തിരുവനന്തപുരം: ഇത്തവണത്തെ സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിന് കേരളം വേദിയാകും. ലോക വനിതാ ഫുട്ബോളിലെ 4 പ്രമുഖ രാജ്യങ്ങൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബറിൽ കൊച്ചിയിൽ നടത്തും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ദേശീയ ജൂനിയർ, സബ്ജൂനിയർ ചാമ്പ്യൻഷിപ്പുകളും കേരളത്തിൽ നടത്തുമെന്നും കായികമന്ത്രി വി അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഭിഷേക് യാദവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 75 - മത് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് അടുത്ത വർഷം ആദ്യമാണ് നടക്കുക. ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങൾ ഉണ്ടാവും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും. വനിതാ അന്താരാഷ്ട്ര സീനിയർ ടൂർണമെന്റിൽ ആതിഥേയർ എന്ന നിലയിൽ ഇന്ത്യൻ ടീമും പങ്കെടുക്കും. 7 മത്സരങ്ങളാണ് ഉണ്ടാവുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ പങ്കെടുക്കുന്ന ദേശീയ സബ് ജൂനിയർ, ജൂനിയർ ടൂർണമെന്റുകളിൽ ഏകദേശം 40 മത്സരങ്ങൾ വീതം ഉണ്ടാകും.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ അണ്ടർ 16 ടീമിന്റെ ക്യാമ്പ് കേരളത്തിൽ നടത്താൻ എ ഐ എഫ് എഫ് തയ്യാറാണ്. ആഴ്ചയിൽ ഒരു ദിവസം, പ്രാദേശിക ടീമുകൾക്ക് ദേശീയ ടീമുമായി മത്സരിക്കാനും അവസരം നൽകും. ദേശീയ വനിതാ സീനിയർ ടീം ക്യാമ്പും കേരളത്തിൽ നടക്കും.

പ്രാദേശിക തലം മുതൽ സംസ്ഥാനതലം വരെ ബേബി ലീഗും ജൂനിയർ, സീനിയർ ലീഗുകളും സംഘടിപ്പിക്കാൻ എ ഐ എഫ് എഫ് പിന്തുണ നൽകും. ബംഗാളിൽ ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ ജേതാക്കളാകുന്ന ടീമുകൾ ജില്ലാ തലത്തിൽ മത്സരിക്കും. അവിടെ ജേതാക്കളാകുന്ന 14 ടീമുകൾ സംസ്ഥാനതലത്തിൽ മത്സരിക്കും. എ ഐ എഫ് എഫ് ആയിരിക്കും ഈ പദ്ധതിക്ക് മേൽനോട്ടം വഹിക്കുക.

ഫുട്ബോൾ കോച്ചുമാർക്ക് പരിശീലനം നൽകാനുള്ള പരിശീലന ക്ലാസുകൾക്ക് എ ഐ എഫ് എഫ് മുൻകൈയെടുക്കും. കോച്ചിങ്ങ് ലൈസൻസുകൾ ലഭിക്കാൻ പരിശീലകരെ പ്രാപ്തരാക്കുന്നതാകും ഈ ക്ലാസുകൾ. ദേശീയ പരിശീലകരുടെ സേവനം ഉൾപ്പെടെ ഈ ക്ലാസുകളിൽ എ ഐ എഫ് എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. റഫറിമാർക്കുള്ള പരിശീലനത്തിനും സഹകരണം ലഭ്യമാക്കും. കായിക യുവജന കാര്യ ഡയറക്ടർ ജെറോമിക് ജോർജ്,എ ഐ എഫ് എഫ് സ്‌കൗട്ടിങ്ങ് വിഭാഗം ഡയറക്ടർ വിക്രം, കെ എഫ് എ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം റെജിനോൾഡ് വർഗീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.