- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിജയ് ബാബു നിർമ്മിച്ച ഹോം സിനിമയെ തഴഞ്ഞു; ഇന്ദ്രൻസിന്റെയും മഞ്ജു പിള്ളയുടെയും അഭിനയ മികവും കണ്ടില്ലെന്ന് നടിച്ചു; വീട്ടിൽ ഒരാൾ തെറ്റു ചെയ്താൽ എല്ലവരെയും ശിക്ഷിക്കണോയെന്ന് ഇന്ദ്രൻസിന്റെ ചോദ്യം; ഉടലിലെ ഷൈനിയെ അനശ്വരമാക്കിയ ദുർഗ കൃഷ്ണയ്ക്കും അവഗണന; സിനിമകൾ ജൂറിക്ക് മുമ്പിലെത്തിക്കാതെ തഴഞ്ഞത് ആര്? ചലച്ചിത്ര അവാർഡിനെ ചൊല്ലി വിവാദം
തിരുവനന്തപുരം: മലയാളത്തിലെ സ്ഥിരം അവാർഡ് നിർണ്ണയ രീതിക്ക് മാറ്റം വന്നിട്ട് അധികം വർഷങ്ങളായില്ല.മുൻനിര സൂപ്പർ താരങ്ങളിൽ മാത്രം ഒതുങ്ങു നിന്നിരുന്ന മികച്ച നടൻ , നടി തുടങ്ങിയ പുരസ്കാരങ്ങൾ സിനിമയിലെ മറ്റു കഥാപാത്രങ്ങളിലേക്കും എത്തിത്തുടങ്ങിയത് സമീപകാലത്തായിരുന്നു. ഏതാണ്ട് ആദമിന്റെ മകൻ അബുവിൽ സലീംകുമാർ നേതിയത് മുതലാണ് പ്രകടമായ മാറ്റം ഇക്കാര്യത്തിൽ കണ്ടുതുടങ്ങിയത്. നായകന്മാരുടെ കാര്യത്തിൽ ഈ മാറ്റം പ്രകടമായപ്പോൾ നായികമാരുടെ കാര്യത്തിൽ അത്രകണ്ട് ഈ മാറ്റം പ്രകടമല്ലായിരുന്നുവെന്ന് വേണം പറയാൻ.
എങ്കിലും ഈ മാറ്റത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്.എന്നാൽ ഇപ്പോഴിത മലയാള സിനിമ സംസ്ഥാനപുരസ്കാരം വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്. ഹോം എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിനെ പരിഗണിക്കാത്തതാണ് സംസ്ഥാന പുരസ്കാരത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വിവാദത്തിലേക്ക് എത്തിക്കുന്നത്.
മറ്റ് അവാർഡുകൾ ഒന്നും തന്നെ ചർച്ചയ്ക്ക് വന്നില്ലെങ്കിലും പുരസ്കാരനേട്ടത്തിൽ ഇന്ദ്രൻസിന്റെ അഭാവം ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനത്തെ തന്നെ നിറം കെടുത്തുന്നുണ്ട്. ഹോം എന്ന ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബുവിന്റെ പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് ചിത്രത്തെ ജൂറി തഴഞ്ഞതെന്നാണ് പരക്കെ ഉയരുന്ന വാദം. ചിത്രത്തെ പരിഗണിച്ചില്ലെങ്കിലും നടനുള്ള പുരസ്കാരത്തിൽ ഇന്ദ്രൻസിനെ കാണാതെ പോകരുതെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വാദം ശക്തമാകുന്നത്.ഇന്ദ്രൻസിനെ മാത്രമല്ല നടി മഞ്ജുപിള്ളയെ തഴഞ്ഞതിലും പ്രതിഷേധം കനക്കുന്നുണ്ട്. അവാർഡ് പ്രഖ്യാപനത്തിന്റെ ആദ്യ മണിക്കുറിൽ ചെറിയ രീതിയിലായിരുന്നു ചർച്ചയെങ്കിലും ഇന്നത്തേക്ക് ഈ വിവാദത്തിന് രാഷ്ട്രീയമാനവും കൈവന്നിട്ടുണ്ട്.
