- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിപ്പിക്കാൻ കോഴ്സില്ലാതിരുന്നിട്ടും രസതന്ത്രം അദ്ധ്യാപികയെ കുന്നംകുളം വിവേകാനന്ദ കോളജിലെ പ്രിൻസിപ്പലാക്കി; ഉണ്ടായിരുന്ന പ്രിൻസിപ്പലിനെ പുകച്ചു ചാടിച്ച് ബിന്ദുവിന് അധിക ചുമതല നൽകി; ബിന്ദു മന്ത്രിയായപ്പോൾ ശോഭയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധിയും; കേരള വർമ്മയിൽ യോഗ്യതകൾ സ്ഥാനമില്ല; വീണ്ടും പ്രിൻസിപ്പൽ വിവാദം
തൃശൂർ: യോഗ്യതയല്ലെ പ്രധാനം കേരള വർമ്മയിൽ രാഷ്ട്രീയത്തിനാണ് മുൻതൂക്കം. അതുകൊണ്ട് തന്നെ എല്ലാ യോഗ്യതയുമുണ്ടെങ്കിലും ടിഡി ശോഭയെ കോളേജ് പ്രിൻസിപ്പലാക്കില്ല. നേരത്തെയുണ്ടായിരുന്ന പ്രിൻസിപ്പലിനെ രാജിവയ്‌പ്പിച്ച് പ്രഫ ബിന്ദുവിന് പ്രിൻസിപ്പലിന്റെ ചുമതല നൽകിയ അതേ കളികൾ വീണ്ടും കേരളവർമ്മയിൽ നടക്കുകയാണ്. ഹൈക്കോടതിയുടെ ഇടപെടലാകും ഇനി നിർണ്ണായകം.
കുന്നംകുളം വിവേകാനന്ദ കോളജിലെ പ്രിൻസിപ്പലിനെ കേരളവർമ കോളജിൽ നിയമിക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി വിധി മറികടക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രിൻസിപ്പൽ നിയമനത്തിനു നേരിട്ട് അഭിമുഖം നടത്തുകയാണ്. വിവേകാനന്ദ കോളജ് പ്രിൻസിപ്പലായി നിയമിക്കപ്പെട്ട ടി.ഡി. ശോഭയെ കേരള വർമ കോളജ് പ്രിൻസിപ്പലായി നിയമിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ജൂലൈയിൽ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇത് അട്ടിമറിക്കാനാണ് പുതിയ തന്ത്രം. ഇതിന് വേണ്ടിയാണ് ഇതുവരെയില്ലാത്ത നേരിട്ടുള്ള പ്രിൻസിപ്പൽ തിരഞ്ഞെടുപ്പ്. ടി.ഡി. ശോഭയ്ക്കും അഭിമുഖത്തിൽ പങ്കെടുക്കാമെന്നാണ് മാനേജ്‌മെന്റ് നിലപാട്.
അഭിമുഖത്തിൽ മാർക്ക് കുറച്ചിട്ട് ശോഭയെ അയോഗ്യരാക്കും. അതിന് ശേഷം ഇഷ്ടക്കാരെ പ്രിൻസിപ്പാളുമാക്കും. കേരള വർമ കോളജ് വിഷയം കോടതി തീർപ്പാക്കിയതിനാൽ വിവേകാനന്ദ കോളജിൽ ജീവനക്കാരുടെ ശമ്പളം പിൻവലിക്കാൻ ടി.ഡി. ശോഭയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള താൽക്കാലിക ഉത്തരവ് റദ്ദാകുകയും ചെയ്തു. ഇതോടെ അവിടെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം മുടങ്ങുമെന്ന ആശങ്കയുമുണ്ട്.
കേരള വർമ കോളജ് അദ്ധ്യാപികയായിരുന്ന ടി.ഡി. ശോഭയെ സ്ഥലം മാറ്റി 2019 ഏപ്രിലിൽ വിവേകാനന്ദ കോളജിൽ പ്രിൻസിപ്പലാക്കിയത് അന്നേ വിവാദമായിരുന്നു. രസതന്ത്രം അദ്ധ്യാപികയായ ടി.ഡി. ശോഭയ്ക്ക് പഠിപ്പിക്കാൻ അവിടെ കോഴ്‌സില്ലാത്തതിനാൽ പ്രിൻസിപ്പൽ തസ്തികയിൽ അംഗീകാരം ലഭിക്കില്ല. കേരള വർമ്മയിൽ ശോഭ പ്രിൻസിപ്പൽ ആകാതിരിക്കാനായിരുന്നു ഈ നീക്കം. ഇതിനെതിരെ നിയമ പോരാട്ടവും നടത്തി.
തന്നെ കേരള വർമ കോളജിലേക്കു മാറ്റണമെന്ന ശോഭയുടെ ആവശ്യം കൊച്ചിൻ ദേവസ്വം ബോർഡ് പരിഗണിക്കാത്ത സാഹചര്യത്തിലായിരുന്നു കേസ്. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയിൽ നേരത്തേ പ്രവർത്തിച്ചിരുന്ന ശോഭയെ കേരള വർമ കോളജിൽ പ്രിൻസിപ്പൽ ആക്കാതിരിക്കാൻ എന്തും ചെയ്യുകയെന്ന നിലപാടാണ് സിപിഎം നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് കൈക്കൊള്ളുന്നതെന്ന് ആരോപണവും ശക്തമായി. ശോഭ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇവരെ കേരള വർമ കോളജിൽ പ്രിൻസിപ്പലായി നിയമിക്കുന്ന കാര്യത്തിൽ 45 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി 2021 ജൂലൈയിൽ നിർദേശിച്ചു.
പ്രിൻസിപ്പൽ ആകാനുള്ള യോഗ്യത വ്യക്തമാക്കാൻ ശോഭയെ ദേവസ്വം ബോർഡ് ഓഫിസിലേക്കു വിളിച്ചു വരുത്തി. രണ്ടു വർഷം മുൻപ് ദേവസ്വം ബോർഡ് തന്നെ പ്രിൻസിപ്പൽ ആക്കിയ അദ്ധ്യാപികയുടെ യോഗ്യതയാണ് ബോർഡ് പരിശോധിക്കാൻ ശ്രമിച്ചത്. ഇതിനൊപ്പം വിധി നടപ്പാക്കാൻ രണ്ടു മാസത്തെ സമയം നീട്ടി ചോദിച്ച് മാനേജ്‌മെന്റ് സെപ്റ്റംബർ 17ന് കത്തെഴുതി. ഹൈക്കോടതി വിധി നടപ്പാക്കാതെ സമയം നീട്ടിക്കൊണ്ടുപോകാനായിരുന്നു ഈ നീക്കം.
ഇതും ചോദ്യം ചെയ്യപ്പെടും എന്നു വന്നതോടെയാണ് പ്രിൻസിപ്പൽ നിയമനത്തിനു നേരിട്ടുള്ള ഇന്റർവ്യൂ നടത്തുകയാണെന്നും അതിൽ ടി.ഡി.ശോഭയ്ക്കും പങ്കെടുക്കാമെന്നും മാനേജ്‌മെന്റ് കോടതിയെ അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