ന്യൂഡൽഹി: ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി നാഷണൽ കൗൺസിൽ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ വിൻസന്റ് എച്ച് പാല എംപി ഡിസംബർ 5,6 തീയതികളിൽ കേരളം സന്ദർശിക്കുന്നു. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതാണ്. ഡിസംബർ 6ന് രാവിലെ 9:30ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി അല്മായ കൗൺസിൽ ചെയർമാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാർ മാത്യു അറയ്ക്കലിനെ സന്ദർശിക്കുന്നതാണ്.

ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ, നാഷണൽ കോർഡിനേറ്റർ സിറിൾ സഞ്ജു ജോർജ്ജ് എന്നിവർ പങ്കെടുക്കും. ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ ശക്തിപ്പെടുത്തുന്നതിന്റെയും 2015 മെയ് മാസം ഡൽഹിയിൽ ചേരുന്ന നാഷണൽ ക്രിസ്ത്യൻ കോൺഫറൻസിന്റെയും മുന്നോടിയായിട്ടാണ് സന്ദർശനം.

ദേശീയ തലത്തിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ ഐക്യവും കൂട്ടായ പ്രവർത്തനവും വളരെ അടിയന്തര വിഷയമാണെന്നും വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ നേതൃത്വങ്ങളുമായുള്ള കൂടിക്കാഴ്ചകളും ചർച്ചകളും അതിനുള്ള വഴിയൊരുക്കുമെന്നും ദേശീയ കോർഡിനേറ്റർ സിറിൾ സഞ്ജു ജോർജ് പറഞ്ഞു.