ജൂറിക്കെതിരെയും സർക്കാറിനെതിരെയും നിശതമായ വിമർശനങ്ങളാണ് ഇക്കാര്യത്തിൽ ഉയരുന്നത്.സംവിധായകൻ കഴിഞ്ഞ ദിവസം തന്നെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.ഇതിന് പിന്നാലെ ഇന്ന് രാവിലെയോടെ ഇന്ദ്രൻസും മഞ്ജുപിള്ളയും അടക്കമുള്ളവർ രംഗത്ത് വന്ന് കഴിഞ്ഞു.തനിക്ക് അവാർഡ് ലഭിക്കാത്തതിൽ വിഷമമില്ലെന്നും എന്നാൽ ചിത്രം പുരസ്കാരം അർഹിച്ചിരുന്നുവെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചത്.ജൂറി ചിത്രം കണ്ടുകാണില്ലെന്നും ഒഴിവാക്കാൻ നേരത്തെ കാരണങ്ങൾ കണ്ടുപിടിച്ചിട്ടുണ്ടാവാം എന്നും ഇന്ദ്രൻസ് കുറ്റപ്പെടുത്തി.വീട്ടിലെ ഒരാൾ തെറ്റ് ചെയ്താൽ മുഴുവൻ കുടുംബത്തെയും ശിക്ഷിക്കുമോ എന്നും ഇന്ദ്രൻസ് ചോദിച്ചു.
ഇന്ദ്രൻസിന്റെ വാക്കുകൾ- വ്യക്തിപരമായി എനിക്ക് പുരസ്കാരം ലഭിക്കാത്തതിൽ വിഷമമില്ല. എന്നാൽ സിനിമയെ പൂർണമായി തഴഞ്ഞതെന്തിന് എന്നറിയില്ല. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല. കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു. സിനിമയെ ഒഴിവാക്കാൻ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വീട്ടിലെ ഒരാൾ തെറ്റ് ചെയ്താൽ മുഴുവൻ കുടുംബത്തെയും ശിക്ഷിക്കുമോ. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാൽ ജൂറി വീണ്ടും സിനിമ കാണുമോ ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേർത്തുവയ്ക്കമായിരുന്നില്ലയെന്നും ഇന്ദ്രൻസ് പറഞ്ഞു.
അവാർഡിൽ തഴയപ്പെട്ടതിൽ പ്രതികരണവുമായി മഞ്ജുപിള്ളയും രംഗത്ത് വന്നു.നല്ലൊരു സിനിമ ജൂറി കാണാതെ പോയെന്നും അതിൽ തനിക്ക് വിഷമമുണ്ടെന്നും മഞ്ജു പിള്ള പ്രതികരിച്ചു.
മഞ്ജുപിള്ളയുടെ പ്രതികരണം ഇങ്ങനെ- എന്തെങ്കിലും കാരണത്തിന്റെ പേരിലാണ് ആവാർഡിൽ ഹോമിനെ പരിഗണിക്കാത്തതെങ്കിൽ അത് ശരിയായ കാര്യമല്ലെന്നും മഞ്ജു പിള്ള പറഞ്ഞു. 'നല്ലൊരു സിനിമ കാണാതെ പോയി, അത് എന്തെങ്കിലും കാരണത്തിന്റെ പുറത്താണെങ്കിൽ അത് ശരിയായില്ലെന്ന് മാത്രമേ എനിക്ക് പറയാനുള്ളു. സംവിധായകൻ ഏഴ് വർഷം നെഞ്ചിൽ കൊണ്ട് നടന്ന സിനിമയാണ് ഹോം. നല്ലൊരു സിനിമ കാണാതെ പോയതിലുള്ള വിഷമമുണ്ട്. ഹോം കണ്ടില്ലേ എന്നൊക്കെ തോന്നിപ്പോയി. പിന്നെ ജനങ്ങൾ തന്നൊരു സ്നേഹമുണ്ട് അവർ തന്ന സപ്പോർട്ടുണ്ട് അതുതന്നെയാണ് ഏറ്റവും വലുത്- മഞ്ജു പറഞ്ഞു.
