- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണ്; മനസ്സു പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല; ഗവർണറുടെ വിമർശനത്തിന് കേരള സർവകലാശാല വിസിയുടെ മറുപടി
തിരുവനന്തപുരം: രണ്ടുവരി തെറ്റില്ലാതെ എഴുതാൻ അറിയില്ല എന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് മറുപടിയുമായി കേരള സർവകലാശാല വിസി പ്രൊഫ. വി.പി.മഹാദേവൻ പിള്ള. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങും തെറ്റാതിരിക്കാൻ താൻ പരമാവധി ജാഗരൂകനാണെന്ന് വിസി പ്രസ്താവനയിൽ പറഞ്ഞു.മനസ്സു പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താൻ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ലെന്നും വിസി പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കേരള സർവകലാശാല വിസിക്കെതിരെ ഗവർണർ രൂക്ഷ വിമർശനം അഴിച്ചുവിട്ടത്. ലജ്ജാകരമായ ഭാഷയാണ് വിസി ഉപയോഗിച്ചത്. ഇങ്ങനെയാണോ ഒരു വൈസ് ചാൻസലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയെന്ന് ഗവർണർ പറഞ്ഞു.
വിസിയുമായുള്ള കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്ന കാര്യം നിർദ്ദേശിച്ചത്. കാലങ്ങളായി കോൺവൊക്കേഷൻ നടക്കുന്നില്ല എന്ന വിദ്യാർത്ഥികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഇങ്ങനെയൊരു ചടങ്ങ് നടത്താൻ താൻ നിർദ്ദേശം മുന്നോട്ടുവെച്ചത്.
കേരള സർവകലാശാല രാജ്യത്തെ ഏറ്റവും പഴക്കമുള്ള സർവകലാശാലകളിലൊന്നാണ്. അതുകൊണ്ടുതന്നെ ആ ചടങ്ങിലേക്ക് രാജ്യത്തെ ഏറ്റവും ഉന്നതനായ വ്യക്തി തന്നെ വരണമെന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് രാഷ്ടപതിയുടെ പേര് നിർദ്ദേശിച്ചത്. രാഷ്ട്രപതിയെ ബോധ്യപ്പെടുത്തി അദ്ദേഹത്തെ കൊണ്ടുവരാനാണ് ശ്രമിച്ചത്.
എന്നാൽ തന്റെ നിർദ്ദേശം തള്ളുകയാണ് വിസി ചെയ്തത്. സിൻഡിക്കേറ്റിലെ അംഗങ്ങൾ എതിർക്കുന്നതായി അറിയിച്ചു. ഇക്കാര്യത്തിൽ രേഖാമൂലം വിശദീകരണം തരാൻ താൻ ആവശ്യപ്പെട്ടു. എന്നാൽ അതിന് തയ്യാറായില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോഗം വിളിക്കാൻ നിർദ്ദേശിച്ചെങ്കിലും അതിനും തയ്യാറായില്ല.
സിൻഡിക്കേറ്റ് യോഗം വിളിച്ചാണ് വിസി തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാൽ മറ്റാരുടേയോ നിർദ്ദേശ പ്രകാരമാണ് അദ്ദേഹം മറുപടി നൽകിയത്. ഡിസംബർ 5 നാണ് മറുപടി ലഭിച്ചത്. അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു. എന്നാൽ മുഖ്യമന്ത്രിയുമായി സംസാരിക്കാനായില്ല. തുടർന്ന് വൈസ് ചാൻസിലറെ വിളിച്ചു. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് ഡി-ലിറ്റ് നൽകാനാവില്ലെന്ന മറുപടി നൽകിയതെന്ന് വിസി അറിയിച്ചു.
പക്ഷേ സിൻഡിക്കേറ്റ് യോഗം വിളിക്കാനുള്ള നിർദ്ദേശം പാലിച്ചിരുന്നില്ല. ചാൻസലർ എന്ന നിലയിൽ എന്നെ ധിക്കരിക്കുകയാണ് ചെയ്തത്. താൻ ഇതുവരെ കടുത്ത നടപടി എടുത്തിട്ടില്ല. താൻ ചാൻസലർ പദവിയിൽ തുടരുകയാണെങ്കിൽ ഇനി അത് പറ്റില്ല. കർശന നടപടിയെടുക്കും. ഗവർണറുടെ വിശ്വാസം ഇല്ലാത്ത ഒരാൾക്ക് ആ പദവിയിൽ തുടരാനാകില്ലെന്ന് ഗവർണർ പറഞ്ഞിരുന്നു.
കണ്ണൂർ വിസി പുനർ നിയമനം നിയമവിരുദ്ധമായിരുന്നില്ലെന്നും ഗവർണർ പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാത്തതായിരുന്നു പ്രശ്‌നം. സർക്കാർ നൽകിയ മറുപടി അംഗീകരിക്കുന്നില്ല. ചാൻസലർ പദവിയിലേക്കുള്ള തിരിച്ചുവരവിൽ കാത്തിരുന്ന് മാത്രം തീരുമാനം. തിരിച്ചുവന്നാൽ തിരുത്തൽ ശക്തിയായി പ്രവർത്തിക്കും. ആഭ്യന്തര തർക്കങ്ങളിൽ നിന്നും തലയൂരാൻ പ്രതിപക്ഷം തന്നെ കരുവാക്കുകയാണെന്നും ഗവർണർ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