സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ പ്രഖ്യാപിക്കുമ്പോൾ പത്തേമാരിയിലെ മികച്ച പ്രകടനവുമായി മമ്മൂട്ടിയും എന്ന് നിന്‌റെ മൊയ്തീനിലെ മികച്ച പ്രകടം കാഴ്‌ച്ചവച്ച പൃഥിരാജു മത്സരരംഗത്ത് മുമ്പന്തിയിൽ.മികച്ച നടിയാകാൻ മത്സരിക്കുന്നവരിൽ പാർവതി, അമലപോൾ, മഞ്ജു വാര്യർ എന്നിവരുമാണ് ഉള്ളത്. രാവിലെ 11 മണിക്കാണ് പുരസകാര പ്രഖ്യാപനം.

ഇതിനകം നിരവധി ചലച്ചിത്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ എന്ന് നിന്റെ മൊയ്തീൻ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലും തിളങ്ങുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. ആദ്യ ഘട്ട റിപ്പോർട്ടുകളിൽ മികച്ച നടൻ, സിനിമ, സംവിധായകൻ, നടി, സംഗീതം എന്നീ വിഭാഗങ്ങളിൽ മൊയ്തീൻ തന്നെയാണ് മുന്നിലുള്ളത്. മികച്ച നടൻ, സംവിധായകൻ, നടി തുടങ്ങിയ പ്രധാന കാറ്റഗറികളിലെല്ലാം മൊയ്തീൻ അവാർഡ് പ്രതീക്ഷിക്കുന്നു. പത്തേമാരിയിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മികച്ച വിജയം സ്വന്തമാക്കിയ ചിത്രം കൂടിയാണിത്.

കുമ്പസാരം, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യയെയും വലിയ ചിറകുള്ള പക്ഷികൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനെയും മികച്ച നടനുള്ള
പുരസ്‌കാരത്തിന് പരിഗണിക്കുന്നുണ്ട്. കാഞ്ചനമാലയെ തിരശീലയിൽ അനശ്വരമാക്കിയ പാർവതിയാണ് മികച്ച നടിമാരുടെ പട്ടികയിൽ മുന്നിലുള്ളത്. ചാർലിയിലെ അഭിനയവും പാർവതിയുടെ സാധ്യത വർധിപ്പിക്കുന്നു. മിലിയിലെ പ്രകടനത്തിന് അമലപോളും റാണി പത്മിനിയിലെ പ്രകടനത്തിന് മഞ്ജു വാര്യരും പട്ടികയിലുണ്ട്.

മൊയ്തീൻ, പത്തേമാരി, വലിയ ചികുള്ള പക്ഷികൾ, മിലി, ചാർലി, നിർണ്ണായകം എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ആർ.എസ് വിമൽ, സലീം അഹമ്മദ്, ഇന്നലെ അന്തരിച്ച രാജേഷ് പിള്ള, ഡോ. ബിജു എന്നിവർ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നു. 73 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സംവിധായകൻ മോഹൻ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിർണ്ണയിക്കുന്നത്.

2015 ൽ തകർത്തോടിയ പ്രേമം ജനപ്രിയ സിനിമയുടെ പട്ടികയിലുണ്ട്. പത്തേമാരി സംവിധാനം ചെയ്ത സലിം അഹമ്മദ്, ഇതേ സിനിമയിൽ ശബ്ദലേഖനത്തിന് റസൂൽ പൂക്കുട്ടി, പശ്ചാത്തല സംഗീതത്തിന് ഗോപി സുന്ദർ, ക്യാമറയ്ക്ക് ജോമോൻ ടി ജോൺ, മധു അമ്പാട്ട്, മധു നീലകണ്ഠൻ എന്നിവരും സംസ്ഥാന പുരസ്‌കാര പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 73 സിനിമകളാണ് ഇത്തവണ ജൂറിക്ക് മുമ്പിൽ എത്തിയത്. സംവിധായകൻ മോഹൻ അധ്യക്ഷനായ ജൂറി 14നാണ് സ്‌ക്രീനിങ്് തുടങ്ങിയത്.