രണ്ടാംദിനത്തിലേക്ക് കടന്നതോടെ വിവാദത്തിന് രാഷ്ട്രീയമാനവും കൈവന്നിട്ടുണ്ട്.ഹോം വിവാദം ഏറ്റെടുത്ത് കോൺഗ്രസ്. അവാർഡ് നിശ്ചയിച്ചതിൽ സർക്കാർ ഇടപെട്ടുവെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഹോം സിനിമയെയും നടൻ ഇന്ദ്രൻസിനെയും തഴഞ്ഞത് മനപ്പൂർവ്വമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞ് അഭിനയിക്കുന്ന സർക്കാരിന് ഓസ്കർ അവാർഡ് നൽകണമെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു. കോൺഗ്രസിനെ തെറി പറയാൻ കിട്ടിയ വേദിയിൽ നന്നായിട്ട് അഭിനയിച്ചവരേ സർക്കാർ പ്രോത്സാഹിപ്പിച്ചുവെന്നും ഷാഫി കുറ്റപ്പെടുത്തി.
അവാർഡ് പ്രഖ്യാപനത്തിന് തൊട്ട്പിന്നാലെത്തന്നെ ഫേസ്ബുക്കിൽ പ്രതികരണവുമായി ഷാഫിപറമ്പിൽ രംഗത്ത് വന്നിരുന്നു.അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ എന്ന് കുറിച്ച ഷാഫി പറമ്പിൽ ഇന്ദ്രൻസിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്.കോൺഗ്രസ്സ് നേതാവ് ടി സിദ്ദിഖും ഇന്ദ്രൻസിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.'ഹൃദയം കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ് അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങളെന്നാണ് ടി സിദ്ദിഖ് കുറിച്ചത്.
നടി രമ്യാ നമ്പീശൻ, ഗീവർഗീസ് കൂറിലോസ് ഉൾപ്പടെ ഒട്ടനവധിപേർ ഇന്ദ്രൻസാണ് പുരസ്കാരത്തിന് അർഹനെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നു.ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച്, ഹോം എന്നും ഞങ്ങളുടെ ഹൃദയത്തിൽ എന്നാണ് രമ്യ കുറിച്ചത്.മലയാള സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മികച്ച അഞ്ചു നടന്മാരിൽ തീർച്ചയായും ഇന്ദ്രൻസ് ഉണ്ടാകും എന്നാണ് എന്റെ പക്ഷം... ജഗതിയെപ്പോലെ ഒരു മഹാനടന് എത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നും നമുക്കറിയാം...ജനങ്ങളുടെ മനസ്സിലെ അംഗീകാരമാണ് യഥാർത്ഥ അവാർഡ്..എന്നായിരുന്നു കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചത്.
ഇതിന് പിന്നാലെ മികച്ച നടിയുടെ പുരസ്കാരത്തിലും വിവാദം ഉയർന്നിട്ടുണ്ട്.2021 ഡിസംബർ വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് ജുറി അവാർഡിനായി പരിഗണിച്ചത്.അങ്ങിനെ നോക്കുമ്പോൾ ഉടൽ എന്ന സിനിമയും ജൂറിക്ക് മുന്നിൽ എത്തിയിട്ടുണ്ട്.ചിത്രത്തിൽ സമാനതകളില്ലാത്ത അഭിനയ പ്രകടനമായിരുന്നു ദുർഗ്ഗ കൃഷ്ണയുടേത്.നെഗറ്റീവ് പരിവേഷമാണെങ്കിലും കഥാപാത്രത്തെ അത്ര തീവ്രതയോടെയാണ് ദുർഗ്ഗ പകർന്നാടിയത്.ഈ പ്രകടനം ജൂറി കാണാതെപോയിയെന്നും വിവാദം ഉയരുന്നുണ്ട്.
