഗ്രഹം വഴി ബന്ധിപ്പിക്കാൻ നൂറ് കോടിയുടെ പ്രത്യേക പദ്ധതി നടപ്പാക്കും. തീരദേശ ഗ്രാമങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തും. തീരദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 150 കോടിയും തീരദേശത്തെ ഹരിതവത്കരിക്കാൻ 150 കോടിയും നീക്കി വെച്ചു.

തീരദേശ റോഡുകളുടെ വികസനമടക്കം തീരദേശ മേഖലയുടെ മൊത്തം വികസനത്തിന് 600 കോടിയുടെ പദ്ധതി. മത്സ്യമാർക്കറ്റുകൾ സ്ഥാപിക്കും. മത്സ്യഫെഡിന്റെ കീഴിൽ മത്സ്യം സൂക്ഷിക്കാൻ കൂടുതൽ സ്റ്റോറേജുകൾ സ്ഥാപിക്കും. സംസ്ഥാനത്തെ മത്‌സ്യ ബന്ധന തുറമുഖ വികസനത്തിന് 584 കോടി നബാർഡിൽ നിന്ന് വായ്പ എടുക്കും. കിഫ്ബിയിൽ നിന്ന് 900കോടിയുടെ നിക്ഷേപം സ്വീകരിക്കും. ചേത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ രണ്ടാംഘട്ട വികസനവും കോഴിക്കോട് ബീച്ച് ആശുപത്രി, ഫറോക്ക്, കരുനാഗപ്പള്ളി, കൊല്ലം, ആലപ്പുഴ, ചരുവേട്ടി, ചെട്ടിപ്പട്ടി താലൂക്ക് ആശുപത്രികളെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും.

എല്ലാ തീരദേശ സ്‌കൂളുകളും നവീകരണ പട്ടികയിൽ പെടുത്തും. തീരദേശത്ത് 250-ൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന എല്ലാ സ്‌കൂളുകളേയും ഹൈടെക്കാക്കി മാറ്റും. ചെല്ലാനം പൊന്നാന്നി തുടങ്ങിയ മേഖലകളിലെ കടൽക്ഷോഭത്തിനെതിരെ പ്രത്യക പദ്ധതി രൂപീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

ആരോഗ്യ മേഖലക്ക് കൂടുതൽ ഊന്നൽ, എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജി വിഭാഗം

ആരോഗ്യ മേഖലയിൽ സമഗ്ര പുരോഗതിക്കായുള്ള നിർദേശങ്ങളാണ് മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലുള്ളത്. സംസ്ഥാനത്തെ 80 ശതമാനം കാൻസർ രോഗികൾക്കും ചികിത്സയൊരുക്കാൻ പൊതുമേഖലയെ പ്രാപ്തമാക്കുന്ന പ്രഖ്യാപനങ്ങൾ അടങ്ങിയതാണ് ബജറ്റ്. എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജി വിഭാഗം ഏർപ്പെടുത്തും.

മലബാർ കാൻസർ സെന്ററിനെ ആർസിസി നിലവാരത്തിലേക്ക് ഉയർത്തും. കൊച്ചിയിൽ പുതിയ കാൻസർ സെന്റർ ആരംഭിക്കും.എല്ലാ താലൂക്ക് ആശുപത്രികളിലും ഹൃദയാരോഗ്യ ചികിൽസാ വിഭാഗവും ട്രോമാകെയർ സംവിധാനവും ഏർപ്പെടുത്തും. 550 ഡോക്ടർമാരുടേയും 1385 നഴ്സുമാരുടേയും 876 പാരാമെഡിക്കൽ സ്റ്റാഫിന്റേയും പോസ്റ്റുകൾ സൃഷ്ടിച്ചു.

പൊതു ആരോഗ്യസർവീസിന് 1685 കോടിയും മാനസികാരോഗ്യത്തിന് 17 കോടിയും പ്രഖ്യാപിച്ചു. അടിയന്തര ചികിൽസ ഏർപ്പെടുത്താൻ ഊബർ മാതൃകയിൽ ആംബുലൻസ് സേവനം ഏർപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. ഇതിനുള്ള പണം ലോട്ടറിയിലൂടെ കണ്ടെത്തും. എന്നാൽ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആരോഗ്യ ഇൻഷുറൻസ് മാനദണ്ഡങ്ങൾ കേരളത്തിനു തിരിച്ചടിയായതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

വിശപ്പുരഹിത പദ്ധതി കേരളത്തിൽ വ്യാപിപ്പിക്കും, ക്ഷേമ പെൻഷനിൽ നിന്നും പെൻഷനിൽ അനർഹരെ ഒഴിവാക്കും

സാമൂഹ്യ സുരക്ഷ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുമെന്നും സമ്പൂർണ സാമൂഹിക സുരക്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചു. ആലപ്പുഴയിലെ വിശപ്പുരഹിത പദ്ധതി കേരളത്തിൽ വ്യാപിപ്പിക്കുന്നതിനായി 20 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. ഭക്ഷ്യസുരക്ഷാനിയമം കഴിഞ്ഞ സർക്കാർ വേണ്ട മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയില്ല; ധനമന്ത്രി കുറ്റപ്പെടുത്തി.

