- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നൽകുന്ന വാക്സിൻ സൗജന്യമായിട്ടായിരിക്കും; ആരിൽ നിന്നും കാശ് ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല; സംസ്ഥാനത്ത് കോവിഡ് വാക്സിന് പൊതുജനങ്ങൾ പണം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി; വാക്സിൻ ലഭ്യതയിൽ ആശങ്കയും പ്രകടിപ്പിച്ച് പിണറായി വിജയൻ
കണ്ണൂർ: കേരളത്തിൽ കോവിഡ് വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനേഷന്റെ പേരിൽ ആരിൽ നിന്നും പണം ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "എത്ര കണ്ട് വാക്സിൻ ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്. എന്നാൽ കേരളത്തിൽ നൽകുന്ന വാക്സിൻ സൗജന്യമായിട്ടായിരിക്കും. ആരിൽ നിന്നും കാശ് ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല", മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ഇപ്പോൾ ഒരേ സമയം ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 60000 ൽ താഴെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാൽപത് ശതമാനത്തോളം കുറവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. ഇത് ആശ്വാസകരമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് രോഗകാരണമായോ എന്ന് അറിയാൻ ഇനിയും ദിവസങ്ങൾ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ മരണ സംഖ്യ വളരെ കുറവാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ പത്തിൽ താഴെ വന്നു. തദ്ദേശ തെരഞ്ഞെടുപ്പ് രോഗ വ്യാപനം ഉണ്ടാക്കിയില്ലെങ്കിൽ ഈ ട്രെന്റ് തുടരും. അത് നമ്മുടെ ജാഗ്രതയുടെ കൂടി ഫലമാണ്.
എല്ലാവരും അതിവ ജാഗ്രതയോടെ ഇടപെടണം. പോസ്റ്റ് കോവിഡ് അവസ്ഥയെ കുറിച്ചും ജാഗ്രത ഉണ്ടാകണം. രോഗ ബാധക്ക് ശേഷം മൂന്നാഴ്ചയോളം ശാരീരിക അവശത തുടരും. അതിന് ശേഷവും അനാരോഗ്യം ഉണ്ടെങ്കിൽ അത് ഗൗരവമായി എടുക്കണം. മൂന്ന് മാസത്തിലേറെ നീണ്ടു നിൽക്കുന്നെങ്കിൽ അത് ക്രോണിക്ക് കോവിഡ് സിൻഡ്രോം ആണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡാനന്തര അവസ്ഥ അനുഭവിക്കുന്നവർ മതിയായ വിശ്രമവും ചികിത്സയും സ്വീകരിക്കണം. തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പൊലീസുകാർക്ക് ആവശ്യമെങ്കിൽ കോവിഡ് ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ചു. രോഗ വ്യാപനം ഉള്ള സ്ഥലത്ത് ഡ്യൂട്ടി ചെയ്യുന്നവർ ബാരക്കിൽ തന്നെ നിരീക്ഷണത്തിൽ കഴിയണം. മൂന്നാം ഘട്ടത്തിൽ 2911 ബൂത്തുകളാണ് പ്രശ്നബാധിതമായി ഉള്ളത്. ഇവിടങ്ങളിൽ പ്രത്യേക പട്രോളിങ് ഉണ്ടാകും. സമാനമായ സുരക്ഷ വോട്ടെണ്ണലിനും ഉണ്ടാക്കും. തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. സംഘടിതമായ അപവാദ പ്രചാരണങ്ങളെ മറികടന്ന് ജനക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നേറുന്നത് ജനപിന്തുണ കൊണ്ടാണ്. എന്ത് ത്യാഗം സഹിച്ചും ഇതുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരമലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് ബിജെപി ദേശീയ നേതൃത്വത്തെ സ്വാധീനിക്കാൻ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമം നടക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ച് തള്ളി. വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്നതാണ് നില. കുറച്ച് ഗൗരവത്തോടെ കാര്യങ്ങൾ കാണുന്നതും പ്രതികരിക്കുന്നതും നല്ലതാവുമെന്നും മുഖ്യമന്ത്രി മുല്ലപ്പള്ളിക്ക് മറുപടി നൽകി. പ്രചരണത്തിന് മുഖ്യമന്ത്രി രംഗത്തില്ല എന്ന പ്രതിപക്ഷ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. "പ്രചരണം എന്നാൽ യോഗം നടക്കുക എന്നതാണ്. അത് കോവിഡ് കാലത്ത് അഭികാമ്യമല്ല. തിരഞ്ഞെടുപ്പ് യോഗത്തിൽ ആള് കൂടിയാൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ ഇത്രയാളുകൾ എന്ന പഴി ഞാൻ കേൾക്കേണ്ടി വരും. ഓൺലൈനായി പ്രചാരണം നടത്തിയിട്ടുണ്ട്. ജനങ്ങളിൽ നിന്ന് ഞാനോ എന്നിൽ നിന്ന് ജനങ്ങളോ അകന്നിട്ടില്ല". ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് വേവലാതികൊണ്ടല്ലെന്നും പകരം എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിൻ വിതരണത്തിന് മാർഗരേഖ
നേരത്തേ, കേന്ദ്രസർക്കാർ വാക്സിൻ കുത്തിവെയ്പ് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറിയിരുന്നു. കേന്ദ്ര മാർഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരുകൾ ക്രമീകരണങ്ങൾ സജ്ജമാക്കേണ്ടത്. ഓരോ വാക്സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേർക്ക് മാത്രമായിരിക്കും വാക്സിൻ കുത്തിവെക്കുക. ആരോഗ്യപ്രവർത്തകർ ഉൾപ്പടെ അഞ്ചുപേർ മാത്രമായിരിക്കും വാക്സിൻ കുത്തിവെപ്പുകേന്ദ്രത്തിലുണ്ടായിരിക്കുക. വാക്സിൻ കേന്ദ്രത്തിന് മൂന്നുമുറികൾ ഉണ്ടായിരിക്കണം. ആദ്യമുറി വാക്സിൻ സ്വീകരിക്കാൻ വരുന്നവർക്കുള്ള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുള്ളൂ. തുടർന്ന് വാക്സിൻ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും. അരമണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങളോ, പാർശ്വഫലങ്ങളോ കാണിക്കുകയാണെങ്കിൽ അവരെ നേരത്തേ നിശ്ചയിച്ചിട്ടുള്ള ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാൻ മാർഗനിർദ്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രതിരോധ വാക്സിൻ വിതരണം നേരത്തേ ആരംഭിച്ച ബ്രിട്ടണിൽ കുത്തിവെപ്പിനുശേഷം ഒരാളെ പത്തുമിനിട്ട് നേരം മാത്രമാണ് നിരീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ അത് അരമണിക്കൂറായാണ് നീട്ടുന്നത്. ഇക്കാരണത്താലാണ് വാക്സിൻ വിതരണം ഒരു കേന്ദ്രത്തിൽ പ്രതിദിനം നൂറുപേർക്ക് എന്ന തോതിൽ ക്രമപ്പെടുത്തിയിരിക്കുന്നത്. കമ്യുണിറ്റി ഹാളുകൾക്ക് പുറമെ താത്കാലികമായി നിർമ്മിക്കുന്ന ടെന്റുകളിലും വാക്സിൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്