'നിത്യജീവിതത്തിന്റെ മരവിപ്പുകളിൽ നിന്നും പുതിയ ഒരു ഉണർവിനാൽ ചാർജ് ചെയ്യാനായി കേരളമെന്ന സ്വപ്ന രാജ്യത്തിലേക്കൊരു അവധിക്കാല യാത്ര പോവുക..' ഇത് കേരള ടൂറിസം വകുപ്പിന്റെ ബ്രോഷറിലെ പ്രമോഷൻ വാചകങ്ങളല്ല. മറിച്ച് ബ്രിട്ടനിലെ ദേശീയ ദിനപത്രമായ ഡെയിലി എക്സ്പ്രസിലെ ട്രാവൽ കോളത്തിൽ വന്ന ഫീച്ചറിൽ വന്ന വാചകങ്ങളാണ്. ഇന്ത്യയിലെ പ്രശ്നബാധിത സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ സമാധാനപരമായ കാലാവസ്ഥയും സാഹചര്യവുമാണ് കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്ളതെന്നും അതിനാൽ അവിടേക്ക് അവധിക്കാല യാത്ര പോകുന്നത് തീർത്തും വ്യത്യസ്തമായ അനുഭവമായിരിക്കുമേകുകയെന്നു പത്രം ബ്രിട്ടീഷ് സഞ്ചാരികളോട് നിർദ്ദേശിക്കുന്നു. കൊച്ചിയിലും മാരാരിക്കുളത്തും കുമരകത്തുമുള്ള ഫൈവ് സ്റ്റാർ റിസോർട്ടുകളിൽ താമസിച്ച് കേരളത്തെ അറിയാനാണ് ഫീച്ചർ നിർദ്ദേശം നൽകുന്നത്. അഞ്ച് ദിവസത്തേക്ക് 900 പൗണ്ട് മാത്രമേ നൽകേണ്ടതുള്ളുവെന്നും ഇതിൽ എഴുതിയിരിക്കുന്നു.

അറബിക്കടലിനോട് ചേർന്ന് ട്രോപ്പിക്കൽ മലബാർ തീരത്താണ് ഈ തെക്ക് പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനം സ്ഥിതി ചെയ്യുന്നതെന്നും ഈ ഫീച്ചർ വെളിപ്പെടുത്തുന്നു. ഫോർട്ട് കൊച്ചിയിലെ ബ്രുന്റൻ ബോട്ട് യാർഡിനെ പുകഴ്‌ത്തിയുള്ള വിവരണവും കൊടുത്തിരിക്കുന്നു. കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിന്റെ തിരക്കുകൾ പിന്നിട്ട് അൽപം സഞ്ചരിച്ചാൽ ഈ സ്വപ്നസമാനമായ ഇടത്തിലെത്താമെന്നും വിവരിച്ചിരിക്കുന്നു.കായലിന്റെയും പുഴയുടെയും സാമീപ്യത്താലും ബോട്ടിംഗിനുള്ള സൗകര്യത്താലും ഇവിടെ സഞ്ചാരികൾക്ക് അതുല്യമായ അനുഭവമാണേകുന്നത്. ഇവിടെ നിന്നും പല തരത്തിലുള്ള തനത് ആഹാരങ്ങളുടെ രുചി നുകരുന്നതും മറക്കാനാവില്ലെന്ന് ബ്രിട്ടീഷ് സഞ്ചാരികളോട് പത്രം നിർദ്ദേശിക്കുന്നു. അടുത്തുള്ള ചീനവലകൾക്കരികിലേക്ക് പോയാൽ അത് അതുല്യമായ ഇന്ത്യൻ ജീവിതത്തെ അടുത്തറിയുന്ന അവസരമാകുമെന്നും റിപ്പോർട്ടുണ്ട്. 15ാനൂറ്റാണ്ട് മുതലുള്ള മീൻപിടിത്ത സമ്പ്രദായമാണിതെന്നും ഡെയിലി എക്സ്പ്രസ് എഴുതിയിരിക്കുന്നു.

അതിഥി ദേവോ ഭവ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ടൂറിസ്റ്റുകളെ സ്വീകരിക്കുന്നവരാണ് കേരളത്തിലുള്ളവരെന്നും മാരാരി ബീച്ച് റിസോർട്ടിലേക്കുള്ള യാത്രാ മധ്യേ ഇത്തരം അനുഭവം തങ്ങൾക്കുണ്ടായെന്നും ഈ ഫീച്ചറെഴുതിയ ക്ലൗഡിയ കുസ്‌കെല്ലി വെളിപ്പെടുത്തുന്നു. ഈ റിസോർട്ടിലെത്തുന്നവരെ ഇവിടെയുള്ളവർ ഇളനീർ നൽകിയാണ് സ്വീകരിക്കുന്നതെന്നും ഇവിടെയുള്ളവർ നല്ല ആതിഥ്യമര്യാദയുള്ളവരാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഈ റിസോർട്ടിലെ റൂമുകൾ കേരളീയ പാരമ്പര്യമുയർത്തിപ്പിടിക്കുന്നുവെന്നും സൂചനയുണ്ട്. കേരളീയ രീതിയിൽ മാരാരിക്കുളത്ത് ലഭിക്കുന്ന വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളും രാവിലത്തെ യോഗക്ലാസും വൈകുന്നേരത്തെ ധ്യാനക്ലാസും മറക്കാനാവാത്ത അനുഭവമാണെന്നും കുസ്‌കെല്ലി എഴുതിയിരിക്കുന്നു. ദഹനം വർധിപ്പിക്കാനും ടെൻഷ ൻ കുറയ്ക്കാനും ഇത്തരം പുരാതന രീതികൾ ഉപകരിക്കുമെന്നും ഡെയിലി എക്സ്പ്രസ് എഴുതുന്നു.

കുമരകത്തെ ഹൗസ് ബോട്ടുകളിലെ സഞ്ചാരം ബ്രിട്ടീഷ് സഞ്ചാരികൾക്ക് മറ്റെവിടെ നിന്നും ലഭിക്കാത്ത അനുഭവമായിരിക്കുമെന്നും വേമ്പനാട്ട് കായലിലൂടെ ഇത്തരം ഹൗസ് ബോട്ടുകളിൽ സഞ്ചരിക്കനും ഒരു രാത്രി കഴിച്ച് കൂട്ടാനും കേരളം സന്ദർശിക്കാനും ബ്രിട്ടീഷ് സഞ്ചാരികളോട് ഈ ഫീച്ചർ നിർദ്ദേശിക്കുന്നു. കുമരകത്ത് കായയിലൂടെ മാത്രം സഞ്ചരിച്ചാൽ എത്താൻ സാധിക്കുന്ന ഒരു റിസോർട്ടിനെയും ഈ ഫീച്ചറിൽ പ്രശംസിക്കുന്നുണ്ട്. പരമ്പരാഗത കേരള വീടുകളുടെ മാതൃകയിലാണിവിടുത്തെ മുറികളുള്ളത്.