തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമാമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടനായി ദുൽഖർ സൽമാനെ തിരഞ്ഞെടുത്തു. മികച്ച നടിക്കുള്ള പുരസ്‌കാരം പാർവതിക്കാണ്.

ചാർലിയിലെ അഭിനയത്തിനാണ് ദുൽഖറിനു പുരസ്‌ക്കാരം ലഭിച്ചത്. എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിനാണ് പാർവതിക്ക് അവാർഡ് ലഭിച്ചത്. ചാർലിയുടെ സംവിധായകനായ മാർട്ടിൻ പ്രക്കാട്ടിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന പ്രതീക്ഷിച്ച ജയസൂര്യക്കു ജൂറിയുടെ പ്രത്യേക പുരസ്‌കാരം മാത്രമേയുള്ളൂ.

സനൽ കുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളിയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച രണ്ടാമത്തെ കഥാചിത്രം മനോജ് കാനയുടെ അമീബയാണ്. പുരസ്‌കാര പ്രഖ്യാപനങ്ങളിൽ കൂടുതൽ അവാർഡുകൾ നേടിയത് ചാർലിയും എന്നും നിന്റെ മൊയ്തീനുമാണ്. 73 സിനിമകളാണ് ഇത്തവണ ജൂറിക്ക് മുമ്പിൽ എത്തിയത്. സംവിധായകൻ മോഹൻ അധ്യക്ഷനായ ജൂറി 14നാണ് സ്‌ക്രീനിങ് തുടങ്ങിയത്.

ചാർലിക്ക് എട്ട് അവാർഡുകളും എന്ന് നിന്റെ മൊയ്തീന് ഏഴ് അവാർഡുകളും ലഭിച്ചു. പത്തേമാരി എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടി, എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ അഭിനയത്തിന് പൃഥ്വിരാജ് എന്നിവർ മികച്ച നടന്മാരുടെ പട്ടികയിൽ അവസാന റൗണ്ടിൽ ഉണ്ടായിരുന്നു. ശക്തമായ മത്സരത്തിനൊടുവിലാണു ദുൽഖർ സൽമാൻ മികച്ച നടനുള്ള പുരസ്‌കാരം നേടിയെടുത്തത്.

കാറ്റും മഴയും എന്ന സിനിമയുടെ കഥ ഒരുക്കിയ ഹരികുമാർ മികച്ച കഥാകൃത്തായി. ആർ.എസ്.വിമൽ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീൻ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചാർലിക്ക് തിരക്കഥ ഒരുക്കിയ ആർ.ഉണ്ണി, മാർട്ടിൻ പ്രക്കാട്ട് എന്നിവർ മികച്ച തിരക്കഥാ കൃത്തായി. മനോജ് കാന സംവിധാനം ചെയ്ത 'അമീബ'യാണ് മികച്ച രണ്ടാമത്തെ ചിത്രം. ജയസൂര്യ(സു സു സുധീ വാത്മീകം, ലുക്കാ ചുപ്പി)ക്കു പുറമെ ജോയി മാത്യു(മോഹവലയം), ജോജു ജോർജ് (ഒരു സെക്കൻഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി) എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി.

എന്ന് നിന്റെ നിന്റെ മൊയ്തീൻ, ചാർലി എന്നീ സിനിമകൾക്ക് കാമറ ചലിപ്പിച്ച ജോമോൺ ടി ജോൺ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് നേടി. ലവ് 24X7 എന്ന സിനിമ സംവിധാനം ചെയ്ത ശ്രീബാല കെ.മേനോന് മികച്ച നവാഗത സംവിധായികയ്ക്കുള്ള അവാർഡ് ലഭിച്ചു. നിർണായക എന്ന സിനിമയിലെ അഭിനയത്തിന് പ്രേംപ്രകാശ് മികച്ച സഹനടനായി. ബെൻ എന്ന സിനിമയിലെ അഭിനയത്തിന് അഞ്ജലി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു.

എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിലെ കാത്തിരുന്ന് എന്ന് തുടങ്ങുന്ന ഗാനം രചിച്ച റഫീഖ് അഹമ്മദാണ് മികച്ച ഗാനരചയിതാവ്. ഈ സിനിമയിലെ തന്നെ ശാരദാംബംരം എന്ന ഗാനം ആലപിച്ച പി.ജയചന്ദ്രൻ മികച്ച ഗായകനായി. രമേശ് നാരായണനാണ് മികച്ച സംഗീത സംവിധായകൻ. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ബിജിബാലിനാണ്(പത്തേമാരി, നീന).

