തിരുവനന്തപുരം: വനിതാ കമ്മീഷൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച മെഗാ അദാലത്തിൽ നാടകീയ സംഭവങ്ങളുടെ അധിപ്രസരം. ഡിവൈഎസ്‌പിയായ ഭർത്താവിനെ സ്ത്രീ ബ്ലാക്‌മെയിൽ ചെയ്യുന്നുവെന്നാരോപിച്ച് ഭാര്യയെത്തിയതും ഭർത്താവിന്റെ പരസ്ത്രീബന്ധം ആരോപിച്ചെത്തിയ ഭാര്യയ്ക്ക് ആരോപണവിധേയയുടെ മർദനമേറ്റതും ശ്രദ്ധേയമായി.

ക്രൈം റിക്കാർഡ്‌സ് ബ്യൂറോയിൽ ജോലി ചെയ്യുന്ന ഡിവൈഎസ്‌പിയുടെ ഭാര്യയാണ് ബ്ലാക് മെയിലിങ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. തന്നിൽനിന്ന് ആരോപണവിധേയ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് ഡിവൈഎസ്‌പിയും ബോധിപ്പിച്ചു. എന്നാൽ ഡിവൈഎസ്‌പി 16 വർഷമായി തനിക്കൊപ്പം കഴിയുകയാണെന്നും കാറും വീടുമൊക്കെ വാങ്ങിത്തന്നിട്ടുണ്ടെന്നുമായിരുന്നു ആരോപണവിധേയയുടെ മറുപടി. ഡിവൈഎസ്‌പിയുടെ റിക്കാർഡ് ചെയ്ത ഫോൺ സംഭാഷണങ്ങളും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ആരോപണവിധേയ ഹാജരാക്കി. കമ്മീഷനു മുന്നിലെ വാദപ്രതിവാദങ്ങൾ ബഹളത്തിലേക്കു മാറുകയും ചെയ്തു. വിഷയത്തിൽ മൂന്നു കേസുകൾ കോടതിയുടെ പരിഗണനയിലുണ്ട്. കോതിവിധി വന്നിട്ട് തീരുമാനമെടുക്കാമെന്ന് കമ്മീഷൻ നിലപാടു സ്വീകരിച്ചു.

ഭർത്താവിന്റെ പരസ്ത്രീബന്ധത്തെക്കുറിച്ച് പരാതി നല്കാനെത്തിയ വർക്കല സ്വദേശിനിക്കാണ് അദാലത്തിനിടെ മർദനമേറ്റത്. ഡ്രൈവറായ ഭർത്താവ് ആറു വർഷമായി മറ്റൊരു സ്ത്രീയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്നായിരുന്നു ഇവരുടെ പരാതി. മകൾക്കൊപ്പമാണ് ഇവർ എത്തിയത്. ആരോപണ വിധേയയായ സ്ത്രീയാണ് തന്നെ മകൾക്കു മുന്നിൽവച്ചു മർദിച്ചതെന്ന് ഇവർ പരാതിപ്പെട്ടു.

ഭർത്താവിന്റെ രണ്ടാം ഭാര്യയുടെ വധഭീഷണിയിൽനിന്ന് സംരക്ഷണം തേടി പാറശാല സ്വദേശിനി വനിതാ കമ്മീഷന്റെ സംരക്ഷണം തേടിയെത്തിയ സംഭവവും അദാലത്തിനിടെ അരങ്ങേറി. വിവാഹിതയായ മറ്റൊരു സ്ത്രീയെ ഭർത്താവ് വിവാഹം കഴിച്ചുവെന്ന് ഇവർ ആരോപിച്ചു. ഇതിന്റെ പേരിൽ തനിക്ക് പീഡനങ്ങൾ ഏൽക്കേണ്ടിവരുന്നു. ഭർത്താവ് രണ്ടാം ഭാര്യയ്‌ക്കൊപ്പം മസ്‌കറ്റിലേക്കു കടക്കാനൊരുങ്ങുകയാണ്. വിഷയത്തിൽ നെയ്യാറ്റിൻകര കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും യുവതി അറിയിച്ചു.

കമ്മിഷൻ ചെയർപേഴ്സൺ കെ.സി.റോസക്കുട്ടിയുടെ അധ്യക്ഷതയിലാണ് അദാലത്ത് നടന്നത്. അദാലത്തിൽ പരിഗണിച്ച 120 പരാതികളിൽ 47 എണ്ണം വനിതാ കമ്മീഷൻ തീർപ്പാക്കി. അഞ്ചു പരാതികൾ പൊലിസ് റിപ്പോർട്ടിന് അയച്ചു. രണ്ടെണ്ണം കൗൺസിലിങ്ങിനും വിട്ടു. 34 കേസുകളിൽ ഇരുകക്ഷികളും ഹാജരായില്ല. ഒറ്റകക്ഷികൾ മാത്രം ഹാജരായ 32 കേസുകൾ അടുത്ത അദാലത്തിലേക്കു മാറ്റിവച്ചു.