സാമൂഹികക്ഷേമ പെൻഷനിൽ അനർഹരെ കണ്ടെത്താൻ നടപടി സ്വീകരിക്കും. ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരെ കണ്ടെത്തി ഒഴിവാക്കും.ആദായനികുതി നൽകുന്നവർക്കൊപ്പം താമസിക്കുന്നവർക്ക് ക്ഷേമപെൻഷൻ നൽകില്ല. മാർച്ച് മാസത്തിനകം അനർഹർ സ്വയം ഒഴിവാകണമെന്നും ധനമന്ത്രി പറഞ്ഞു. തുടർന്ന് ഇത് പരിശോധിക്കാൻ സർവേ നടത്തും. പെൻഷനുള്ള നിബന്ധന പുതുക്കിയിട്ടുണ്ട്. രണ്ടേക്കർ സ്ഥലം, 1200 ചതുരശ്ര അടി വീട്, 1000 സിസി കാറുള്ളവർ, ആദായനികുതി നൽകുന്നവർ എന്നിവർ പെൻഷനിൽനിന്ന് ഒഴിവാകും

അതേസമയം, പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ച ദേശീയ ശരാശരിയേക്കാൾ മികച്ചതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിന്റേത് 7.4 ശതമാനമെങ്കിൽ രാജ്യത്തിന്റേത് 7.1 ശതമാനം മാത്രമാണ്. ഭക്ഷ്യ സബ്സിഡിയായി 954 കോടിരൂപയും നീക്കിവെച്ചു
തെരഞ്ഞെടുക്കപ്പെട്ട റേഷൻ കടകൾ മാർജിൻ ഫ്രീയാക്കും. പട്ടിണി കിടക്കുന്ന ഒരാളും കേരളത്തിൽ ഇല്ലെന്ന് മൂന്ന് വർഷത്തിനുള്ളിൽ ഉറപ്പുവരുത്തും. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് 31 കോടി രൂപ പ്രത്യേകം വകയിരുത്തും. ഇത് റേഷൻ കടകളുടെ നവീകരണത്തിനും ഇ ഗവേണൻസിനും വേണ്ടിയാണ്. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത റേഷൻ കടകളെ മാർജിൻ ഫ്രീ പലചരക്കുകടകളാക്കുമെന്നും ബജറ്റ് വിശദീകരിച്ചു.

കെഎസ്ആർടിസി വിഭജിക്കും, പെൻഷന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ല

കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി കെഎസ്ആർടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്‌മെന്റ് തലത്തിൽ മാറ്റങ്ങൾ വരുത്തും. സമഗ്ര പുനഃസംഘടനയിലൂടെ കെഎസ്ആർടിസിയെ ലാഭകരമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.

അതേസമയം, വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ കെഎസ്ആർടിസിക്കായി 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ പെൻഷന് 720 കോടി രൂപ വേണം. പെൻഷൻ ബാധ്യത ഏറ്റെടുത്താൽ മാത്രം തീരുന്നതല്ല കെഎസ്ആർടിസിയുടെ പ്രതിസന്ധിയെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഭൂനികുതി വർദ്ധിക്കും, പാടങ്ങൾ തരിശിടാതിരിക്കാൻ കർശന നടപടി

ഭൂനികുതി വർദ്ധിപ്പിക്കാൻ ബജറ്റിൽ പ്രഖ്യാപനമുണ്ട്. 2015ൽ കൊണ്ടുവന്ന ഭൂമിനികുതി പുനഃസ്ഥാപിക്കുകയാണ് ഐസക്ക് ചെയ്തത്. നാളികേര വികസനത്തിന് 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതിൽ കേരഗ്രാമം നിർമ്മിക്കുന്നതിനായാണ് 40 കോടി രൂപ നീക്കിവച്ചിരിക്കുന്നത്. തരിശുഭൂമി കൃഷിക്കായി 12 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. തരിശു പാടങ്ങൾ പാടശേഖര സമിതികൾക്കോ സ്വയം സഹായ സംഘങ്ങൾക്കോ നൽകാൻ നിയമംകൊണ്ടു വരും.

