ലണ്ടൻ: ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള യാത്രാ നിരോധനം നിലനിൽക്കുമ്പോഴും ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനായി അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 30 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബ്രിട്ടന്റെ കേന്ദ്രീകൃത ഉന്നത വിദ്യാഭ്യാസ അപേക്ഷാ സിസ്റ്റത്തിൽ നിന്നും ലഭിക്കുന്ന കണക്കാണിത്.

പുതിയ വിദ്യാഭ്യാസ വർഷത്തിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായ ജൂൺ 30 വരെ 9,930 ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജസ് അഡ്‌മിഷൻസ് സെർവീസ് രേഖകൾ പറയുന്നു. കഴിഞ്ഞവർഷം ഇത് 7,640 ആയിരുന്നു. ഇവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ള ബിരുദധാരികളായ വിദ്യാർത്ഥികളാണ്. ഇവർക്ക് അഴ്‌ച്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യുവാനുള്ള അനുവാദമുണ്ടെങ്കിലും പലർക്കും അവർ ആഗ്രഹിക്കുന്ന മേഖലകളിൽ ജോലി ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

ഇവരിൽ മിക്കവരും കെയറർമാരായും ലിവ് ഇൻ കെയറർമാരായും ജോലിനോക്കി ജീവിതം തള്ളിനീക്കുകയാണത്രെ. മാത്രമല്ല, പലരിൽ നിന്നും ലഭിക്കുന്ന ഭക്ഷണവും സംഭാവനകളുമില്ലെങ്കിൽ തീർത്തും ദുരിതപൂർണ്ണമായ ജെവിതമാകും ഇവരുടേതെന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതിനിധി സഭയിൽ ഈയിടെ സമർപ്പിക്കപ്പെട്ട ഒരു റിപ്പോർട്ടനുസരിച്ച് വംശീയ ന്യുനപക്ഷങ്ങൽ, സ്ത്രീകൾ, യുവാക്കൾ, കുറഞ്ഞ വരുമാനമുള്ള ജോലിക്കാർ എന്നിവരെയാണ് കോവിഡ് പ്രതിസന്ധി ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് തൊഴിൽ വിപണി ഉയർത്തെഴുന്നേൽക്കുന്നു എന്ന റിപ്പോർട്ടുകൾ വരുമ്പോഴും കോവിഡ് പൂർവ്വകാലത്തേക്ക് തിരികെയെത്താൻ ഇനിയുമൊരുപാട് സമയമെടുക്കും. കോവിഡ് പ്രതിസന്ധി ബ്രിട്ടന്റെ സർവ്വ മേഖലകളേയും പ്രതികൂലമായി ബാധിച്ചതിനാൽ നിലവിൽ പലയിടങ്ങളിലും വിദ്യാർത്ഥികളെ ജോലിക്കെടുക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇപ്പോൾ കേരളത്തിൽ നിന്നുമെത്തിയ വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും കെയർഹോമുകളിലും, ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും, വെയർഹൗസുകളിലുമൊക്കെയാണ് തൊഴിലെടുക്കുന്നത്. കേരളത്തിലേക്ക് മടങ്ങിപ്പോയിട്ട് ഒന്നും ചെയ്യാനില്ലാത്ത സാഹചര്യത്തിൽ, ഇതുതന്നെ വലിയ കാര്യമാണെന്നാണ് ചിലരെങ്കിലും പറയുന്നത്.

അതിജീവനത്തിനായി ഏതുതരം തൊഴിലെടുക്കാനും തയ്യാറാവുകയാണ് കേരളത്തിൽ നിന്നെത്തിയ വിദ്യാർത്ഥികൾ. സാമ്പത്തികമായി വലിയ നിലയിലല്ലാത്തെ കുടുംബത്തിൽ നിന്നും, സ്റ്റുഡന്റ് ലോണെടുത്ത് പഠനത്തിനെത്തിയ ഒരു വിദ്യാർത്ഥിനി പറഞ്ഞത് താൻ കെയറർ ആയി ജോലിചെയ്യുന്നതിനാൽ കുറഞ്ഞത് ലോൺ തിരിച്ചടക്കാനെങ്കിലും കഴിയുന്നു എന്നാണ്. ഏറെ പ്രശ്നങ്ങൾക്ക് വഴിതെളിക്കാൻ സാധ്യതയുള്ളതാണെങ്കിൽ കൂടി ലിവ് ഇൻ കെയറർ ആയുംജോലിചെയ്യാൻ തയ്യാറായിട്ടുണ്ട് എന്നാണ് ഈ പെൺകുട്ടി വെളിപ്പെടുത്തിയത്.

അതേസമയം എ ആർ യൂണിവേഴ്സിറ്റിയിലെ ചില വിദ്യാർത്ഥികൾ പറയുന്നത് സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് തങ്ങൾ മുന്നോട്ട് പോകുന്നത് എന്നാണ്. ജോലി ലഭിക്കുവാനുള്ള പ്രയാസം തന്നെയാണ് കാരണം. ശരാശരി 15,000 പൗണ്ടാണ് ട്യുഷൻ ഫീസ്. അതായത്, മൂന്നുവർഷത്തെ കോഴ്സിന് 45,000 പൗണ്ട് ഫീസുനല്കണം. സ്റ്റുഡന്റ് ലോണെടുത്ത ഒരു വിദ്യാർത്ഥിക്ക് ശരാശരി 160 പൗണ്ട് എല്ലാ മാസവും തിരിച്ചടവ് ഉണ്ടാകും. അതിനാൽ തന്നെ മിക്ക വിദ്യാർത്ഥികൾക്കും പാർട്ട് ടൈം ജോലികളിൽ ഏർപ്പെടേണ്ടതായി വരും. ഒട്ടുമിക്ക റിക്രൂട്ടിങ് ഏജൻസികളും വിദേശ വിദ്യാർത്ഥികളെ ജോലിക്ക് പരിഗണിക്കാത്ത സാഹചര്യമായതിനാൽ കടകളിലും മറ്റും ജോലിചെയ്താണ് മിക്കവരും ലോൺ തിരിച്ചടയ്ക്കുന്നത്.

കൺസ്ട്രക്ഷൻ എഞ്ചിനീയറിങ് മനേജ്മെന്റിൽ ബിരുദാനന്തര ബിരുദ പഠനത്തിനെത്തിയ ഒരു വിദ്യാർത്ഥി സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമുണ്ടായിട്ടുകൂടി ഒരു നഴ്സിങ് ഹോമിൽ കെയറർ ആയി ജോലി ചെയ്യുകയാണ്. കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ലഭിക്കുവാനുള്ള പ്രയാസം തന്നെ കാരണം. ഇന്ത്യ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടതോടെ ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കിയിരിക്കുന്നു. ഇത് അധികചെലവുണ്ടാക്കുന്നുമുണ്ട്. കൂനിന്മേൽ കുരു എന്നതുപോലെ ഇതും വിദ്യാർത്ഥികളെ ഏറെ വലയ്ക്കുന്നുണ്ട്.