ബെൻ എന്ന സിനിമയിലെ അഭിനയത്തിന് മാസ്റ്റർ ഗൗരവ് ജി.മേനോൻ ബാലനടനായും മാൽഗുഡി ഡെയ്‌സിലെ അഭിനയത്തിന് ജാനകി മേനോൻ ബാലനടിയുമായി.

പുരസ്‌കാരങ്ങൾ ഇങ്ങനെയാണ്:

  • മികച്ച നടൻ: ദുൽഖർ സൽമാൻ (ചാർലി)
  • മികച്ച നടി: പാർവതി (ചാർലി, എന്നു നിന്റെ മൊയ്തീൻ)
  • മികച്ച സംവിധായകൻ: മാർട്ടിൻ പ്രക്കാട്ട് (ചാർലി)
  • മികച്ച ചിത്രം: ഒഴിവു ദിവസത്തെ കളി (സംവിധായകൻ: സനൽകുമാർ ശശിധരൻ)
  • കലാമൂല്യമുള്ള ജനപ്രിയ ചിത്രം: എന്നു നിന്റെ മൊയ്തീൻ
  • മികച്ച രണ്ടാമത്തെ ചിത്രം: അമീബ
  • മികച്ച നവാഗത സംവിധായക: ശ്രീബാല കെ മേനോൻ
  • ഛായാഗ്രാഹകൻ: ജോമോൻ ടി ജോൺ (ചാർലി, എന്നു നിന്റെ മൊയ്തീൻ)
  • സംഗീത സംവിധായകൻ: രമേശ് നാരായണൻ (ശാരദാംബരം, എന്നു നിന്റെ മൊയ്തീൻ)
  • പശ്ചാത്തല സംഗീതം: ബിജിബാൽ (പത്തേമാരി, നീന)
  • ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (കാത്തിരുന്നു കാത്തിരുന്നു: എന്നു നിന്റെ മൊയ്തീൻ)
  • മികച്ച ഗായകൻ: പി ജയചന്ദ്രൻ
  • ഗായിക: മധുശ്രീ നാരായണൻ (ഇടവപ്പാതി)
  • മികച്ച തിരക്കഥ: ഉണ്ണി ആർ, മാർട്ടിൻ പ്രക്കാട്ട് (ചാർലി)
  • പിന്നണി ഗായകൻ: പി. ജയചന്ദ്രൻ (ഞാനൊരു മലയാളി)
  • ചിത്രസംയോജകൻ: മനോജ്
  • സ്വഭാവനടൻ: പ്രേം പ്രകാശ് (നിർണായകം)
  • സ്വഭാവനടി: അഞ്ജലി പി.വി (ബെൻ)
  • പ്രത്യേക ജൂറി അവാർഡ് :
    ജയസൂര്യ (ലുക്കാചുപ്പി, സുസു സുധീവാത്മീകം)
    ജോയ് മാത്യൂ (മോഹവലയം)
    ജോജു ജോർജ് (ഒരു സെക്കൻഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി)
    ശ്രേയാ ജയദീപ് (അമർ അക്‌ബർ ആന്റെണി)
  • മികച്ച ബാലതാരം(ആൺ): ഗൗരവ് ജി മേനോൻ (ബെൻ)
  • മികച്ച ബാലതാരം(പെൺ): ജാനകിമേനോൻ (മാൽഗുഡി ഡേയ്‌സ്)
  • കഥാകൃത്ത് : ഹരികുമാർ (കാറ്റും മഴയും)
  • അവലംബിത തിരക്കഥ : റാഫി
  • കലാസംവിധായകൻ : സന്ദീപ് (ചാർളി)
  • ശബ്ദമിശ്രണം :എം.ആർ.രാജാകൃഷണൻ
  • സൗണ്ട് ഡിസൈൻ : രംഗനാഥ് രവി (എന്ന് നിന്റെ മൊയ്തീൻ)
  • മേക്കപ്പ്മാൻ : രാജേഷ് നെന്മാറ (നിർണായകം)
  • നിസാർ വസ്ത്രാലങ്കാരം (ജോ ആൻഡ് ദി ബോയ്)
  • ഡബിങ് ആർട്ടിസ്റ്റ് മെയിൽ ശരത് (ഇടവപ്പാതി)
  • ഫീമെയിൽ എയിഞ്ചൽ ഷിജോയ്
  • ന്യത്തസംവിധാനം ശ്രീജിത്ത് (ജോ ആൻഡ് ദി ബോയി)