മണ്ണിന്റെ സൂക്ഷമ കണങ്ങൾ പരിശോധിക്കുകയും പരിഹാര നടപടികൾക്കുമായി 28 കോടിയും ജൈവകൃഷികൾ, കാർഷികരീതികൾ എന്നിവയുടെ പ്രോത്സാഹനത്തിനായി പത്തുകോടിയും വകയിരുത്തി. ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാൻ 21 കോടി നൽകും.കാർഷികമേഖല തളർച്ചയിലാണെന്നും ധനമന്ത്രി പറഞ്ഞു. കേരള ആഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും. ചെറുകിട സംസ്‌കരണ യൂണിറ്റുകൾക്ക് എട്ടുകോടിയും, സ്വയം സഹായ സംഘങ്ങളുടേയും വ്യക്തികളുടേയും യൂണിറ്റുകൾക്ക് നാലുകോടിയും അനുവദിച്ചു. സഹകരണ സംഘങ്ങളുടേയും കുടുംബശ്രീയുടേയും മറ്റുവിധ സഹകരണസംഘങ്ങൾക്കും 3 കോടി നൽകും.

കശുവണ്ടി വ്യവസായത്തിന് 54.45 കോടി പ്രഖ്യാപിച്ചു. ഇറക്കുമതി തുടരുമെന്നും ആഫ്രിക്കൻ രാജ്യങ്ങളുമായി ചേർന്ന് രാജ്യാന്തര കശുവണ്ടി ബ്രാൻഡ് അവതരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. വിള ആരോഗ്യം ഉറപ്പാക്കാൻ 54 കോടി, ബാംബൂ കോർപ്പറേഷന് 10 കോടി, കൈത്തറി മേഖലയ്ക്ക് 150 കോടി, ഖാദിക്ക് 19 കോടി എന്നിവയും അനുവദിച്ചു.

എകെജിക്ക് ജന്മഗ്രാമമായ പെരളശ്ശേരിയിൽ സ്മാരകം നിർമ്മിക്കും

തിരുവനന്തപുരം: സാംസ്‌കാരിക മേഖലയ്ക്ക് 144 കോടി രൂപ ബജറ്റിൽ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എകെജിക്ക് ജന്മഗ്രാമമായ പെരളശ്ശേരിയിൽ സ്മാരകം നിർമ്മിക്കും. ഇതിനായി 10 കോടി വകയിരുത്തി. എകെജിയെക്കുറിച്ച് പത്നി സുശീല ഗോപാലൻ എഴുതിയ വരികൾ ഉദ്ധരിച്ചായിരുന്നു മന്ത്രി പ്രഖ്യാപനം നടത്തിയത്. എകെജിയുടെ സംഭാവനകളെ കുറിച്ച് പുതിയ തലമുറ അറിയണമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ഒഎൻവി സ്മാരകത്തിന് 5 കോടിയും കേരളാ അറബ് സാംസ്‌കാരിക കേന്ദ്രത്തിന് 10 കോടിയും വകയിരുത്തി. പുന്നപ്ര വയലാർ സ്മാരകത്തിനു 10 കോടിയും തലശേരി പൈതൃക പദ്ധതിക്ക് 40 കോടിയും വകയിരുത്തി.

പുതിയ കാറുകൾ വാങ്ങുന്നതിനു നിയന്ത്രണം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിൽ സർക്കാർ പ്രവർത്തനങ്ങളുടെ ചെലവു കുറയ്ക്കാനുള്ള നടപടികൾക്കു തുടക്കം കുറിച്ചതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഔദ്യോഗിക കൂടിക്കാഴ്ചകൾക്കുള്ള യാത്രാ ചെലവു കുറയ്ക്കാൻ വിഡിയോ കോൺഫറൻസ് സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും വകുപ്പുകൾക്ക് കാറും മറ്റു വാങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയതായും മന്ത്രി സഭയെ അറിയിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 970 കോടി

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 970 കോടിയും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 33 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. കംപ്യൂട്ടർ ലാബുകൾക്ക് 300 കോടി. അക്കാദമിക് നിലവാരം ഉയർത്താൻ 35 കോടി. 500 ൽ അധികം കുട്ടികളുള്ള സ്‌കൂളുകളുടെ നവീകരണത്തിന് ഒരു കോടി രൂപയും വകയിരുത്തി.

സ്‌കൂളുകളുടെ ഡിജിറ്റലൈസേഷൻ ഉടൻ പൂർത്തീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിന്റെ പ്രവർത്തനങ്ങൾക്കായി 33 കോടി നൽകും. 1.4 ലക്ഷം അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ ടിസി വാങ്ങി പൊതുവിദ്യാലയങ്ങളിൽ ചേർന്നത് നേട്ടമാണ്. എല്ലാ സ്‌കൂളുകൾക്കും പഠനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും മാസ്റ്റർ പ്ലാൻ നിർമ്മിക്കും. 45000 ഹൈടെക് ക്ലാസ് മുറികളും ഐടി ലാബുകളും സ്ഥാപിക്കുകയാണ്. ഫെബ്രുവരിമാസം അവസാനിക്കുന്നതിന് മുമ്പ് 20000 ക്ലാസ്മുറികൾ സജ്ജമാക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.