വിവാദങ്ങൾക്ക് ചൂട് പിടിച്ചതോടെ പ്രതികരണവുമായി ജൂറി ചെയർമാൻ നേരിട്ട് രംഗത്തെത്തി.ഇന്ദ്രൻസിന്റെ വാദം തെറ്റാണെന്നും എല്ലാ അംഗങ്ങളും സിനിമ കണ്ടതാണെന്നും ഒരു വിഭാഗത്തിലും അവസാനഘട്ടത്തിലേക്ക് ഹോം എത്തിയില്ലെന്നും ചെയർമാൻ പറഞ്ഞു.
സയ്യിദ് മിശ്രയുടെ വാക്കുകൾ- എല്ലാം ജൂറി അംഗങ്ങളും 'ഹോം' സിനിമ കണ്ടതാണെന്ന് സയ്യിദ് മിശ്ര പറഞ്ഞു. വിവാദം അനാവശ്യമാണ്. ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് 'ഹോം' എത്തിയിട്ടില്ല എന്നും ജൂറി ചെയർമാൻ വ്യക്തമാക്കി. അവാർഡുകൾ നിർണയിച്ചതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പൂർണമായും ജൂറിയാണ് അവാർഡുകളെല്ലാം തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ തന്നെ ജൂറി ചെയർമാനോട് ഇത് സംബന്ധിച്ച് വിവരങ്ങൾ മാധ്യമങ്ങൾ ചോദിച്ചിരുന്നു. എന്നാൽ താൻ യാതൊരു വിധത്തിലുള്ള ഇടപെടലുകൾക്കും വശപ്പെട്ടിട്ടില്ലെന്നും വിജയ് ബാബുവിനെ കുറിച്ചുള്ള കേസിന്റെ വിവരം ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണ് ചലച്ചിത്ര അക്കാദമിയും ജൂറിയും. വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്.'ഈ ചോദ്യം ചോദിക്കേണ്ടത് എന്നോടല്ല. ചലച്ചിത്ര അക്കാദമി ചെയർമാനാണെങ്കിലും ജൂറി ചെയർമാനല്ല. ജൂറിയുടെ തീരുമാനമാണിത്. ഹോം എന്ന സിനിമ കണ്ട് ഇന്ദ്രൻസിനെ വിളിച്ച് സംസാരിച്ചിരുന്നു. അതെന്റെ വ്യക്തിപരമായ കാര്യമാണ്. എന്റെ വ്യക്തിപരമായ കാര്യങ്ങൾ പ്രതിഫലിപ്പിക്കാനുള്ള ഇടമല്ല ചലച്ചിത്ര ജൂറി എന്നത്. എനിക്ക് അതിനകത്ത് റോളില്ല', എന്നാണ് രഞ്ജിത്ത് പറഞ്ഞത്.
ജുറിക്കും തീരുമാനത്തിനും പിന്തുണയുമായി ജോയ് മാത്യവും രംഗത്ത് വന്നു.ജൂറി പരിഗണിച്ചവരാരും മോശക്കാരല്ലെന്നും എല്ലാവർക്കും പുരസ്കാരം കൊടുക്കാൻ തികയില്ലെന്നുമായിരുന്നു ജോയ്മാത്യുവിന്റെ പ്രതികരണം.
ജോയ് മാത്യുവിന്റെ വാക്കുകൾ -'എല്ലാവർക്കും അവാർഡ് കൊടുക്കാൻ തികയില്ല. ഇന്ദ്രൻസ് ഒരു നല്ല നടനാണ്, മോശം നടനല്ലെന്ന് നമുക്കൊക്കെ അറിയാം. ഹോം നല്ല സിനിമയാണെന്നും നമുക്ക് അറിയാം. ജ്യൂറിയുടെ തീരുമാനമാണ് അന്തിമം. അതറിഞ്ഞുകൊണ്ടാണല്ലോ അവാർഡിന് അയക്കുന്നത്. ജ്യൂറി തെരഞ്ഞെടുത്തവരും മോശക്കാരല്ല. ആർക്കറിയാം എന്ന ചിത്രത്തിൽ ബിജു മേനോന്റെ മികച്ച പ്രകടനമാണ് നമ്മൾ കണ്ടത്'- ജോയ് മാത്യു പറയുന്നു.
മറുനാടന് ഡെസ്ക്